‘പൊളിറ്റിക്കൽ വൈറ്റ് വാഷിങ്, വസ്തുതകളെ കൈകാര്യം ചെയ്ത രീതി അങ്ങേയറ്റം വിചിത്രം’; ‘പള്ളിച്ചട്ടമ്പി’ക്കെതിരെ സന്ദീപ് വാര്യർ

ടൊവിനോ തോമസ് നായകനായെത്തിയ പള്ളിച്ചട്ടമ്പി സിനിമക്കെതിരെ കോണ്‍?ഗ്രസ് നേതാവ് സന്ദീപ് വാര്യര്‍. വിമോചന സമരകാലത്തെ കേരളത്തെയും ആദ്യ കമ്മ്യൂണിസ്റ്റ് സര്‍ക്കാരിനെയും അവതരിപ്പിക്കുന്നത് വസ്തുതകളെ മറച്ചുവെച്ചോ അല്ലെങ്കില്‍ ബോധപൂര്‍വ്വം വെള്ളപൂശിയോ ആണെന്ന് സന്ദീപ് ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

വിമോചന സമരത്തിന്റെ ഏറ്റവും വേദനിക്കുന്ന പ്രതീകമായിരുന്നു ചെറിയതുറയിലെ പൊലീസ് വെടിവെപ്പില്‍ കൊല്ലപ്പെട്ട ഫ്‌ലോറി എന്ന ഗര്‍ഭിണി. ഒരു ജനാധിപത്യ സര്‍ക്കാരിന്റെ കീഴില്‍ നടന്ന ഇത്തരം കിരാത നടപടികളെ സിനിമ കൈകാര്യം ചെയ്ത രീതി അങ്ങേയറ്റം വിചിത്രമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഒരു സര്‍ക്കാരിന്റെ കാലത്ത് നടക്കുന്ന പൊലീസ് വെടിവെപ്പിന്റെ ധാര്‍മ്മികവും രാഷ്ട്രീയവുമായ ഉത്തരവാദിത്വം ഭരണാധികാരിയില്‍ നിന്ന് മാറ്റിക്കാണിക്കുന്നത് പൊളിറ്റിക്കല്‍ വൈറ്റ് വാഷിങ് അല്ലാതെ മറ്റൊന്നുമല്ലെന്നും സന്ദീപ് വ്യക്തമാക്കി.

ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം

ചരിത്രത്തെ ‘വെളുപ്പിച്ചെടുക്കുന്ന’ പള്ളിച്ചട്ടമ്പി

സിനിമ ഒരു കലാരൂപമെന്ന നിലയില്‍ ആവിഷ്‌കാര സ്വാതന്ത്ര്യം അനുവദിക്കുമ്പോഴും, ചരിത്രപരമായ സത്യങ്ങളെ വളച്ചൊടിക്കുന്നത് ഗൗരവകരമായ ചര്‍ച്ചകള്‍ക്ക് വഴിമാറേണ്ടതുണ്ട്.

‘പള്ളിച്ചട്ടമ്പി’ എന്ന സിനിമ വിമോചന സമരകാലത്തെ കേരളത്തെയും ആദ്യ കമ്മ്യൂണിസ്റ്റ് സര്‍ക്കാരിനെയും അവതരിപ്പിക്കുന്നത് വസ്തുതകളെ മറച്ചുവെച്ചോ അല്ലെങ്കില്‍ ബോധപൂര്‍വ്വം വെള്ളപൂശിയോ ആണെന്ന് പറയാതെ വയ്യ.

വിമോചന സമരത്തിന്റെ ഏറ്റവും വേദനിക്കുന്ന പ്രതീകമായിരുന്നു ചെറിയതുറയിലെ പൊലീസ് വെടിവെപ്പില്‍ കൊല്ലപ്പെട്ട ഫ്‌ലോറി എന്ന ഗര്‍ഭിണി. ഒരു ജനാധിപത്യ സര്‍ക്കാരിന്റെ കീഴില്‍ നടന്ന ഇത്തരം കിരാത നടപടികളെ സിനിമ കൈകാര്യം ചെയ്ത രീതി അങ്ങേയറ്റം വിചിത്രമാണ്.

