മലപ്പുറം: സാമ്പത്തിക തട്ടിപ്പ് കേസിൽ സസ്പെൻഷനിലായ മലപ്പുറം വാഴക്കാട് പൊലീസ് സ്റ്റേഷനിലെ എസ്ഐക്കെതിരെ കൂടുതൽ പരാതികൾ. എഎസ്‌ഐ ഹരിദാസനെതിരെയാണ് കൂടുതല്‍ പരാതികൾ ലഭിച്ചത്. ഗർഭിണിയായ യുവതിയെ വീട്ടിലെത്തി മൊഴി മാറ്റാൻ ഭീഷണിപ്പെടുത്തിയെന്നാണ് പരാതി.കൊണ്ടോട്ടി സ്വദേശി മുഹമ്മദ് ബഷീർ, ഭാര്യ സാജിദ എന്നിവരെയാണ് വീട്ടിലെത്തി ഭീഷണിപ്പെടിത്തിയത്. കേസുമായി ബന്ധപ്പെട്ട മൊഴി മാറ്റണമെന്ന് ആവശ്യപ്പെട്ടാണ് എസ്ഐ ഭീഷണിപ്പെടുത്തിയത്. മൊഴി മാറ്റിയില്ലെങ്കിൽ പ്രശ്നങ്ങൾ ഉണ്ടാകുമെന്ന് ഭീഷണിപ്പെടുത്തിയെന്നും പരാതിക്കാർ പറയുന്നു.2025ൽ ബഷീറും ഭാര്യയും കൊണ്ടോട്ടിയിൽ ഒരു പൊലീസുകാരനെ മർദ്ദിക്കുന്നത് കണ്ടെന്നും ഇതുമായി ബന്ധപ്പെട്ടാണ് മൊഴി നൽകിയതെന്നും ഇവർ റിപ്പോർട്ടറിനോട് പറഞ്ഞു. കേസുമായി ബന്ധപ്പെട്ട് എട്ടു മാസം ഗർഭിണിയായ ഭാര്യ പൊലീസ് സേറ്റഷനിൽ നേരിട്ടെത്തി മൊഴി മാറ്റണം എന്നായിരുന്നു ഭീഷണി. എന്നാൽ കുടുംബത്തിന്റെ അനുമതി ഇല്ലാതെ പിന്നീട് ഹരിദാസൻ മൊഴി മാറ്റി എഴുതിയെന്നും ബഷീർ റിപ്പോർട്ടറിനോട് പറഞ്ഞു. ഭീഷണിയിൽ മലപ്പുറം എസ്പിക്ക് നേരിട്ട് പരാതി നൽകിയതാണെന്നും ബഷീർ പ്രതികരിച്ചു.
ഗര്‍ഭിണിയായ യുവതിയെ മൊഴിമാറ്റാന്‍ ഭീഷണിപ്പെടുത്തി; സസ്‌പെന്‍ഷനിലുള്ള ASIക്കെതിരെ വ്യാപക പരാതി









