തിരുവനന്തപുരം: പ്രധാനമന്ത്രിയെ അപമാനിച്ചു എന്ന് ആരോപിച്ച് മേക്കപ്പ് ആര്‍ട്ടിസ്റ്റ് ജാന്‍മണിക്കെതിരെ പരാതി നല്‍കി മഹിളാമോര്‍ച്ച. കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണര്‍ ഷൗക്കത്തലിക്ക് ആണ് അധ്യക്ഷ നവ്യ ഹരിദാസ് പരാതി നല്‍കിയിരിക്കുന്നത്. പ്രധാനമന്ത്രിയെ ജാന്‍മണി അപമാനിച്ചതായി നവ്യ ഹരിദാസ് ആരോപിച്ചു. സംസ്ഥാനത്തെ മുഴുവന്‍ പൊലീസ് സ്റ്റേഷനുകളിലും നാളെ പരാതി നല്‍കാനാണ് മഹിളാമോര്‍ച്ചയുടെ നീക്കം. പരാമര്‍ശത്തിന് പിന്നില്‍ ഭാഷാ പരിമിതി അല്ലെന്നും പരാതിയില്‍ പറയുന്നു. ജാന്‍മണിയുടെ മാപ്പ് പറച്ചില്‍ അംഗീകരിക്കുന്നില്ലെന്നും തെറ്റ് ചെയ്തതിനുശേഷം മാപ്പ് പറഞ്ഞാല്‍ തീരില്ലെന്നുമാണ് മഹിളാ മോര്‍ച്ചയുടെ നിലപാട്.
ജന്തര്‍ മന്തര്‍ സമരത്തിന്റ പശ്ചാത്തലത്തിലായിരുന്നു പ്രധാനമന്ത്രിക്കെതിരെ ജന്‍മണിയുടെ പരാമര്‍ശം ഉണ്ടായത്. പ്രധാമന്ത്രിയേയും അദ്ദേഹത്തിന്റെ മാതാവിനേയും അധിക്ഷേപിക്കുന്ന നിലയിലായിരുന്നു പരാമര്‍ശം. എന്നാല്‍ പലയിടങ്ങളില്‍ നിന്നും ഭീഷണി കോളുകള്‍ വന്നതിനെ തുടര്‍ന്ന് ജാന്‍മണി മാപ്പ് പറയുകയായിരുന്നു. ആരെയും വേദനിപ്പിക്കാന്‍ വേണ്ടിയല്ല പറഞ്ഞതെന്നും പരസ്യമായി ക്ഷമ ചോദിക്കണമെന്ന് ആഗ്രഹമുണ്ടെന്നും ജാന്‍മണി ദാസ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച വീഡിയോയില്‍ പറഞ്ഞിരുന്നു.എന്റെ ഒരു വീഡിയോ ഭയങ്കര പ്രശ്‌നമായിപ്പോയി. സത്യം പറഞ്ഞാല്‍ അതെനിക്ക് അറിയില്ല. ഡല്‍ഹിയിലെ ഒരു കണ്ടന്റ് കണ്ട്, മീഡിയ ചോദിച്ചപ്പോള്‍ കാര്യം പറഞ്ഞു. ചിലപ്പോള്‍ ഞാന്‍ മലയാളം പറയുന്നത് ശരിയാകില്ല എന്നായിരുന്നു ജാന്‍മണിമയുടെ വിശദീകരണം. രാവിലെ മുതല്‍ എനിക്ക് കുറേ ഭീഷണി കോളുകളും മെസേജുകളും വന്നപ്പോള്‍ കാര്യം മനസ്സിലായില്ല. എന്റെ കുറേ സുഹൃത്തുക്കള്‍ വിളിച്ച് അത് വലിയ പ്രശ്‌നമാണെന്ന് പറഞ്ഞു. അപ്പോള്‍ തന്നെ എന്റെ വീഡിയോ നല്‍കിയവരോടെല്ലാം ഡിലീറ്റ് ചെയ്യാന്‍ ആവശ്യപ്പെട്ടു എന്നും അവര്‍ പറഞ്ഞിരുന്നു.
എന്താണ് ചെയ്യേണ്ടതെന്ന് അറിയില്ല. കുറേ ഭീഷണി കോളുകള്‍ ലഭിച്ചു. സൗദി അറേബ്യ, അബുദാബി, ഇന്ത്യ, കേരളം തുടങ്ങി എല്ലായിടത്തുനിന്നും കോളുകള്‍ വരുന്നു. സത്യം പറഞ്ഞാല്‍ ആരെയും വേദനിപ്പിക്കാന്‍ വേണ്ടിയല്ല പറഞ്ഞത്. പ്രധാനമന്ത്രിയുടെ അമ്മയെക്കുറിച്ചല്ല പറഞ്ഞത്. കണ്ടന്റുമായി ബന്ധപ്പെട്ട് ഒരു ചോദ്യം ചോദിക്കുക മാത്രമാണ് ചെയ്തത്, അല്ലാതെ മോദിജിയെക്കുറിച്ചല്ല എന്നും അവര്‍ പറഞ്ഞിരുന്നു.









