മദ്യനയ അഴിമതിക്കേസ്: കുറ്റവിമുക്തനായ അരവിന്ദ് കെജ്‌രിവാളിനെ ഫോണിൽ വിളിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ

ന്യൂഡൽഹി: ഡൽഹി മദ്യനയ അഴിമതിക്കേസിൽ കുറ്റവിമുക്തനായ ആംആദ്മി പാർട്ടി നേതാവും ഡൽഹി മുൻ മുഖ്യമന്ത്രിയുമായിരുന്ന അരവിന്ദ് കെജ്‌രിവാളിനെ ഫോണിൽ വിളിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കെജ്‌രിവാളിനെയും മനീഷ് സിസോദിയയെയും കുറ്റവിമുക്തരാക്കിയത് കേന്ദ്രസർക്കാരിന്റെ അധികാര ദുർവിനിയോഗത്തിനേറ്റ തിരിച്ചടിയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ബിജെപിയെ സഹായിച്ച കോൺഗ്രസിനും കോടതി വിധി തിരിച്ചടിയായെന്ന് മുഖ്യമന്ത്രി കൂട്ടിചേർത്തു. ബിജെപി രാഷ്ട്രീയ ഗൂഢാലോചന നടത്തിയാണ് ഡൽഹിയിൽ ആം ആദ്മിയെ പരാജയപ്പെടുത്തിയതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ ചൂണ്ടികാട്ടി. ആം ആദ്മിക്കെതിരെ ബിജെപിയുടെ മെഗാഫോൺ ആയ കോൺഗ്രസ്സ് സർക്കാരിനെ അട്ടിമറിക്കാൻ കൂട്ടുകക്ഷിയായി എന്നായിരുന്നു മുഖ്യമന്ത്രി പറഞ്ഞത്.

ദില്ലി മദ്യനയ അഴിമതിക്കേസിൽ അരവിന്ദ് കെജ്‌രിവാളിനെയും ഉപമുഖ്യമന്ത്രിയായിരുന്ന മനീഷ് സിസോദിയെയും ബിആർഎസ് നേതാവ് കെ കവിതയെയും കുറ്റവിമുക്തരാക്കി കോടതി ഉത്തരവ് വന്നിരുന്നു.കെജ്‌രിവാൾ അടക്കം കേസിലെ 23 പ്രതികളെയും പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കിയാണ് കോടതി വിധി വന്നത്. മദ്യനയവുമായി ബന്ധപ്പെട്ട് സിബിഐ എടുത്ത കേസിലാണ് ഡൽഹി റൗസ് അവന്യു കോടതിയുടെ നടപടി. കേസിൽ ഗൂഢാലോചന തെളിയിക്കാനായില്ലെന്നും കുറ്റം ചെയ്തതിന് തെളിവില്ലെന്നും കോടതി വ്യക്തമാക്കുകയായിരുന്നു. സിബിഐക്കെതിരെ രൂക്ഷ വിമർശനമാണ് കോടതി ഉന്നയിച്ചത്.അതേസമയം ഡൽഹി മദ്യനയക്കേസിൽ കുറ്റവിമുക്തനായ ഉടനെ തന്നെ ബിജെപിയെയും നരേന്ദ്ര മോദിയെയും ഒരുപോലെ അരവിന്ദ് കെജ്‌രിവാൾ വെല്ലുവിളിച്ചു. ധൈര്യമുണ്ടെങ്കിൽ ഡൽഹിയിൽ വീണ്ടുമൊരു തെരഞ്ഞെടുപ്പ് നടത്തി പത്ത് സീറ്റിൽ കൂടുതൽ ബിജെപി നേടി കാണിക്കൂ എങ്കിൽ രാഷ്ട്രീയം അവസാനിപ്പിക്കാം എന്നായിരുന്നു അരവിന്ദ് കെജ്‌രിവാളിൻ്റെ വെല്ലുവിളി. ഡൽഹി മദ്യനയക്കേസിൽ കുറ്റവിമുക്തനായെന്ന കോടതി വിധിക്ക് പിന്നാലെ നടത്തിയ പത്രസമ്മേളനത്തിലായിരുന്നു കെജ്‌രിവാളിൻ്റെ പ്രതികരണം. മദ്യനയക്കേസിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും തനിക്കെതിരെ ഗൂഢാലോചന നടത്തിയെന്നായിരുന്നു അദേഹത്തിൻ്റെ ആരോപണം. കഴിഞ്ഞ ഫെബ്രുവരിയിൽ ബിജെപി അധികാരത്തിൽ തിരിച്ചെത്തിയതിനുശേഷം ഡൽഹി ദുരിതത്തിലാണെന്നും കെജ്‌രിവാൾ പറയുകയുണ്ടായി.

