കുടുംബതർക്കത്തെത്തുടർന്ന് മരുമകൻ അമ്മായിയമ്മയുടെ മൂക്ക് കത്രിക ഉപയോഗിച്ച് മുറിച്ചെടുത്തു. രാജസ്ഥാനിലെ ജലോർ ജില്ലയിലെ ദുങ്കാരി കെ ബാന്ധ ഗ്രാമത്തിലാണ് സംഭവം നടന്നത്. സോഹൻലാൽ എന്നയാളാണ് പ്രതി എന്ന് തിരിച്ചറിഞ്ഞു. ആക്രമണത്തിന് ശേഷം മുറിച്ചെടുത്ത മൂക്കിന്റെ ഭാഗവുമായി സോഹൻലാൽ സ്ഥലത്തുനിന്ന് ഓടി രക്ഷപ്പെട്ടു.
ആറ് വർഷം മുൻപായിരുന്നു സോഹൻലാലിന്റെ വിവാഹം. എന്നാൽ ഭാര്യയുടെ കുടുംബവുമായി ഇയാൾ ഏറെ നാളായി തർക്കത്തിലായിരുന്നു. ദാമ്പത്യ കലഹത്തെത്തുടർന്ന് കഴിഞ്ഞ ഒരു വർഷമായി സോഹൻലാലും ഭാര്യയും വേർപിരിഞ്ഞാണ് താമസിക്കുന്നത്. ഈ തർക്കം പരിഹരിക്കാൻ സമുദായ നേതാക്കൾ നടത്തിയ ചർച്ചകളും പരാജയപ്പെട്ടിരുന്നു.
കഴിഞ്ഞ കുറച്ചുദിവസങ്ങളായി ഇരു കുടുംബങ്ങളും തമ്മിൽ കടുത്ത ഭിന്നത നിലനിന്നിരുന്നു. വെള്ളിയാഴ്ച വീട്ടിൽ വെച്ചുണ്ടായ രൂക്ഷമായ തർക്കത്തിന് പിന്നാലെ, മരുമകനെതിരെ പരാതി നൽകാനായി പോലീസ് സ്റ്റേഷനിലേക്ക് പോവുകയായിരുന്നു ഭാര്യാമാതാവായ കെലി ദേവി . ഈ സമയത്താണ് സോഹൻലാൽ ഇവരെ തടഞ്ഞുനിർത്തി കത്രിക ഉപയോഗിച്ച് ആക്രമിക്കുകയും മൂക്ക് മുറിച്ചെടുക്കുകയും ചെയ്തത്.
കുടുംബതർക്കത്തെത്തുടർന്ന് അമ്മായിയമ്മയുടെ മൂക്ക് മരുമകൻ കത്രിക കൊണ്ട് മുറിച്ചെടുത്തു









