അഹമ്മദാബാദ്: ടി20 ലോകകപ്പ് സൂപ്പര്‍ എട്ടില്‍ ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ തോൽവിയിൽ ഇന്ത്യൻ ടീം ഏറ്റവും കൂടുതൽ വിമർശനം കേൾക്കുന്നത് പ്ലെയിങ് 11 തെരഞ്ഞെടുപ്പിലെ വീഴ്ചയാണ്. വൈസ് ക്യാപ്റ്റൻ അക്ഷർ പട്ടേലിനെ ആദ്യ പതിനൊന്നിൽ നിന്ന് ഒഴിവാക്കിയതും ഒപ്പം ടോപ് ഓർഡറിലെ ബാറ്റർമാരിൽ ഒരു മാറ്റം വരുത്താൻ ടീം മാനേജ്‍മെന്റ് തയ്യാറാകാഞ്ഞതും തിരിച്ചടി ആയെന്നാണ് പ്രധാന വിമർശനം.അക്ഷർ പട്ടേലിന് പകരം വാഷിങ്ടൺ സുന്ദറിനെ ഉൾപ്പെടുത്തിയത് ടീം മാനേജ്‍മെന്റിന്റെ തീരുമാനം ആണെന്ന് സഹ പരിശീലകന്‍ വ്യക്തമാക്കി.“പ്ലേയിങ് ഇലവനെക്കുറിച്ച് ഞങ്ങൾ ദീർഘനേരം ചർച്ച ചെയ്തു. ദക്ഷിണാഫ്രിക്കയുടെ ടോപ് ഓർഡറിന്റെ ഭീഷണിയെ കണക്കിലെടുത്ത് പവർപ്ലേയിൽ ബൗൾ ചെയ്യാൻ കഴിയുന്ന ഓപ്ഷൻ വേണമെന്നായിരുന്നു ടീം മാനേജ്മെന്റിന്റെ നിലപാട്. ആ മാനദണ്ഡത്തിൽ ആണ് വാഷിങ്ടൺ സുന്ദറിനെ ടീമിൽ ഉൾപ്പെടുത്തിയത് ” റയാന്‍ ടെന്‍ഡോഷെ പറഞ്ഞു.വൈസ് ക്യാപ്റ്റനും മികച്ച ഓൾറൗണ്ടറുമായ അക്ഷർ പട്ടേൽ മുൻപ് ദക്ഷിണാഫ്രിക്കക്കെതിരെ മികച്ച പ്രകടനം കാഴ്ചവെച്ചിട്ടുണ്ട്. വേൾഡ് കപ്പ് ഫൈനലിൽ അഞ്ചാം നമ്പറിൽ ബാറ്റ് ചെയ്ത് നിർണായക സംഭാവന നൽകിയതും ശ്രദ്ധേയമാണ്. എന്നിട്ടും താരത്തിനെ വാഷിങ്ടൺ സുന്ദറിന് വേണ്ടി തഴഞ്ഞത് ശരിയായില്ലെന്നാണ് ആരാധകരുടെ വാദം.ടീമിൽ സംഭവിച്ച മറ്റൊരു പിഴവ് ഫോമിൽ അല്ലാത്ത റിങ്കു സിങിനെ വീണ്ടും ഇലവണിൽ ഉൾപ്പെടുത്തിയതാണ്. “റിങ്കുവിനെ എട്ടാം നമ്പർ ബാറ്ററായി ആവശ്യമുണ്ടെന്ന് ആയിരുന്നു വിലയിരുത്തൽ. അത് കൊണ്ടാണ് ഞങ്ങൾ അക്ഷറിനെ ഒഴിവാക്കിയത്. ടീം അദ്ദേഹത്തിന്റെ കഴിവുകളെ കുറച്ചുകാണുന്നതല്ല” റയാന്‍ ടെന്‍ഡോഷെ വ്യക്തമാക്കി.പക്ഷേ, ദക്ഷിണാഫ്രിക്കക്കെതിരെ സുന്ദർ പവർപ്ലേയിൽ ബൗൾ ചെയ്തിരുന്നില്ല എന്നതാണ് ഇതിലെ ട്വിസ്റ്റ്. മധ്യ ഓവറുകളിൽ പന്തെറിയാൻ ആയിരുന്നെങ്കിൽ അക്ഷറിനെ തെരരഞ്ഞെടുക്കുമായിരുന്നല്ലോ എന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് അതും മികച്ച ഒരു ഓപ്‌ഷൻ ആണെന്നായിരുന്നു റയാന്‍ ടെന്‍ഡോഷെയുടെ മറുപടി.









