കോഴിക്കോട്: വെള്ളയിൽ പോലീസ് സ്റ്റേഷന് സമീപം ഏപ്രിൽ അഞ്ചിന് രാത്രി എട്ട് മണിയോടെയാണ് സംഭവങ്ങളുടെ തുടക്കം. മനു ഓടിച്ചിരുന്ന കാർ നിയന്ത്രണം വിട്ട് പള്ളിക്കണ്ടി സ്വദേശിയുടെ സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു. അപകടത്തിൽ പരിക്കേറ്റ മനുവിനെയും സ്കൂട്ടർ യാത്രക്കാരനെയും പുതിയാപ്പ സ്വദേശിയായ പ്രണവ് എന്ന യുവാവ് ഉടൻ തന്നെ കോഴിക്കോട് ബീച്ച് ആശുപത്രിയിൽ എത്തിച്ചു.
ആശുപത്രിയിൽ എത്തിയ മനുവിന്റെ സുഹൃത്തുക്കൾ, സഹായത്തിനെത്തിയ പ്രണവിനെ യാതൊരു പ്രകോപനവുമില്ലാതെ ക്രൂരമായി മർദിച്ചു. മർദനമേറ്റ പ്രണവിന്റെ നെറ്റിയിൽ നിന്ന് രക്തം വാർന്ന് ബോധം നഷ്ടപ്പെട്ടു. അക്രമി സംഘം അവിടെ നിന്ന് കടന്നുകളയുകയും ചെയ്തു. ഇതിനിടെ പോലീസ് എത്തുമെന്ന് മനസ്സിലാക്കിയ മനുവും ആശുപത്രിയിൽ നിന്ന് ആരുമറിയാതെ മുങ്ങി.
മനുവിന്റെയും സുഹൃത്തുക്കളുടെയും പെരുമാറ്റത്തിൽ സംശയം തോന്നിയ പോലീസ് അപകടസ്ഥലത്തെത്തി കാർ വിശദമായി പരിശോധിച്ചു. ഈ പരിശോധനയിലാണ് കാറിലെ ബാഗിനുള്ളിലെ പേഴ്സിൽ നിന്ന് 2.84 ഗ്രാം എം.ഡി.എം.എ കണ്ടെടുത്തത്. ലഹരിമരുന്ന് ഉപയോഗിക്കാനുള്ള ഗ്ലാസ് ട്യൂബും കൃത്യമായി തൂക്കി വിൽക്കാൻ ഉപയോഗിക്കുന്ന ഇലക്ട്രോണിക് ത്രാസും കാറിൽ ഒളിപ്പിച്ച നിലയിലായിരുന്നു.
ഒളിവിൽ പോയ മനുവിനെ കണ്ടെത്താൻ പോലീസ് നടത്തിയ ഊർജ്ജിത അന്വേഷണത്തിനൊടുവിൽ എലത്തൂർ ജട്ടി റോഡിൽ വെച്ച് ഇയാളെ കസ്റ്റഡിയിലെടുത്തു. മനുവിനെതിരെ ഇതിന് മുൻപും മയക്കുമരുന്ന് ഉപയോഗിച്ചതിനും പൊതുസ്ഥലത്ത് മദ്യപിച്ചതിനും വിവിധ സ്റ്റേഷനുകളിൽ കേസുകളുണ്ടെന്ന് പോലീസ് അറിയിച്ചു.
കാറിലുണ്ടായിരുന്ന മനുവിന്റെ സുഹൃത്തുക്കളെയും പ്രണവിനെ മർദിച്ചവരെയു കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്. അപകടത്തിൽ പരിക്കേറ്റ സ്കൂട്ടർ യാത്രക്കാരൻ നിലവിൽ ചികിത്സയിലാണ്.









