പിന്നില്‍ ഇരുന്ന് കളിയാക്കി ചിരിച്ചവര്‍, നിന്നെക്കൊണ്ട് ഇതൊന്നും പറ്റില്ല എന്ന് പറഞ്ഞവര്‍; അനുഭവങ്ങള്‍ പങ്കുവച്ച് ശ്രീജ രവി

അന്‍പത് വര്‍ഷത്തിലധികമായി ഡബ്ബിങ് ലോകത്ത് സജീവമാണ് ശ്രീജ രവി . ഇപ്പോള്‍ അഭിനയത്തിലും സജീവമാവുന്ന ശ്രീജ രവിയുടെ മോഹിനിയാട്ടം എന്ന പുതിയ സിനിമ നാളെ, ഏപ്രില്‍ 10 ന് തിയേറ്ററുകളില്‍ എത്തുകയാണ്. സിനിമയുടെ വിശേഷങ്ങള്‍ പങ്കുവയ്ക്കവെ കരിയറില്‍ താന്‍ നേരിട്ട അവഗണനകളെ കുറിച്ചും ശ്രീജ രവി സംസാരിച്ചു. സമയം മലയാളത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ശ്രീജ രവി.

1973 ല്‍ തുടങ്ങിയതാണ് സിനിമ ജീവിതം. ഒരുപാട് മുറിപ്പെടുത്തുന്ന അനുഭവങ്ങള്‍ പ്രൊഫഷണല്‍ ജീവിതത്തില്‍ ഉണ്ടായിട്ടുണ്ട്. അതൊക്കെ നമുക്ക് ക്ഷമിക്കാന്‍ കഴിയും, പക്ഷേ പലതും മറക്കാന്‍ കഴിയില്ല. അത്രയും വേദനിപ്പിക്കുന്നത് പലതും ചിലര്‍ എന്നോട് ചെയ്തിട്ടുണ്ട്, പറഞ്ഞിട്ടുണ്ട്- ശ്രീജ രവി പറഞ്ഞു.
ഞാന്‍ പോലും അറിയാത്ത കാര്യങ്ങള്‍ക്കാണ് എന്നെ കുറ്റപ്പെടുത്തിയിട്ടുള്ളത്. ഒരു സിനിമയ്ക്ക് നമ്മള്‍ ഡബ്ബ് ചെയ്യുന്നു, അത് ഇഷ്ട്പ്പെട്ട് മറ്റൊരു സിനിമയിലേക്ക് വിളിക്കുമ്പോള്‍ നമുക്ക് അറിയില്ല എന്താണ് ബാക്ക് സ്റ്റേജില്‍ നടക്കുന്നത് എന്ന്. മറ്റാര്‍ക്കെങ്കിലും മാറ്റി വച്ചിരുന്നതായിരുന്നോ അത് എന്നും നമുക്കറിയില്ല. നമ്മളെ വിളിക്കുന്ന, പോയി ചെയ്യുന്നു. അതിന്റെയൊക്കെ പേരില്‍ പല തരത്തിലുള്ള കാര്യങ്ങളും എനിക്ക് കേള്‍ക്കേണ്ടി വന്നു.
കരിയറിന്റെ തുടക്കത്തില്‍ സീനിയര്‍ ആയിട്ടുള്ള ഒരു ഡബ്ബിങ് ആര്‍ട്ടിസറ്റ് എന്നോട് പറഞ്ഞു, നിന്നെക്കൊണ്ട് നായികമാര്‍ക്കൊന്നും ഡബ്ബ് ചെയ്യാന്‍ പറ്റില്ല, ഇതൊന്നും നിനക്ക് പറ്റിയ പണിയല്ല, വേറെ എന്തെങ്കിലും പഠിച്ചിട്ട് പോകാന്‍ നോക്ക് എന്ന്. അത് എന്നെ വളരെ വേദനിപ്പിച്ചു. അവര്‍ പറഞ്ഞത് തെറ്റാണ് എന്ന് പറയുകയല്ല, പക്ഷേ അന്ന് വളരെ കഷ്ടത്തിലായിരിക്കുന്ന കുടുംബത്തെ രക്ഷപ്പെടുത്താന്‍ അതല്ലാതെ എനിക്ക് മറ്റ് മാര്‍ഗമില്ലായിരുന്നു. ഞാന്‍ പ്ലസ് ടു വരെ മാത്രമേ പഠിച്ചിട്ടുള്ളൂ, അറിയുന്ന തൊഴില്‍ ഇതാണ്, ഇത് ചെയ്ത് എങ്ങനെയെങ്കിലും പച്ചപിടിച്ച് വരും എന്ന പ്രതീക്ഷയിലാണ് ചെയ്യുന്നത്.

അങ്ങനെയൊക്കെയുള്ള കുറ്റപ്പെടുത്തലുകള്‍ കേള്‍ക്കുമ്പോള്‍ അതില്‍ നിന്നൊക്കെ ഡൗണ്‍ ആയി, എനിക്ക് പറ്റില്ല എന്ന് പറഞ്ഞ് ഞാന്‍ നിര്‍ത്തിയിരുന്നുവെങ്കില്‍ ഇന്ന് ഇവിടെ ഞാനുണ്ടാവില്ല- ശ്രീജ രവി പറഞ്ഞു.

അതുപോലെ പൊട്ടിച്ചിരിക്കാന്‍ എനിക്ക് തുടക്കത്തില്‍ അറിയില്ലായിരുന്നു. അന്നൊക്കെ എല്ലാ ഡബ്ബിങ് ആര്‍ട്ടിസ്റ്റുകളും ഒരുമിച്ചാണ് സ്റ്റുഡിയോയില്‍ ഉണ്ടാവുക. പിജി വിശ്വംബരന്‍ സാറിന്റെ ഒരു പ്രേത സിനിമയ്ക്ക് ഞാന്‍ ഡബ്ബ് ചെയ്യുമ്പോള്‍ എന്നെ കളിയാക്കി ചിരിച്ചവരുണ്ട്. അന്ന് അത് ചെയ്യാന്‍ പറ്റാതെ ഞാന്‍ അവിടെ നിന്നും ഇറങ്ങി. പിന്നീട് പലരെയും കണ്ടു പഠിച്ച്, കണ്ണാടിയുടെ മുന്നില്‍ പോയി നിന്ന് പ്രാക്ടീസ് ചെയ്താണ് ആകാശ ഗംഗ എന്ന ചിത്രത്തിലെ പ്രേതച്ചിരി ചിരിച്ചത് എന്നും ശ്രീജ രവി പറയുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Verified by MonsterInsights