‘നിരന്തരമായ പീഡനം’: യുവതിയുടെ മരണത്തിൽ ഭർത്താവിനെതിരെ കുടുംബം,സംഭവം വയനാട്ടിൽ

മാനന്തവാടി:എടവക പള്ളിക്കലിൽ യുവതി മരിച്ച സംഭവത്തിൽ ഭർത്താവിനെതിരെ പരാതിയുമായി കുടുംബം. കുപ്പാടിത്തറ തെറ്റത്ത് അഫ്‌സില (27) എന്ന യുവതിയെ ആണ് തിങ്കളാഴ്ച ഉച്ചയോടെ താമസിക്കുന്ന ക്വാർട്ടേഴ്‌സിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. അഫ്‌സിലയുടെ ഭർത്താവ് എടവക പള്ളിക്കൽ വടക്കേ പുത്തൻപുരയിൽ ജാബിറിനെതിരേയാണ് കുടുംബം ആരോപണമുന്നയിക്കുന്നത്.സഹോദരിയുടെ മകളുടെ മരണത്തെപ്പറ്റി അന്വേഷിക്കണമെന്നാവശ്യപ്പെട്ട് കേളോത്ത് സുലൈമാൻ മാനന്തവാടി പൊലീസിൽ പരാതി നൽകി. അഫ്‌സിലയെ ഭർത്താവ് ജാബിറും അദ്ദേഹത്തിന്റെ വീട്ടുകാരും നിരന്തരമായി ശാരീരികമായും മാനസികമായും പീഡിപ്പിച്ചിരുന്നതായാണ് സുലൈമാൻ നൽകിയ പരാതിയിലുള്ളത്. മുൻപ്‌ ഒട്ടേറെത്തവണ പ്രശ്നങ്ങൾ ഉണ്ടായിരുന്നെങ്കിലും മഹല്ല് കമ്മിറ്റിയുൾപ്പെടെ ചർച്ചചെയ്താണ് പ്രശ്നം പരിഹരിച്ചത്.പടിഞ്ഞാറത്തറ കുപ്പാടിത്തറയിലെ പരേതനായ തെറ്റത്ത് കുഞ്ഞാലിയുടെയും കേളോത്ത് നബീസയുടെയും മകളാണ് അഫ്‌സില. മക്കൾ: അയ്‌സിൻ ആദം, അയിൻ ഹമദ്, അസിൻ ഖൈസ്. വയനാട് ഗവ. മെഡിക്കൽ കോളജ് മോർച്ചറിയിലെ പോസ്റ്റ്‌മോർട്ടത്തിനുശേഷം അഫ്‌സിലയുടെ മൃതദേഹം ചൊവ്വാഴ്ച വൈകീട്ടോടെ കുപ്പാടിത്തറ നടമ്മൽ ജുമാ മസ്‌ജിദ് കബർസ്ഥാനിൽ കബറടക്കി. മരണത്തെപ്പറ്റി അന്വേഷിച്ച് കുറ്റക്കാരുടെ പേരിൽ മാതൃകാപരമായ നടപടി സ്വീകരിക്കണമെന്ന് അഫ്‌സിലയുടെ സഹോദരങ്ങൾ ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Verified by MonsterInsights