കൊച്ചി: യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ പ്രസിഡന്റ് ജാസ്മിൻ ഷായുടെ സ്വത്തുക്കൾ ഇഡി കണ്ടുകെട്ടി. സംഘടനയുടെ ഫണ്ട് തട്ടിപ്പുമായി ബന്ധപ്പെട്ട കേസിൽ ജാസ്മിൻ ഷാ, ഭാര്യ ഷബ്ന, മുൻ ഭാരവാഹികൾ എന്നിവരുടെ 1.44 കോടി രൂപ വിലമതിക്കുന്ന സ്വത്തുക്കളാണ് ഇഡി കണ്ടുകെട്ടിയത്. ക്രൈംബ്രാഞ്ച് കുറ്റപത്രത്തിന്റെ അടിസ്ഥാനത്തിൽ ഇഡി നടത്തിയ അന്വേഷണത്തിലാണ് നടപടി.
മലപ്പുറം, പാലക്കാട്, തൃശൂർ, ഇടുക്കി ജില്ലകളിലായുള്ള ഭൂമിയും ഫ്ലാറ്റുകളുമാണ് ഇഡി കണ്ടുകെട്ടിയ സ്വത്തുക്കളിൽ ഉൾപ്പെടുന്നത്. ജാസ്മിൻ ഷായെയും കുടുംബത്തെയും കൂടാതെ യുഎൻഎയിലെ ചില മുൻ ഭാരവാഹികളും ഇഡിയുടെ നടപടിക്ക് വിധേയരായിട്ടുണ്ട്. 2017–2019 കാലയളവിൽ നഴ്സുമാരിൽ നിന്ന് പിരിച്ചെടുത്ത മെമ്പർഷിപ്പ് ലെവിയും മറ്റ് ഫണ്ടുകളും ചേർന്ന് വലിയൊരു തുക ഇവർ സ്വന്തം ആവശ്യങ്ങൾക്കായി വകമാറ്റിയെന്നാണ് കണ്ടെത്തൽ.
തൃശ്ശൂർ ക്രൈംബ്രാഞ്ച് രജിസ്റ്റർ ചെയ്ത കേസിനും തൃശൂർ സിജെഎം കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിനും പിന്നാലെയാണ് കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം ഇഡി അന്വേഷണം ഏറ്റെടുത്തത്. സംഘടനയുടെ പണം ഉപയോഗിച്ച് ഹവാല ഇടപാടുകൾ നടത്തിയതായും വിദേശത്തേക്ക് പണം കടത്തിയതായും ആരോപണമുണ്ടായിരുന്നു.
നഴ്സുമാരുടെ ഫണ്ട് തട്ടിപ്പ്: യുഎൻഎ നേതാവ് ജാസ്മിൻ ഷായുടെ 1.44 കോടിയുടെ സ്വത്തുക്കൾ ഇഡി കണ്ടുകെട്ടി









