ഹുബ്ബള്ളി: രഞ്ജി ട്രോഫി ഫൈനൽ ആവേശകരമായ അന്ത്യത്തിലേക്ക് കടക്കുകയാണ്. കന്നി രഞ്ജി ട്രോഫി കിരീടമെന്ന ചരിത്ര നേട്ടത്തിലേക്ക് എത്താൻ ഇനി മണിക്കൂറുകൾ മാത്രമാണ് ജമ്മു കശ്മീരിന്റെ മുൻപിൽ ബാക്കിയുള്ളത്. അഞ്ചാം ദിവസം ബാറ്റിങ് ആരംഭിച്ച ജമ്മുവിനായി ഓപ്പണർ കമ്രാൻ ഇഖ്ബാൽ സെഞ്ച്വറിയും സഹിൽ ലോത്ര അർധ സെഞ്ച്വറിയും നേടി ക്രീസിൽ തുടരുകയാണ്.ഇന്നത്തെ മത്സരം കാണാന്‍ ഒരു സ്‌പെഷ്യല്‍ ഗസ്റ്റ് ഹുബ്ബളി സ്റ്റേഡിയത്തില്‍ എത്തിയിട്ടുണ്ട്. ജമ്മു കശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ളയാണ് ആ അതിഥി. രഞ്ജി ട്രോഫിയില്‍ ജമ്മു താരങ്ങള്‍ മുത്തുമിടുന്നത് നേരില്‍ കാണാനാണ് ക്രിക്കറ്റ് ആരാധകന്‍ കൂടിയായ ഒമര്‍ അബ്ദുള്ള മത്സരം നടക്കുന്ന ഹുബ്ബളിയിലെ സ്റ്റേഡിയത്തില്‍ നേരിട്ട് എത്തിയിരിക്കുന്നത്.
”രഞ്ജി ട്രോഫി ഫൈനലില്‍ കളിക്കുന്ന ജമ്മു-കശ്മീര്‍ ടീമിനെ ആവേശം പകരാന്‍ ഞങ്ങള്‍ ഹുബ്ബളിയിലേക്ക് പോവുകയാണ്. ഫൈനലിലെത്തിയതിലൂടെ തന്നെ ലക്ഷക്കണക്കിന് വരുന്ന ജനങ്ങളുടെ അഭിമാനമായി അവര്‍ മാറിക്കഴിഞ്ഞു. ഫൈനല്‍ കാണാന്‍ ഞാനുമുണ്ടാകും” എന്നാണ് ഹുബ്ബളിയിലേക്കുള്ള യാത്രയ്ക്ക് മുന്‍പ് ഒമര്‍ അബ്ദുള്ള എക്‌സില്‍ കുറിച്ചത്.
മത്സരത്തെക്കുറിച്ചു തന്റെ നീരീക്ഷണവും മുഖ്യമന്ത്രി സോഷ്യല്‍ മീഡിയയില്‍ പങ്ക് വെച്ചു. ”ഒരു മികച്ച ബൗളിങ് ഇന്നിങ്‌സ് കൂടി ഉണ്ടെങ്കില്‍ ആദ്യ രഞ്ജി ട്രോഫി കിരീടം നേടാന്‍ സാധിക്കും. പിച്ച് ബൗളര്‍മാര്‍ക്ക് അധികം സഹായിക്കുന്നില്ല എന്നറിയാം. ആത്മവിശ്വാസവും അഗ്രഷനും ചേര്‍ന്ന പ്രകടനമാണ് ടീം കാഴ്ചവയ്ക്കുന്നത്. അത് ടീമിന് ഗുണകരമാകും. ഇതിന് മുന്‍പ് ഒരു ആഭ്യന്തര ക്രിക്കറ്റ് മത്സരം ഇത്രയും ശ്രദ്ധയോടെ ഞാന്‍ നീരീക്ഷിച്ചിട്ടില്ല” അദ്ദേഹം വ്യക്തമാക്കി.









