അമ്മ ഭരണസമിതി പിരിച്ചുവിട്ട് തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കണം: മല്ലികാ സുകുമാരന്‍

കൊച്ചി: താരസംഘടനയായ അമ്മയുടെ ഭരണസമിതി പിരിച്ചുവിട്ട് തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കണമെന്ന് നടി മല്ലികാ സുകുമാരന്‍. ഭരണസമിതി പരദൂഷണകമ്മിറ്റിയായി മാറിയിരിക്കുകയാണെന്നും നടി അന്‍സിബയ്ക്ക് വോട്ട് ചെയ്യണമെന്ന് തന്നോട് പറഞ്ഞയാളായിരുന്നു ടിനി ടോം എന്നും മല്ലികാ സുകുമാരന്‍ പറഞ്ഞു. അന്‍സിബയുടെ ആരോപണത്തില്‍ നീനാ കുറുപ്പ് തെളിവ് പുറത്തുവിടണമെന്നും അവര്‍ ആവശ്യപ്പെട്ടു. അമ്മയില്‍ നടക്കുന്ന സംഭവങ്ങള്‍ നാണക്കേടുണ്ടാക്കുന്നതാണെന്നും സ്‌പോണ്‍സര്‍ഷിപ്പ് വാങ്ങുമ്പോള്‍ ചെയ്യാന്‍ കഴിയാത്ത കാര്യങ്ങള്‍ തുറന്ന് പറയണം. അമ്മയില്‍ നടക്കുന്നത് ധൂര്‍ത്താണെന്നും മല്ലികാ സുകുമാരന്‍ തുറന്നടിച്ചു.’ഇപ്പോഴത്തെ അവസ്ഥ വെച്ച് ഒരു മനുഷ്യര്‍ക്ക് അമ്മയില്‍ തുടരാന്‍ താല്‍പ്പര്യമില്ല. ദയവുചെയ്ത് ഇതിന്റെ പദവിയില്‍ ഇരുന്നാലും ഇല്ലെങ്കിലും അവരില്ലാതെ ഈ സംഘടന മുന്നോട്ടുപോകില്ല എന്ന ലെവലിലുളള താരങ്ങള്‍ ഈ ഭരണസമിതി പിരിച്ചുവിട്ട് തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുക. അല്ലെങ്കില്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റി മാറ്റുക. ഇത് താരസംഘടനയാണോ, ഗുണ്ടകളുടെ സംഘടനയാണോ അതോ അപവാദം പറഞ്ഞ് പ്രചരിപ്പിക്കാനുളള പരദൂഷണകേന്ദ്രമാണോ എന്ന് അറിയാന്‍ വയ്യ. ഇങ്ങനെ ഒരു നാഥനില്ലാ കളരിയായി ഒരു സംഘടന മുന്നോട്ടുകൊണ്ടുപോകാന്‍ ആകില്ല. പ്രസിഡന്റ് അറിയാതെ ഇത്രകണ്ട് അധികാരം കയ്യാളാനായി സെക്രട്ടറിക്കും മറ്റുളളവര്‍ക്കും അനുവാദം കൊടുത്തിട്ടുണ്ടെങ്കില്‍ അത് തെറ്റ്’ മല്ലികാ സുകുമാരന്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Verified by MonsterInsights