ഭര്‍ത്താവിന്റെ മാതാപിതാക്കളെ സംരക്ഷിക്കാന്‍ മരുമകള്‍ക്കു ബാധ്യതയില്ല: അലഹാബാദ് ഹൈക്കോടതി

പ്രയാഗ്രാജ്: ഭര്‍ത്താവിന്റെ മാതാപിതാക്കളെ സംരക്ഷിക്കാന്‍ മരുമകള്‍ക്ക് നിയമപരമായ ബാധ്യതയില്ലെന്ന് അലഹബാദ് ഹൈക്കോടതി. ഭാരതീയ നാഗരിക് സുരക്ഷാ സംഹിത പ്രകാരം ഭര്‍തൃ മാതാപിതാക്കള്‍ക്കു മരുമകളില്‍ നിന്ന് ജീവനാംശം ആവശ്യപ്പെടാനാവില്ലെന്ന് ജസ്റ്റിസ് മദന്‍ പാല്‍ സിങ്് വ്യക്തമാക്കി.നിയമത്തില്‍ വ്യക്തമായി പരാമര്‍ശിച്ചിട്ടുള്ള വിഭാഗങ്ങള്‍ക്ക് മാത്രമേ ജീവനാംശം ആവശ്യപ്പെടാന്‍ അര്‍ഹതയുള്ളൂവെന്ന് കോടതി പറഞ്ഞു. നിയമപരമായി ഭര്‍ത്താവിന്റെ മാതാപിതാക്കള്‍ ഈ വിഭാഗത്തില്‍ ഉള്‍പ്പെടുന്നില്ല.ഭര്‍ത്താവിന്റെ മാതാപിതാക്കളെ നോക്കുക എന്നത് ഒരു ധാര്‍മ്മിക കടമയായിരിക്കാം. എന്നാല്‍ നിയമപരമായ പിന്‍ബലം അതിനില്ല. ധാര്‍മ്മികമായ ബാധ്യതകളെ നിയമപരമായി നടപ്പിലാക്കാന്‍ കോടതിക്ക് കഴിയില്ലെന്ന് ബെഞ്ച് വ്യക്തമാക്കി. മരുമകളുടെ മേല്‍ ഇത്തരമൊരു ബാധ്യത അടിച്ചേല്‍പ്പിക്കുന്നത് നിയമ സംവിധാനത്തിന്റെ ലക്ഷ്യമല്ലെന്നു കോടതി ചൂണ്ടിക്കാട്ടി.
ആഗ്രയിലെ കുടുംബ കോടതി വിധിയെ ചോദ്യം ചെയ്തുകൊണ്ട് പ്രായമായ ദമ്പതികള്‍ സമര്‍പ്പിച്ച ഹര്‍ജി തള്ളിക്കൊണ്ടാണ് ഹൈക്കോടതിയുടെ ഉത്തരവ്. ഉത്തര്‍പ്രദേശ് പൊലീസില്‍ കോണ്‍സ്റ്റബിളായ മരുമകള്‍ക്കെതിരെയായിരുന്നു ഇവരുടെ പരാതി. തങ്ങള്‍ പ്രായമായവരും നിരക്ഷരരും ദരിദ്രരുമാണെന്നും ഏക മകന്റെ മരണശേഷം തങ്ങളെ നോക്കാന്‍ ആരുമില്ലെന്നും ദമ്പതികള്‍ വാദിച്ചു. മകന്റെ മരണാനന്തര ആനുകൂല്യങ്ങളെല്ലാം കൈപ്പറ്റുന്നത് മരുമകളാണെന്നും അവര്‍ക്ക് സ്വന്തമായി വരുമാനമുണ്ടെന്നും ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടി. എന്നാല്‍ ഈ വാദങ്ങള്‍ തള്ളിയ കോടതി മരുമകള്‍ക്ക് ജോലി ലഭിച്ചത് ഭര്‍ത്താവിന്റെ മരണത്തെത്തുടര്‍ന്നുള്ള കാരുണ്യ നിയമനത്തിലൂടെ ആണെന്ന് തെളിയിക്കാന്‍ രേഖകളില്ലെന്നും വ്യക്തമാക്കി.സ്വത്ത് തര്‍ക്കങ്ങള്‍ സംബന്ധിച്ച കാര്യങ്ങള്‍ ഇത്തരം ജീവനാംശ കേസുകളില്‍ പരിഗണിക്കാന്‍ കഴിയില്ലെന്നും കോടതി ഓര്‍മ്മിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Verified by MonsterInsights