ക്ലിഫ് ഹൗസിനു കൂടുതൽ മോടി വേണ്ട; മന്ത്രി മന്ദിരങ്ങൾക്കും അറ്റകുറ്റപ്പണി മാത്രം മതി; സതീശന്റെ നിർദ്ദേശം

തിരുവനന്തപുരം: അകമ്പടി വാഹനങ്ങളുടെ എണ്ണം കുറയ്ക്കാനുള്ള തീരുമാനത്തിനു പിന്നാലെ മുഖ്യമന്ത്രിയുടെ ഔദ്യോ​ഗിക വസതിയായ ക്ലിഫ് ഹൗസിനു കൂടുതൽ മോടി വേണ്ടെന്നു പൊതുഭരണ വകുപ്പിനു വിഡി സതീശന്റെ നിർദ്ദേശം. വൻ തുക മുടക്കി മോടി പിടിപ്പിക്കേണ്ടതില്ലെന്നും ചില്ലറ അറ്റകുറ്റപ്പണി മാത്രം മതിയെന്നുമാണ് നിർദ്ദേശം. മന്ത്രി മന്ദിരങ്ങളും മോടി പിടിപ്പിക്കേണ്ടതില്ലെന്നും നിർദ്ദേശം നൽകിയിട്ടുണ്ട്.

പിണറായി വിജയൻ സർക്കാരിന്റെ കാലത്ത് ഏറെ വിവാദ​മായിരുന്നു ക്ലിഫ് ഹൗസ് മോടി പിടിപ്പിക്കൽ. സാമ്പത്തിക പ്രതിസന്ധികൾക്കിടെ ക്ലിഫ് ഹൗസിൽ നീന്തൽ കുളമുൾപ്പെടെയുള്ളവയുടെ മോടി പിടിപ്പിക്കലാണ് വിവാദമായത്. ക്ലിഫ് ഹൗസ് ഉൾപ്പെടെയുള്ള മന്ത്രി മന്ദിരങ്ങളിൽ മരപ്പട്ടി ശല്യം ഉണ്ടെന്ന പിണറായിയുടെ പരസ്യ പ്രതികരണവും വാർത്തകളിൽ ഇടം പിടിച്ചിരുന്നു.നീന്തൽക്കുളം മോടി പിടിപ്പിക്കാൻ 31,92,360 രൂപയാണ് പിണറായി കാലത്ത് ചെലവിട്ടത്. ക്ലിഫ് ഹൗസിൽ ലിഫ്റ്റ് പണിതതും വിവാദമായിരുന്നു. 25.50 ലക്ഷം മുടക്കിയാണ് ലിഫ്റ്റ് പണിതത്.

മുഖ്യമന്ത്രിയുടെ ഔദ്യോ​ഗിക വസതിയായ ക്ലിഫ് ഹൗസിൽ ഏഴ് കിടപ്പ് മുറികളാണ് ഉള്ളത്. 15,000 ചതുരശ്ര അടിയാണ് വലിപ്പം. ഓഫീസ് മുറി, കോൺഫറൻസ് ഹാൾ എന്നിവയുമുണ്ട്. സുരക്ഷാ ഉദ്യോ​ഗസ്ഥർക്കും മറ്റ് ജീവനക്കാർക്കുമായുള്ള രണ്ട് ചെറിയ കെട്ടിടങ്ങളും ക്ലിഫ് ഹൗസ് കോമ്പൗണ്ടിലുണ്ട്. 4.2 ഏക്കറിലായാണ് ക്ലിഫ് ഹൗസ് അടക്കമുള്ള കെട്ടിടങ്ങൾ നിൽക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Verified by MonsterInsights