കല്‍പ്പറ്റ: കുഴല്‍പ്പണം തട്ടിയെടുക്കാന്‍ ശ്രമിച്ച കവര്‍ച്ച കേസിലെ പ്രതിയായ വൈത്തിരി മുന്‍ സി.ഐ സി.ആര്‍ അനില്‍കുമാറിനെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. ഉപാധികള്‍ പ്രകാരം അറസ്റ്റ് തടഞ്ഞു കൊണ്ടുള്ള ഹൈക്കോടതി ഉത്തരവിന്റെ കാലാവധി അവസാനിച്ച പശ്ചാത്തലത്തില്‍ പ്രതിയായ അനില്‍കുമാര്‍ സംസ്ഥാന ക്രൈംബ്രാഞ്ചിലെ അന്വേഷണ ഉദ്യോഗസ്ഥര്‍ മുന്‍പാകെ കോഴിക്കോട് കീഴടങ്ങുകയായിരുന്നു. കല്‍പ്പറ്റ സി.ജെ.എം കോടതിയില്‍ ഹാജരാക്കിയ ഇദ്ദേഹത്തെ പിന്നീട് വൈത്തിരി സബ്ബ് ജയിലിലേക്ക് റിമാണ്ട് ചെയ്തു. ഈ കേസിലെ മറ്റ് പ്രതികളായ വൈത്തിരി സ്വദേശി റിയാസ്,ചുണ്ടേല്‍ സ്വദേശി വിഷ്ണു എന്നിവരെ ്രൈകം ബ്രാഞ്ച് നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. 2025 സെപ്തംബര്‍ 20ന് വൈത്തിരി സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് ഇപ്പോഴത്തെ അറസ്റ്റ് നടപടികള്‍. റിയാസ്, വിഷ്ണു എന്നിവരുമായി ചേര്‍ന്ന് ഗൂഢാലോചന നടത്തി 3.37 ലക്ഷം രൂപയുടെ കുഴല്‍പണം അന്നത്തെ എസ്എച്ച് ഒ ആയിരുന്ന അനില്‍കുമാര്‍ തട്ടിയെടുത്തതായാണ് പരാതി. വിഷ്ണുവിന്റെ അക്കൗണ്ടിലെത്തിയ കുഴല്‍പ്പണം ബന്ധപ്പെട്ടയാള്‍ക്ക് കൈമാറാന്‍ കൊണ്ടു പോകുമ്പോള്‍ വൈത്തിരി പോലീസ് വാഹന പരിശോധന നടത്തി പിടികൂടുന്ന തരത്തിലായിരുന്നു ഗൂഢാലോചന. പിന്നീട് അതേ രീതിയില്‍ തന്നെ സംഘം പണം തട്ടിയെടുക്കുകയും ചെയ്തതായാണ് പരാതി.
കുഴല്‍പ്പണം തട്ടിയെടുത്ത കേസ്: വൈത്തിരി മുന്‍ എസ്എച്ച്ഒ യെ അറസ്റ്റ് ചെയ്തു








