എംഡിഎംഎ കടത്താനും ആംബുലന്‍സ്; ബീക്കണ്‍ ലൈറ്റിട്ട് കുതിച്ചെത്തി; സീറ്റിനടിയില്‍ ഒളിപ്പിച്ചത് 280 ഗ്രാം; അറസ്റ്റ്

തൃശൂര്‍: ആംബുലന്‍സില്‍ മാരക ലഹരി മരുന്നായ എംഡിഎംഎ കടത്താന്‍ ശ്രമിച്ച സംഭവത്തില്‍ രണ്ട് പേര്‍ പിടിയില്‍. വെട്ടിക്കല്‍ അഞ്ചേരി സ്വദേശികളായ ഫെലിക്‌സ്, സന്ദീപ് എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ബംഗളൂരുവില്‍ നിന്നു കൊണ്ടുവന്ന ലഹരി മരുന്നാണ് പൊലീസ് പിടിച്ചെടുത്തത്.

പാലക്കാട്- തൃശൂര്‍ അതിര്‍ത്തിയായ വാണിയംപാറയില്‍ വച്ചാണ് ബീക്കണ്‍ ലൈറ്റിട്ട് എംഡിഎംഎ കടത്താന്‍ ശ്രമിച്ച ആംബുലന്‍സ് പിടികൂടിയത്. വാഹനത്തില്‍ നിന്നു 280 ഗ്രാം എംഡിഎംഎ പൊലീസ് പിടിച്ചെടുത്തു. ആംബലന്‍സില്‍ ലഹരിയുമായി ഒരു സംഘം വരുന്നുണ്ടെന്ന രഹസ്യ വിവരത്തെ തുടര്‍ന്നു നടത്തിയ പരിശോധനയിലാണ് ഇരുവരും കുടുങ്ങിയത്.എവിടെയാണ് ലഹരി ഒളിപ്പിച്ചതെന്നു ചോദിച്ചപ്പോള്‍ പ്രതികള്‍ മറുപടി പറഞ്ഞില്ല. പിന്നാലെ പൊലീസ് വാഹനം വിശദമായി പരിശോധിച്ചു. സീറ്റിന്റെ അടിയില്‍ ഒളിപ്പിച്ച നിലയിലാണ് ലഹരി മരുന്ന് കണ്ടെത്തിയത്.

തൃശൂര്‍ സിറ്റി പൊലീസിന്റെ ലഹരി വിരുദ്ധ സേനയാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ പൊലീസ് ചോദ്യം ചെയ്യുന്നു. ആംബുലന്‍സ് ഉടമയേയും പൊലീസ് ചോദ്യം ചെയ്യും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Verified by MonsterInsights