ഡൽഹി മുഴുവൻ തകർന്നെന്നും മോദിയുടെയും അമിത് ഷായുടെയും അധികാരക്കൊതിയുടെ ഫലം ഡൽഹിയിലെ മൂന്നുകോടിജനങ്ങൾക്കും അനുഭവിക്കേണ്ടി വന്നെന്നുമാണ് കെജ്‌രിവാൾ പറഞ്ഞത്. ഇന്ന് താൻ മോദിയെ വെല്ലുവിളിക്കുകയാണെന്നും ധൈര്യമുണ്ടെങ്കിൽ ഡൽഹിയിൽ വീണ്ടും തിരഞ്ഞെടുപ്പ് നടത്തൂ, പത്തിൽ കൂടുതൽ സീറ്റുകൾ ലഭിച്ചാൽ ഞാൻ രാഷ്ട്രീയം വിടുംമെന്നും ഡൽഹിയിലെ ജനങ്ങൾക്ക് നിങ്ങളെ മടുത്തുവെന്നും കെജ്‌രിവാൾ പ്രതികരിച്ചു.

മുഖ്യമന്ത്രിയുടെ ഫേസ് ബുക്ക് പോസ്റ്റിൻ്റെ പൂർണ്ണ രൂപം

ഡൽഹി മദ്യനയ കേസിൽ മുൻ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെയും മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെയും വിചാരണ കോടതി കുറ്റവിമുക്തരാക്കിയത് രാഷ്ട്രീയ എതിരാളികളെ കള്ളക്കേസുകളിൽപ്പെടുത്തി വേട്ടയാടുന്ന കേന്ദ്രസർക്കാരിന്റെ അധികാര ദുർവിനിയോഗശൈലിക്കേറ്റ തിരിച്ചടിയാണ്. ബിജെപിക്കു മാത്രമല്ല ഇക്കാര്യത്തിൽ രാഷ്ട്രീയ ദുഷ്ട ലക്ഷ്യം വെച്ച് ബിജെപിയെ സഹായിച്ച കോൺഗ്രസിനും ആഘാതമാണ് കോടതിവിധി.
കേന്ദ്ര ഏജൻസികളെ ആയുധമാക്കി ബിജെപി ഇതര സംസ്ഥാന സർക്കാരുകളെ അസ്ഥിരപ്പെടുത്താനുള്ള നീക്കങ്ങളെയാണ് കോടതി ഫലത്തിൽ ചോദ്യം ചെയ്തിരിക്കുന്നത്. തെളിവുകൾ ഇല്ലാതെ പ്രതി ചേര്‍ത്തതിന് സിബിഐക്കെതിരെ കോടതി കടുത്ത വിമർശം ഉന്നയിക്കുന്ന നിലയുണ്ടായി.
അന്വേഷണ ഏജൻസികളെ രാഷ്ട്രീയ ലാഭത്തിന് ഉപയോഗിക്കുന്ന ബിജെപി സർക്കാർ രാഷ്ട്രീയ ഗൂഢാലോചന നടത്തിയാണ് ഡൽഹിയിൽ ജനഹിതം അട്ടിമറിച്ച് ആം ആദ്മി പാർടിയെ പരാജയപ്പെടുത്തിയത്. കെജരിവാളിനെ ജയിലിലടക്കാൻ ആദ്യം ചരടുവലിച്ചത് കോൺഗ്രസ്സ് പാർടിയാണ്. മദ്യനയത്തിൽ അഴിമതി ആരോപിച്ച്‌ 2022 ജൂണിൽ അന്നത്തെ ഡൽഹി പിസിസി പ്രസിഡന്റാണ് കേന്ദ്ര ആഭ്യന്തര വകുപ്പിനു കീഴിലുള്ള ഡൽഹി പൊലീസിനെ സമീപിക്കുന്നത്.
ഡെൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ കേന്ദ്ര ഏജന്‍സി അറസ്റ്റു ചെയ്തപ്പോള്‍ അറസ്റ്റിനെ സ്വാഗതം ചെയ്ത കോണ്‍ഗ്രസ് കെജ്രിവാളിനെ കൂടി അറസ്റ്റ് ചെയ്യണം എന്നാണ് ആവശ്യപ്പെട്ടത്. കോൺഗ്രസ്സ് നേതാവും മുഖ്യമന്ത്രി സ്ഥാനാർഥിയുമായിരുന്ന സന്ദീപ് ദീക്ഷിതിന്റെ പരാതികൾ ആയുധമാക്കിയാണ് ഡൽഹി ലെഫ്റ്റനന്റ് ഗവർണർ ആം ആദ്മി സർക്കാരിനെ വേട്ടയാടിയത്. ആം ആദ്മി സർക്കാരിനെതിരെ ബിജെപിയുടെ മെഗാഫോൺ ആയി മാറിയ കോൺഗ്രസ്സ് ആണ് ഡൽഹിയിലെ മതനിരപേക്ഷ സർക്കാരിനെ അട്ടിമറിക്കാൻ കൂട്ടുകക്ഷിയായത്.
കോടതി വിധിയുടെ പശ്ചാത്തലത്തിൽ ശ്രീ അരവിന്ദ് കെജരിവാളിനോട് ഫോണിൽ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Verified by MonsterInsights