ശൈലജ ടീച്ചര്‍ നമ്മളെക്കുറിച്ച് അഞ്ച് വര്‍ഷം ചിന്തിച്ചതു കൊണ്ടാണ് പലരുമിപ്പോഴും ശ്വാസം എടുക്കുന്നതും, എഴുന്നേറ്റ് നില്‍ക്കുന്നതും’; കുക്കു പരമേശ്വരന്‍.
പേരാവൂരില്‍ കെ കെ ശൈലജയ്ക്കായി പ്രചാരണത്തിനെത്തിയതായിരുന്നു കുക്കു പരമേശ്വരന്‍. ശൈലജ ടീച്ചര്‍ കേരളത്തെക്കുറിച്ച് അഞ്ച് വര്‍ഷം ചിന്തിച്ചതിന്റെ റിസല്‍റ്റ് അനുഭവിച്ചവരാണ് നമ്മളെന്നും. അതുകൊണ്ട് തന്നെയാണ് നമ്മളില്‍ പലരുമിപ്പോഴും ശ്വാസം എടുക്കുന്നതും ധൈര്യത്തോടെ എഴുന്നേറ്റ് നില്‍ക്കുന്നതെന്നും കുക്കു പറഞ്ഞു.
‘ശരിയാണ് ഞാന്‍ ഇന്ന് ഇവിടെ വരുന്നത് എനിക്ക് മാത്രം അറിയാവുന്ന ഒരു സത്യമാണ്. ഞാന്‍ വന്നത്, ഇവിടെ വരാതിരിക്കാന്‍ എനിക്ക് കഴിയില്ല. കഴിഞ്ഞ പത്ത് വര്‍ഷത്തെ കേരളം നിങ്ങളെപ്പോലെ തന്നെ കണ്ട ഒരാളാണ് ഞാനും. അതിനെ നിഷേധിക്കാന്‍ എനിക്ക് കഴിയില്ല എന്നുള്ളതു കൊണ്ടും ഈ കേരളവും ഈ മുന്നേറ്റത്തിലും കണ്ണൂരിന്, ഞങ്ങള്‍ക്കൊരുപാട് കടപ്പാടുണ്ട്.
കേരളത്തില്‍ തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെ യാത്ര ചെയ്യുന്ന, തൊഴിലിന്റെ ഭാ?ഗമായി യാത്ര ചെയ്യുന്ന ഒരാളെന്ന നിലയ്ക്ക്, സ്ത്രീയെന്ന നിലയ്ക്ക് ഞാന്‍ കണ്ട കേരളം, 10 വര്‍ഷത്തെ കേരളം. അത് നിങ്ങളോട് പറയാന്‍, നിങ്ങളോട് നന്ദി പറയാനും കൂടിയാണ് ഞാനിവിടെ വന്നത്. ഇങ്ങനെയുള്ള എല്‍ഡിഎഫിലെ ഭരണാധികാരികള്‍ ഞങ്ങള്‍ക്ക് തന്നത് അങ്ങനെയൊരു കേരളമാണ്.
കേരളത്തിന്റെ മുന്നേറ്റത്തിന്, വികസനം എന്ന് പറയുമ്പോള്‍ റോഡും പാലങ്ങളും ആശുപത്രികളും മാത്രമല്ല. ഇത്തവണ നമുക്ക് കിട്ടിയത് ശുദ്ധ വായു, വെള്ളം, ചിരിക്കുന്ന കുട്ടികള്‍, സ്ത്രീകള്‍ അങ്ങനെ… അതൊക്കെ വികസനമാണ്, അതൊക്കെ തൊട്ടറിഞ്ഞ വികസനമാണ്. ഇത് തിരിച്ചറിഞ്ഞാണ് ഇക്കഴിഞ്ഞ 10 വര്‍ഷം നമ്മള്‍ മുന്നോട്ട് പോയത്.
അത് കണ്ടില്ലെന്ന് നടിക്കാതിരിക്കാന്‍ കൂടിയാണ് ഞാന്‍ ഇന്ന് ഇങ്ങോട്ട് വന്നത്. നിങ്ങളുടെ വീട്ടില്‍ തന്നെ നിങ്ങളറിയുന്ന കന്നി വോട്ടുകാര്‍, നിങ്ങളുടെ അയല്‍ക്കാര്‍, നിങ്ങളുടെ സുഹൃത്തുക്കള്‍ അവരോട് നിര്‍ബന്ധമായും പറയണം നമ്മള്‍ ഒരടി മുന്നോട്ട് വച്ചത് ഈ ഇലക്ഷന്‍ കഴിയുമ്പോള്‍ രണ്ടടി പിന്നോട്ട് ആകരുത്.
