നവകേരള യാത്രക്കിടെ പ്രതിഷേധക്കാരെ മര്‍ദിച്ച കേസ്; അന്വേഷണം ആരംഭിച്ച് എസ്‌ഐടി

നവകേരള യാത്രക്കിടെ മുന്‍ മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍മാര്‍ നടത്തിയ അക്രമത്തില്‍ അന്വേഷണം ആരംഭിച്ച് എസ്‌ഐടി. മുന്‍ അന്വേഷണത്തിന്റെ ഫയലുകള്‍ കൈമാറാന്‍ നോട്ടീസ് നല്‍കി. ഗണ്‍മാന്‍മാരേയും മുന്‍ അന്വേഷണ ഉദ്യോഗസ്ഥരേയും വിളിച്ചു വരുത്തും. മര്‍ദനത്തിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തിയ മൊബൈല്‍ ഫോണിന്റെ പരിശോധന വേഗത്തിലാക്കാന്‍ ഫോറന്‍സിക് വിഭാഗത്തിന് കത്ത് നല്‍കിയതായും അന്വേഷണ സംഘത്തവലവന്‍ എ.പി ഷൌക്കത്തലി വ്യക്തമാക്കി.എസ്‌ഐടി രൂപീകരിച്ചതിന് പിന്നാലെയാണ് സംഘത്തലവന്‍ ക്രൈംബ്രാഞ്ച് എസ്പി എ.പി ഷൗക്കത്തലി ആലപ്പുഴയിലെത്തിയത്. മുമ്പ് ജില്ലാ ക്രൈം ബ്രാഞ്ച് അന്വേഷിച്ച കേസിന്റെ ഫയലുകള്‍ വിളിച്ചു വരുത്തും. മര്‍ദിച്ച ഗണ്‍മാന്‍മാരെ ആലപ്പുഴയില്‍ വിളിച്ചുവരുത്തി ചോദ്യം ചെയ്യും. എസ്‌ഐടിയുടെ സമ്പൂര്‍ണ യോഗം നാളെ ആലപ്പുഴയില്‍ ചേരാനും തീരുമാനമായി. സാക്ഷികളും തെളിവുകളും ഇല്ലെന്നായിരുന്നു ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട്. ഇതില്‍ മുന്‍ അന്വേഷണ ഉദ്യോഗസ്ഥരോട് വിശദീകരണം തേടുമെന്നും എപി ഷൗക്കത്തലി പറഞ്ഞു.മര്‍ദനത്തിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തിയ മൊബൈല്‍ ഫോണ്‍ നേരത്തെ പിടിച്ചെടുത്തിരുന്നു. ഇതിന്റെ ഫോറന്‍സിക് പരിശോധന ഫലം വേഗത്തിലാക്കാനും എസ്‌ഐടി കത്ത് നല്‍കി. ഫോണിലെ ദൃശ്യങ്ങള്‍ പരിശോധിക്കുന്നതില്‍ മുന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ വീഴ്ചവരുത്തിയതായി ദൃശ്യങ്ങള്‍ പകര്‍ത്തിയ മാധ്യമപ്രവര്‍ത്തകന്‍ ജോജി ജോസഫ് പറഞ്ഞു.

മര്‍ദനത്തിനിരയായ നിയുക്ത എംഎല്‍എ എ.ഡി തോമസിന്റെയും യൂത്ത് കോണ്‍ഗ്രസ് നേതാവ് അജയ് ജുവല്‍ കുര്യാക്കോസിന്റെയും മൊഴി വീണ്ടും രേഖപ്പെടുത്തും. എസ്‌ഐടി ആലപ്പുഴയില്‍ ക്യാമ്പ് ചെയ്താണ് അന്വേഷണം. ഒരു മാസത്തിനുള്ളില്‍ അന്വേഷണ റിപ്പോര്‍ട്ട് സര്‍ക്കാരിന് സമര്‍പ്പിക്കാനാണ് ശ്രമം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Verified by MonsterInsights