ഭരണകൂടമോ മുഖ്യമന്ത്രിയായിരുന്ന ഇഎംഎസ്സോ അറിയാതെ പൊലീസ് സ്വന്തം നിലയ്ക്ക് ചെയ്തതാണ് ഈ ക്രൂരത എന്ന മട്ടിലുള്ള ചിത്രീകരണം ചരിത്രപരമായ സത്യസന്ധതയ്ക്ക് നിരക്കാത്തതാണ്.

ഒരു സര്‍ക്കാരിന്റെ കാലത്ത് നടക്കുന്ന പൊലീസ് വെടിവെപ്പിന്റെ ധാര്‍മ്മികവും രാഷ്ട്രീയവുമായ ഉത്തരവാദിത്വം ഭരണാധികാരിയില്‍ നിന്ന് മാറ്റിക്കാണിക്കുന്നത് പൊളിറ്റിക്കല്‍ വൈറ്റ് വാഷിങ് അല്ലാതെ മറ്റൊന്നുമല്ല.

മുഖ്യമന്ത്രിക്ക് ഈ കാര്യങ്ങളെക്കുറിച്ച് അറിവില്ലായിരുന്നു എന്ന് വരുത്തിത്തീര്‍ക്കുന്നതിലൂടെ ഒരു നേതാവിന്റെ വ്യക്തിപ്രഭാവത്തെ സംരക്ഷിക്കാനാണ് സിനിമ ശ്രമിക്കുന്നത്.

ഫ്‌ലോറിയുടെ മരണം വിമോചന സമരത്തെ ആളിക്കത്തിച്ച സംഭവമാണ്. ഒരു ജനതയുടെ പ്രതിഷേധത്തെയും രക്തസാക്ഷിത്വത്തെയും കേവലം സാങ്കേതിക പിഴവുകളായോ പൊലീസിന്റെ വീഴ്ചയായോ ചുരുക്കിക്കാണിക്കുന്നത് ആ കാലഘട്ടത്തില്‍ നീതി നിഷേധിക്കപ്പെട്ടവരോട് ചെയ്യുന്ന അനീതിയാണ്.

ചരിത്രത്തിലെ ഇരുണ്ട അധ്യായങ്ങളെ വെള്ളപൂശി തങ്ങള്‍ക്ക് അനുകൂലമായ ഒരു രാഷ്ട്രീയ ആഖ്യാനം നിര്‍മ്മിച്ചെടുക്കാനുള്ള ശ്രമമാണ് പള്ളിച്ചട്ടമ്പിയിലൂടെ നടക്കുന്നത്. ചരിത്രം വായിക്കുന്നവര്‍ക്ക് ഈ സിനിമ നല്‍കുന്നത് ഒരു വശത്തെ മാത്രം മഹത്വവല്‍ക്കരിക്കുന്ന പാതിവെന്ത സത്യങ്ങളാണ്.

സത്യസന്ധമായ രാഷ്ട്രീയ സിനിമകള്‍ ഉണ്ടാകണമെങ്കില്‍ ഭരണകൂട ഭീകരതകളെയും വീഴ്ചകളെയും മറയില്ലാതെ കാണിക്കാനുള്ള ആര്‍ജ്ജവം കൂടി അണിയറപ്രവര്‍ത്തകര്‍ കാണിക്കേണ്ടതുണ്ട്. പുതുപ്പള്ളിയില്‍ നിന്ന് എംഎന്‍ ചാണ്ടിയെ കൊണ്ട് വന്ന് ബാലന്‍സ് നടത്തിയത് കൊണ്ട് മാത്രം വ്യാജ ചരിത്ര നിര്‍മ്മിതി എതിര്‍ക്കപ്പെടാതെ പോകില്ല.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Verified by MonsterInsights