കെഎസ്ആര്‍ടിസിയിലേക്ക് പിഎസ്‌സി വിളിക്കാന്‍ വഴിതെളിയുന്നു; നടപടികള്‍ സ്വീകരിക്കാന്‍ ഗതാഗത വകുപ്പിന്റെ തീരുമാനം

തിരുവനന്തപുരം: കെഎസ്ആര്‍ടിസിയിലെ ഒഴിവുകളിലേക്ക് പിഎസ്‌സി മുഖേന നിയമന നടപടികള്‍ ആരംഭിക്കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ തീരുമാനം. ഗതാഗത വകുപ്പ് മന്ത്രിയുടെ അധ്യക്ഷതയില്‍ കെഎസ്ആര്‍ടിസി സിഎംഡിയുടെയും മറ്റ് ഉന്നത ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തില്‍ ചേര്‍ന്ന അവലോകന യോഗത്തിലാണ് ഇതുസംബന്ധിച്ചു തീരുമാനമായത്. യോഗത്തില്‍ കെഎസ്ആര്‍ടിസിയുടെ പ്രവര്‍ത്തനങ്ങള്‍, സേവന വിപുലീകരണം, ഭരണ – സാമ്പത്തിക കാര്യക്ഷമത വര്‍ധിപ്പിക്കല്‍ എന്നിവ സംബന്ധിച്ച തീരുമാനങ്ങള്‍ കൈക്കൊണ്ടു.

ജനകീയവും ആധുനികവുമായ പൊതുഗതാഗത സംവിധാനമായി കെഎസ്ആര്‍ടിസിയെ മാറ്റിയെടുക്കുന്നതിനുള്ള സമഗ്ര നടപടികളാണ് സര്‍ക്കാര്‍ സ്വീകരിച്ചുവരുന്നതെന്ന് ഗതാഗത വകുപ്പ് മന്ത്രി അറിയിച്ചു. കെഎസ്ആര്‍ടിസിയിലെ ആശ്രിത നിയമനത്തിനായി ഗുണഭോക്താക്കള്‍ ഗതാഗത വകുപ്പ് മന്ത്രിക്ക് സമര്‍പ്പിച്ച നിവേദനങ്ങളുടെ അടിസ്ഥാനത്തില്‍, ആശ്രിത നിയമന നടപടികള്‍ സ്വീകരിക്കുന്നതിന് മന്ത്രി നിര്‍ദേശം നല്‍കി. കെഎസ്ആര്‍ടിസിയുടെ സര്‍വീസ് വ്യാപനത്തിനും സാമ്പത്തിക – ഭരണ കാര്യക്ഷമത വര്‍ധിപ്പിക്കുന്നതിനുമായി വിവിധ തീരുമാനങ്ങളും കൈക്കൊണ്ടു.

ഗ്രാമപ്രദേശങ്ങളിലെ പൊതുഗതാഗത സൗകര്യം ശക്തിപ്പെടുത്തുന്നതിനായി ‘ഗ്രാമ വണ്ടി’ പദ്ധതി കൂടുതല്‍ വ്യാപകമാക്കും. കെഎസ്ആര്‍ടിസിയുടെ സാമ്പത്തിക സ്ഥിതി, ദൈനംദിന പ്രവര്‍ത്തനങ്ങള്‍, നവീകരണ സാധ്യതകള്‍ എന്നിവ പഠിക്കുന്നതിനായി വിദഗ്ധരെ ഉള്‍പ്പെടുത്തി പ്രത്യേക റിസര്‍ച്ച് വിങ് ആരംഭിക്കും. ശബരിമല മണ്ഡലകാല സര്‍വീസുകള്‍ കൂടുതല്‍ കാര്യക്ഷമമാക്കുന്നതിനായി മോട്ടോര്‍ വാഹന വകുപ്പുമായി സഹകരിച്ച് മുന്നൊരുക്ക പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കും. ഹൈഡ്രജന്‍ ഉള്‍പ്പെടെയുള്ള ഹരിത ഇന്ധന സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ചുള്ള പരിസ്ഥിതി സൗഹൃദ പൊതുഗതാഗത സംവിധാനം ഘട്ടംഘട്ടമായി നടപ്പിലാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Verified by MonsterInsights