ചെന്നൈ: തമിഴ്നാട്ടിൽ എൻജിനിയറിങ് പ്രവേശത്തിനായി ഇത്തവണ രജിസ്റ്റർ ചെയ്ത വിദ്യാർഥികളുടെ എണ്ണത്തിൽ വൻ വർധനവ്. തമിഴ്നാട് എഞ്ചിനിയറിങ് അഡ്മിഷന്റെ (TNEA) ഓൺലൈൻ രജിസ്ട്രേഷൻ വഴി 3,01,519 വിദ്യാർഥികൾ ആണ് ഇത് വരെ പ്രവേശനത്തിനായി അപേക്ഷിച്ചത്. ഡയറക്ടറേറ്റ് ഓഫ് ടെക്നിക്കൽ എഡ്യൂക്കേഷൻ (DOTE) സീനിയർ ഉദ്യോഗസ്ഥർ തന്നെയാണ് ഈ വിവരങ്ങൾ പുറത്ത് വിട്ടത്.അപേക്ഷകരുടെ എണ്ണം മൂന്ന് ലക്ഷം കടക്കാൻ പ്രധാന കാരണം നീറ്റ് (NEET) പരീക്ഷയുമായി ബന്ധപ്പെട്ട് തുടരുന്ന അനിശ്ചിതത്വവും ഒരു കാരണമാണ്. പരീക്ഷയുമായി ബന്ധപ്പെട്ട ക്രമക്കേടുകളും തുടർന്നുണ്ടായ പരീക്ഷാ മാറ്റിവെയ്ക്കലുമൊക്കെ വിദ്യാർഥികൾക്കിടയിൽ വലിയ ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്. ഒരു പക്ഷെ, നീറ്റിലൂടെ പ്രവേശനം ലഭിച്ചില്ലെങ്കിൽ ഒരു വർഷം കൂടി നഷ്ടപ്പെടുമോ എന്നും വിദ്യാർഥികൾക്കും മാതാപിതാക്കൾക്കും ആശങ്കയുണ്ട്.നീറ്റിലൂടെ മെഡിക്കൽ പ്രവേശനം ആഗ്രഹിച്ചിരുന്ന വലിയൊരു വിഭാഗം വിദ്യാർഥികൾ സുരക്ഷിതമായ മറ്റൊരു കരിയർ ഓപ്ഷൻ എന്ന നിലയിലാണ് എൻജിനീയറിങ് തെരഞ്ഞെടുത്തിരിക്കുന്നത്. നീറ്റ് ഫലം ഇനിയും വൈകിയാൽ വിദ്യാർഥികളുടെ ഭാവി തന്നെ അപകടത്തിലാകും എന്ന ആശങ്ക മാതാപിതാക്കൾക്കുമുണ്ട്. ഇതും രജിസ്ട്രേഷൻ വർധിക്കാൻ കാരണമായെന്നാണ് റിപ്പോർട്ടുകൾ.തമിഴ്നാട്ടിലെ എൻജിനിയറിങ് പ്രവേശന സംവിധാനം മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വ്യത്യസ്ഥമാണ്. സംസ്ഥാനത്ത് എൻജിനിയറിങ് കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിനായി പ്രത്യേക പ്രവേശന പരീക്ഷകൾ നടത്തുന്നില്ല. പകരം, പ്ലസ് ടു പരീക്ഷയിലെ മാർക്കിന്റെ അടിസ്ഥാനത്തിലാണ് വിദ്യാർഥികൾക്ക് അഡ്മിഷൻ അനുവദിക്കുന്നത്.
കണക്ക്, ഫിസിക്സ്, കെമിസ്ട്രി വിഷയങ്ങളിലെ മാർക്കുകൾ പരിഗണിച്ചാണ് മെറിറ്റ് പട്ടിക തയ്യാറാക്കുന്നത്. ഈ സംവിധാനം വർഷങ്ങളായി തമിഴ്നാട്ടിൽ വിജയകരമായി നടപ്പിലാകുന്നുണ്ട്.സംസ്ഥാനത്ത് നൂറുകണക്കിന് എൻജിനിയറിങ് കോളജുകളും ആയിരക്കണക്കിന് സീറ്റുകളും നിലവിലുണ്ട്. വിവരസാങ്കേതികവിദ്യ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഡാറ്റ സയൻസ്, സൈബർ സെക്യൂരിറ്റി, മെക്കാനിക്കൽ, സിവിൽ, ഇലക്ട്രോണിക്സ്, ഇലക്ട്രിക്കൽ തുടങ്ങിയ വിവിധ മേഖലകളിൽ പഠന സൗകര്യങ്ങൾ ഈ കോളജുകളിൽ ലഭ്യമാണ്.കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി സാങ്കേതിക മേഖലകളിലുള്ള കോഴ്സുകള്‍ക്ക് വിദ്യാര്‍ഥികള്‍ക്കിടയില്‍ പ്രചാരം വര്‍ധിച്ചിട്ടുണ്ട്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, മെഷീന്‍ ലേണിങ്, ഡാറ്റ അനലിറ്റിക്‌സ്, റോബോട്ടിക്‌സ് തുടങ്ങിയ വിഷയങ്ങളിലുള്ള കോഴ്സുകളാണ് കൂടുതല്‍ വിദ്യാര്‍ഥികളും തെരഞ്ഞെടുക്കുന്നത്. ഇതും എന്‍ജിനിയറിങ് പ്രവേശനത്തിനുള്ള താത്പര്യം വര്‍ധിക്കാന്‍ കാരണമായതായി വിദ്യാഭ്യാസ വിദഗ്ധര്‍ വിലയിരുത്തുന്നു.









