മാനന്തവാടി : സര്‍ക്കാര്‍ ശമ്പളം വാങ്ങി സ്വകാര്യ ആശുപത്രിയില്‍ പരിശോധന നടത്തിയ ഡോക്ടര്‍ വിജിലന്‍സ് പിടിയില്‍. മാനന്തവാടി മെഡിക്കല്‍ കോളേജിലെ അസോസിയേറ്റ് പ്രൊഫസര്‍ ഡോ. ശിവപ്രസാദാണ് പിടിയിലായത്. കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയില്‍ ആറര ലക്ഷം രൂപ ശമ്പളം വാങ്ങുന്ന ഡോക്ടറിന്റെ സര്‍ക്കാര്‍ ശമ്പളം 2.80 ലക്ഷം രൂപയാണ്. സ്വകാര്യ പ്രാക്ടീസ് നടത്താതിരിക്കാനുള്ള അലവന്‍സും കൈപ്പറ്റിയാണ് ശിവപ്രസാദിന്റെ ഇരട്ട ജോലി. മെഡിക്കല്‍ കോളേജ് ഡോക്ടര്‍മാര്‍ക്ക് സ്വകാര്യ പ്രാക്ടീസ് പാടില്ല എന്നതാണ് വ്യവസ്ഥ. സ്വകാര്യ പ്രാക്ടീസ് നടത്താതിരിക്കാന്‍ ഡോക്ടര്‍മാര്‍ക്ക് പ്രത്യേക അലവന്‍സും നല്‍കുന്നുണ്ട്. കഴിഞ്ഞ ഒരു വര്‍ഷമായി ശിവപ്രസാദ് കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ ചെയ്ത് വരികയാണ്. സംഭവം അറിഞ്ഞതിന് പിന്നാലെ വിജിലന്‍സ് ഏറെ കാലമായി ഇദ്ദേഹത്തെ നിരീക്ഷിച്ച് വരികയായിരുന്നു. കോഴിക്കോട് യൂണിറ്റ് വിജിലന്‍സ് ഡിവൈഎസ്പി കെ.കെ. ബിജുവിന്റെ നിര്‍ദേശപ്രകാരം യൂണിറ്റിലെ മറ്റംഗങ്ങള്‍ ഡോക്ടറുടെ ചികിത്സ തേടി പോകുന്നുവെന്ന വ്യാജേന ആശുപത്രിയിലെത്തുകയും കയ്യോടെ പിടികൂടുകയും ആയിരുന്നു.
സ്വകാര്യ ആശുപത്രിയിലും പരിശോധന; മാനന്തവാടി മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍ വിജിലന്‍സ് പിടിയില്‍









