‘സമരം അവസാനിപ്പിച്ചത് സർക്കാർ ഉറപ്പ് പ്രകാരം; ഇപ്പോൾ വ്യവസ്ഥകൾ സർക്കാർ ലംഘിക്കുകയാണ്’; രൂക്ഷ വിമർശനവുമായി CJP

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി കോക്രോച്ച് ജനത പാര്‍ട്ടി. ജന്തര്‍ മന്തറിലെ സമരം അവസാനിപ്പിച്ചത് സര്‍ക്കാര്‍ ഉറപ്പ് പ്രകാരമാണെന്നും എന്നാല്‍ സര്‍ക്കാര്‍ ഇപ്പോള്‍ വ്യവസ്ഥകള്‍ ലംഘിക്കുകയാണെന്നും സിജെപി കുറ്റപ്പെടുത്തി. സമരത്തില്‍ പങ്കെടുത്ത ഓരോ ആളുകളെയും സര്‍ക്കാര്‍ ആക്രമിക്കുകയാണ്. ജന്തര്‍ മന്തറില്‍ പ്രതിഷേധിച്ച ഓരോ ആളുകള്‍ക്കും സിജെപി സഹായം ഉറപ്പാക്കുന്നുണ്ടെന്നും സിജെപി വക്താവ് സൗരവ് ദാസ് പറഞ്ഞു. കേന്ദ്ര മന്ത്രിമാര്‍ നല്‍കിയ ഉറപ്പാണ് ലംഘിക്കപ്പെട്ടിരിക്കുന്നതെന്ന് സിജെപി വക്താവ് അശുതോഷ് രങ്കയും പറഞ്ഞു. മുതിര്‍ന്ന അഭിഭാഷകന്‍ കബില്‍ സിബലിനൊപ്പം എത്തിയാണ് സൗരവ് ദാസ് അടക്കമുള്ള സിജെപി പ്രവര്‍ത്തകര്‍ പ്രതികരിച്ചത്.

പ്രതിഷേധവുമായി ബന്ധപ്പെട്ട് രാജ്യത്തിന്റെ എല്ലാ ഭാഗത്തും കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് കപില്‍ സിബലും പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് സിജെപി വെബ്‌സൈറ്റ് ആരംഭിച്ചിട്ടുണ്ട്. സിജെപിക്ക് നിയമസഹായത്തിനായി ഒരു കോടി രൂപ വാഗ്ദാനം ചെയ്തിട്ടുണ്ട്. സമാധാനപരമായ പ്രതിഷേധങ്ങള്‍ക്ക് എതിരായ നടപടികളില്‍ നിയമസഹായം നല്‍കുക എന്നതാണ് ലക്ഷ്യം. സിജെപിക്ക് നിയമപ്രകാരമുള്ള സംരക്ഷണം ഉറപ്പാക്കാനാണ് താന്‍ ശ്രമിക്കുന്നത്. മറ്റ് കാര്യങ്ങളില്‍ പങ്കില്ലെന്നും അതെല്ലാം സിജെപിയുടെ തീരുമാനങ്ങളാണെന്നും കപില്‍ സിബല്‍ വ്യക്തമാക്കി.നിയമസഹായം നല്‍കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് തങ്ങള്‍ക്കൊപ്പം ഭാഗമാകാമെന്ന് സിജെപി വക്താവ് രത്‌ന സിങും പറഞ്ഞു. പൊലീസ് ക്രൂരതകള്‍ പങ്കുവെയ്ക്കാനാണ് വെബ്‌സൈറ്റ് ആരംഭിച്ചിരിക്കുന്നത്. പൊലീസ് അതിക്രമത്തിന്റെ വീഡിയോകളും ഫോട്ടോകളും അടക്കം വെബ്‌സൈറ്റില്‍ നല്‍കാം. വെബ്‌സൈറ്റില്‍ എല്ലാവിവരവും ലഭ്യമാകും. സാക്ഷി എന്ന പേരിലാണ് വെബ്‌സൈറ്റെന്നും രത്‌ന സിങ് പറഞ്ഞു. അസമില്‍ മുസ്‌ലിം വിഭാഗത്തില്‍ നിന്നുള്ള പത്ത് പേര് അറസ്റ്റിലായിട്ടുണ്ടെന്നും രത്‌ന സിങ് ചൂണ്ടിക്കാട്ടി. പ്രത്യേക മതവിഭാഗങ്ങളെ പൊലീസ് ലക്ഷ്യമിടുകയാണ്. ബിഹാറില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ കേസ്. പട്‌നയില്‍ കൊലപാതക ശ്രമം ചുമത്തിയാണ് കേസ് എടുത്തിരിക്കുന്നതെന്നും രത്‌ന സിങ് കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Verified by MonsterInsights