‘സഖാവ് വിജയൻ വിജയിക്കട്ടെ, ഇത് എന്റെ അഭിപ്രായം’; ആശംസകൾ നേർന്ന് കമൽ ഹാസൻ

വീണ്ടുമൊരു തെരഞ്ഞെടുപ്പിനെ നേരിടാനൊരുങ്ങുന്ന മുഖ്യമന്ത്രി പിണറായി വിജയന് വിജയാശംസകള്‍ നേര്‍ന്ന് നടന്‍ കമല്‍ ഹാസന്‍. നമുക്ക് ശരിയായ തീരുമാനം എടുക്കാം. സഖാവ് വിജയന്‍ വിജയിക്കട്ടെ. കേരളവും വിജയിക്കും. ഇത് എന്റെ അഭിപ്രായം.- എന്നാണ് കമല്‍ ഹാസന്‍ എക്‌സില്‍ കുറിച്ചിരിക്കുന്നത്.
‘സഖാവ് പിണറായി വിജയന്, വിജയം ആശംസിക്കുന്നു. കേരള മുഖ്യമന്ത്രി ശ്രീ പിണറായി വിജയന് വരാനിരിക്കുന്ന തെരഞ്ഞെടുപ്പിന് എല്ലാവിധ ആശംസകളും നേരുന്നു. എല്ലാത്തിനുമുപരി, കേരളം എന്ന സംസ്ഥാനം എന്റെ കൂടി കേരളമാണെന്ന് എനിക്ക് തോന്നുന്നു.

ചിലര്‍, അവരുടെ എക്‌സ്‌ക്ലൂസീവ് മനോഭാവത്തിന്റെ ഭാഗമായി എനിക്ക് ഒരു പുറംനാട്ടുകാരന്റെ പദവി നല്‍കിയാലും, ഞാന്‍ വൈകാരികമായി കേരളത്തോട് ഏറെ അടുപ്പം പുലര്‍ത്തുന്നു. അതിനാല്‍, ആ സംസ്ഥാനത്തിന്റെ ഗുണഭോക്താക്കളോട് (ഞാന്‍ ഉള്‍പ്പെടെ) കഴിഞ്ഞ ദശാബ്ദത്തെക്കുറിച്ച് ചിന്തിക്കാനും അദ്ദേഹത്തിന് ആശംസകള്‍ നേരാനും ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു.
നമുക്ക് ശരിയായ തീരുമാനം എടുക്കാം. സഖാവ് വിജയന്‍ വിജയിക്കട്ടെ. കേരളവും വിജയിക്കും. ഇത് എന്റെ അഭിപ്രായം’. – കമല്‍ ഹാസന്‍ എക്‌സില്‍ കുറിച്ചു. മുഖ്യമന്ത്രിയുമായി വളരെ അടുത്തബന്ധം കാത്തുസൂക്ഷിക്കുന്ന ഒരാള്‍ കൂടിയാണ് കമല്‍ ഹാസന്‍.
സര്‍ക്കാരിന്റെ പല പരിപാടികളിലും കമല്‍ ഹാസന്‍ വിശിഷ്ടാതിഥിയായി എത്തിയിരുന്നു. അതേസമയം തെരഞ്ഞെടുപ്പ് പ്രചാരണത്തിന് മുഖ്യമന്ത്രി ഇന്ന് തുടക്കമിടും. കണ്ണൂരില്‍ ഇന്ന് വൈകിട്ട് റോഡ് ഷോ സംഘടിപ്പിച്ചിട്ടുണ്ട്. വൈകിട്ട് 3.30 ന് മട്ടന്നൂര്‍ എയര്‍പോര്‍ട്ട് മുതല്‍ പിണറായി വരെയാണ് റോഡ് ഷോ.
സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിനു ശേഷം മുഖ്യമന്ത്രി ആദ്യമായാണ് മണ്ഡലത്തിലേക്ക് എത്തുന്നത്. വരും ദിവസങ്ങളില്‍ വോട്ടര്‍മാരെ നേരിട്ട് കണ്ടുള്ള പ്രചരണവുമായി പിണറായി വിജയന്‍ മണ്ഡലത്തില്‍ സജീവമാകും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Verified by MonsterInsights