കേരളം മുന്നോട്ട് പോകുന്നത്, ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങള്‍ക്ക് സഹിക്കാന്‍ കഴിയാത്തതാണ്. നമ്മള്‍ കേരളം ഇന്ത്യയിലെ ഒരു സംസ്ഥാനം ആണെന്ന് അല്ല പറയുക. ഇതൊരു രാജ്യം തന്നെയാണ്. കേരളം മറ്റൊന്നുമായിട്ട് നമുക്ക് തുലനം ചെയ്യാന്‍ പറ്റില്ല. ഞാന്‍ കേരളത്തിലെ എല്ലാ അതിര്‍ത്തികളിലും യാത്ര ചെയ്യുന്നതാണ്.
നമുക്കിവിടെ കിട്ടുന്ന സ്വാതന്ത്ര്യം. എന്താണ് സ്വാതന്ത്ര്യം?. ഇഷ്ടം പോലെ നടക്കാനും ഇഷ്ടം പോലെ ചെയ്യാനും മാത്രമല്ല ചിന്തിക്കാനും എതിരുകള്‍ പറയാനും എതിര്‍പ്പുകള്‍ പ്രകടിപ്പിക്കാനും ധൈര്യത്തോടെ, നിങ്ങള്‍ ശരിയല്ല എന്ന് പറയുമ്പോള്‍ അങ്ങനെയാണോ എന്നൊക്കെ പറയാനും പറ്റണം. നമുക്ക് എല്ലാ സൗകര്യങ്ങളും തരുന്ന ഭരണകര്‍ത്താക്കളെ കുറ്റം പറയുന്നതല്ലാതെ നമ്മള്‍ അവരോട് നന്ദി പറയാറില്ല.
നമ്മള്‍ നടക്കുന്ന റോഡിന്റെ സൗകര്യം, നമുക്ക് തടസമില്ലാതെ കിട്ടുന്ന വൈദ്യുതി. അതൊന്നും നമ്മള്‍ കാണില്ല. ഒരു ദിവസം കറന്റ് വന്നില്ലെങ്കില്‍ നമ്മള്‍ പരാതി പറയും. അപ്പോള്‍ മന്ത്രിസഭയെ കുറ്റം പറയും, മന്ത്രിയെ കുറ്റം പറയും. ഒരു ദിവസം റോഡില്‍ ഒരു കുഴി വന്നാല്‍ അത് മാത്രമേ എനിക്കും നിങ്ങള്‍ക്കും വാര്‍ത്തയുള്ളൂ.
ഈ നന്ദി അത് വേണം, ഓരോ ദിവസവും വേണം. കേരളം ഇങ്ങനെയായത് ഒരു ദിവസം കൊണ്ടല്ല. ഒരുപാട് കഷ്ടപ്പാടുകളിലൂടെയാണ്. രാഷ്ട്രീയം ഒരു തൊഴിലായി എടുക്കുമ്പോള്‍ ഒരുപാട് കടപ്പാടുകളുണ്ട്. അങ്ങനെയുള്ളവരാണ് നമ്മുടെ ഈ ഭരണകര്‍ത്താക്കള്‍. ഇന്നിവിടെ അഭിമാനത്തോടെയാണ് ഞാന്‍ നില്‍ക്കുന്നത്.
രാഷ്ട്രീയം എന്നല്ല ഒരു തൊഴിലും സത്രീകള്‍ക്ക് എളുപ്പമല്ല. ഒരുപാട് സംഘര്‍ഷങ്ങളുണ്ട്. അത് സിനിമ ആയിക്കോട്ടെ, വീട്ടമ്മ ആയിക്കോട്ടെ, ടീച്ചര്‍ ആയിക്കോട്ടെ, ഡോക്ടര്‍ ആയിക്കോട്ടെ. ആ സംഘര്‍ഷങ്ങള്‍ക്കിടയിലും ഈ മണ്ഡലത്തെക്കുറിച്ച് ചിന്തിക്കാന്‍ ശൈലജ ടീച്ചര്‍ വരുന്നു.
ആ ശൈലജ ടീര്‍ച്ചര്‍ കേരളത്തെക്കുറിച്ച് അഞ്ച് വര്‍ഷം ചിന്തിച്ചതിന്റെ റിസല്‍റ്റ് അനുഭവിച്ചവരാണ് നമ്മള്‍. അഭിമാനത്തോടെ തന്നെ പറയട്ടെ അതുകൊണ്ട് തന്നെയാണ് നമ്മളില്‍ പലരുമിപ്പോഴും ശ്വാസം എടുക്കുന്നതും.
ധൈര്യത്തോടെ എഴുന്നേറ്റ് നില്‍ക്കുന്നതും. ആ ധൈര്യം നമ്മള്‍ മുന്നോട്ട് കൊണ്ടുപോകണമെങ്കില്‍ ശൈലജ ടീച്ചര്‍ നിയമസഭയില്‍ ഉണ്ടായിരിക്കേണ്ടത് നിങ്ങളുടെ മാത്രം ആവശ്യമല്ല. നമ്മുടെ കേരളത്തിന്റെ ആവശ്യമാണ്’.- കുക്കു പരമേശ്വരന്‍ പറഞ്ഞു.









