വീട് കുലുങ്ങിയപ്പോള്‍ ഞെട്ടിയുണര്‍ന്നു, നോക്കിയപ്പോള്‍ ബെഡില്‍ നിറയെ ചോര; ആറു വയസുകാരിയുടെ കാലില്‍ ചില്ലുകള്‍ തുളച്ചുകയറി

തൃശൂര്‍: മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയിലുണ്ടായ സ്‌ഫോടനത്തെ തുടര്‍ന്ന് 700 മീറ്റര്‍ അകലെയുള്ള വീട് കുലുങ്ങിയപ്പോള്‍ അച്ഛന്‍ നിഖിലും ആറു വയസുകാരി ടെസ മരിയ നിഖിലും ഞെട്ടിയുണര്‍ന്നു. സ്‌ഫോടനം നടക്കുന്ന സമയത്ത് അച്ഛനൊപ്പം ഉച്ചമയക്കത്തിലായിരുന്നു ടെസ. ഞെട്ടിയുണര്‍ന്നപ്പോള്‍ കാല്‍ വേദനിച്ചു. നോക്കിയപ്പോള്‍ ബെഡില്‍ നിറയെ ചോര. സ്‌ഫോടനത്തിന്റെ ശക്തിയില്‍ ജനല്‍ചില്ലുകള്‍ പൊട്ടിത്തെറിച്ച് ടെസയുടെ കാലില്‍ തുളച്ചു കയറുകയായിരുന്നു.ടിവി ഉള്‍പ്പെടെ വീട്ടുപകരണങ്ങള്‍ പൊട്ടുന്ന ശബ്ദം പിന്നാലെ കേട്ടതോടെ കുഞ്ഞിനെയുമെടുത്ത് നിഖില്‍ അടുത്ത മുറിയിലേക്ക് ഓടി.ടെസയുടെ സഹോദരി ഇസാ മരിയ, അമ്മ അമ്മുവിന്റെ കൂടെ കളിക്കുകയായിരുന്നു. ഇസയുടെ ചെവിയില്‍ ജനല്‍ചില്ല് തട്ടിയെങ്കിലും പരിക്കില്ല. കുഞ്ഞുങ്ങളെയും വാരിയെടുത്ത് നിഖിലും അമ്മുവും പുറത്തേക്ക് ഓടി. സമീപത്തെ വീടുകളില്‍നിന്നും ആളുകള്‍ പുറത്തേക്ക് ഓടിവരുന്നതു കണ്ടതായി നിഖില്‍ പറഞ്ഞു. ടെസയുടെ വലതു കാലിന്റെ മുട്ടിനു താഴെയാണ് രണ്ടു വലിയ ചില്ലുകള്‍ തറച്ചു കയറിയത്. മുണ്ടത്തുകാവ് ബിവിഎല്‍പി സ്‌കൂളിലെ എല്‍കെജി വിദ്യാര്‍ഥിയാണ്. കുട്ടിയെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Verified by MonsterInsights