‘എച്ച്‌ഐവി ബാധിതരായ ആ കുട്ടികളെ കണ്ടപാടെ ആന്റണി ദൂരെ മാറി നിന്നു! ഇന്ന് റുവാനിക്ക് വീട് വെക്കാമെന്ന് വി ഡി സതീശന്‍’; രണ്ട് മുഖ്യമന്ത്രിമാര്‍, രണ്ട് സമീപനം’

കൊച്ചി: മുഖ്യമന്ത്രിയോട് വീട് വെച്ച് തരുമോ എന്ന് വിഴിഞ്ഞം സ്വദേശിനിയായ ആറു വയസുകാരി റുവാനിയുടെ വിഡിയോ ഇന്നലെയാണ് വൈറല്‍ ആയത്. വിഡിയോ വൈറലായതറിഞ്ഞ മുഖ്യമന്ത്രി വി ഡി സതീശന്‍ വീട് വെച്ചുകൊടുക്കാമെന്ന വാഗ്ദാനവും നല്‍കി. രണ്ട് കാലങ്ങളിലായി രണ്ട് മുഖ്യമന്ത്രിമാര്‍ക്ക് കുട്ടികളോടുള്ള സമീപനം ഓര്‍മപ്പെടുത്തി മാധ്യമപ്രവര്‍ത്തകന്‍ എം എസ് സനില്‍ കുമാറിന്റെ കുറിപ്പ് ശ്രദ്ധേയമാകുന്നു. എ കെ ആന്റണി മുഖ്യമന്ത്രി ആയിരുന്ന കാലത്ത് എച്ച്ഐവി ബാധിതരായ കുട്ടികളോട് പെരുമാറിയ സംഭവം ഓര്‍മിപ്പിക്കുകയാണ് കുറിപ്പില്‍.

എയ്ഡ്സ് ബാധിതരായ കുട്ടികളെ സ്‌കൂളില്‍ മറ്റ് കുട്ടികള്‍ക്കൊപ്പമിരുന്ന് പഠിക്കാന്‍ അനുവദിക്കാതിരുന്നതും തുടര്‍ന്നുള്ള മാധ്യമ ഇടപെടലുകളും കുറിപ്പില്‍ പറയുന്നുണ്ട്. ആ കുട്ടികളുടെ വീട്ടിലെ ദയനീയ അവസ്ഥയും പറയുന്നുണ്ട്. അതിന് ശേഷം കുട്ടികളും കുടുംബവും അന്നത്തെ മുഖ്യമന്ത്രിയായ എ കെ ആന്റണിയെ നേരിട്ട് കാണാന്‍ ശ്രമിച്ച ദുരനുഭവം ആണ് പറയുന്നത്. കുട്ടികളെ എ കെ ആന്റണിയുടെ കസേരയ്ക്ക് അടുത്തേക്ക് നീക്കി നിര്‍ത്തിയപ്പോള്‍ പെട്ടെന്ന് അദ്ദേഹം കസേരയില്‍ നിന്ന് ചാടിയെഴുന്നേറ്റു. കുട്ടികളെ തൊടാനോ ഒന്നു തലോടി ആശ്വസിപ്പിക്കാനോ പോലും അദ്ദേഹം മുതിര്‍ന്നില്ല. കുട്ടികളുടെ ചികിത്സയ്ക്ക് സര്‍ക്കാര്‍ ധനസഹായം ചെയ്യണമെന്ന് അഭ്യര്‍ഥിച്ചിട്ടും കേട്ട ഭാവം നടിച്ചില്ല. അന്ന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ 100 കോടിയോളം രൂപ ഉണ്ടായിരുന്നു. അവിടെ നിന്ന് നിരാലംബരായ കുഞ്ഞുങ്ങള്‍ക്കൊപ്പം നിരാശരായി ഇറങ്ങിയ അവസ്ഥയാണ് എം എസ് സനില്‍കുമാര്‍ പറയുന്നത്.

അന്ന് ആ കുട്ടികളേയും കൊണ്ടുപോയ മാധ്യമപ്രവര്‍ത്തകന്‍ റോയ് മാത്യു ഇന്ന് മുഖ്യമന്ത്രി വി ഡി സതീശന്റെ മീഡിയ സെക്രട്ടറിയാണ്. ഇന്നലെ വീട് വെച്ചുകൊടുക്കണമെന്ന് ആവശ്യപ്പെട്ട റുവാനിയയുടെ വാര്‍ത്ത മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയതും അന്നത്തെ അതേ റോയ് മാത്യു ആണ്. അദ്ദേഹം ഉടന്‍ തന്നെ കുട്ടിയുടെ അമ്മയെ വിളിച്ചു. കുഞ്ഞിന് സര്‍ക്കാര്‍ വീട് വെച്ചുകൊടുക്കുമെന്ന് ഉറപ്പും നല്‍കി. അറയ്ക്കപ്പറമ്പില്‍ കുര്യന്‍ ആന്റണിയില്‍ നിന്നും വടശ്ശേരി ദാമോദരമേനോന്‍ സതീശനിലേക്കുള്ള ദൂരം വര്‍ഷങ്ങളുടേതല്ല, മനുഷ്യത്വത്തിന്റേയും സഹജീവി സ്നേഹത്തിന്റേതുമാണെന്ന് കുറിപ്പില്‍ പറയുന്നു.

ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം

രണ്ട് കാലം, രണ്ട് മുഖ്യമന്ത്രിമാര്‍, രണ്ട് സമീപനം

എം. എസ്. സനില്‍ കുമാര്‍

………………………………

എ കെ ആന്റണി മുഖ്യമന്ത്രി ആയിരുന്ന കാലം. ഞാന്‍ തിരുവനന്തപുരത്ത് സൂര്യ ടി വി റിപ്പോര്‍ട്ടര്‍.ഒരു ദിവസം കൊല്ലത്ത് നിന്നുള്ള സംഭവം ശ്രദ്ധയില്‍പ്പെട്ടു . രണ്ടു കൊച്ചു കുട്ടികള്‍…ബെന്‍സണും ബെന്‍സിയും…എച്ച് ഐ വി രോഗബാധിതരാണ്.അവരെ അവര്‍ പഠിച്ചുകൊണ്ടിരുന്ന സ്‌കൂളില്‍ നിന്ന് പുറത്താക്കി.കുട്ടികളുടെ മാതാപിതാക്കള്‍ എയിഡ്‌സ് വന്നു മരിച്ചുപോയിരുന്നു.മാതാവില്‍ നിന്നാണ് കുട്ടികള്‍ക്ക് രോഗം പകര്‍ന്നത്. അപ്പൂപ്പന്റെയും അമ്മൂമ്മയുടെയും സംരക്ഷണയിലാണ് രോഗബാധിതരായ കുരുന്നുകള്‍ വളരുന്നത്. കുട്ടികളുടെ രോഗവിവരം സ്‌കൂളിലും നാട്ടുകാരും അറിഞ്ഞു. അതോടെ കലാപമായി. ഈ കുട്ടികള്‍ക്കൊപ്പം ഇരുന്ന് പഠിക്കാന്‍ മറ്റു കുട്ടികളെ അയയ്ക്കില്ലെന്നായി രക്ഷിതാക്കള്‍. അതോടെ ബെന്‍സനേയും ബെന്‍സിയേയും സ്‌കൂളില്‍ വരുന്നതില്‍ നിന്ന് അധികൃതര്‍ വിലക്കി. കുട്ടികള്‍ക്ക് ചികിത്സയ്ക്ക് പോലും പണമില്ലാതെ വലയുകയാണ് അപ്പൂപ്പനും അമ്മൂമ്മയും. ഒപ്പം നാട്ടിലെ ഒറ്റപ്പെടലും കുട്ടികളുടെ വിദ്യാഭ്യാസം മുടങ്ങലും. ഇത് സമൂഹത്തില്‍ ചര്‍ച്ച ആക്കാന്‍ തീരുമാനിച്ചു. അങ്ങനെ തിരുവനന്തപുരത്ത് നിന്ന് ഞാന്‍, സീ ടി വിയിലെ (ZEETV) റോയ് മാത്യു (ഇപ്പോള്‍ മുഖ്യമന്ത്രിയുടെ മീഡിയ സെക്രട്ടറി) , എന്‍ ഡി ടി വിയിലെ ബോബി നായര്‍, സി എന്‍ ബി സി യിലെ രാജേഷ് ദിവാകര്‍ എന്നിവര്‍ ക്യാമറ യൂണിറ്റുമായി കൊല്ലത്തേക്ക് തിരിച്ചു.കൊല്ലത്ത് വച്ച് അന്ന് ഏഷ്യാനെറ്റ് കൊല്ലം റിപ്പോര്‍ട്ടര്‍ ആയിരുന്ന വിനു വി ജോണും ഞങ്ങള്‍ക്കൊപ്പം ചേര്‍ന്നു. ഞങ്ങള്‍ സംഘമായി കുട്ടികള്‍ പഠിക്കുന്ന ചാത്തന്നൂരിനടുത്തുള്ള സ്‌കൂളിലെത്തി. അപ്പോള്‍ ഈ വിഷയം ചര്‍ച്ച ചെയ്യാന്‍ അവിടെ പി ടി ഏ മീറ്റിംഗ് നടക്കുകയാണ്. സ്ഥലം എം എല്‍ ഏ യും കോണ്‍ഗ്രസ് നേതാവുമായ പ്രതാപവര്‍മ്മ തമ്പാനും മീറ്റിംഗില്‍ പങ്കെടുക്കുന്നുണ്ട്. പ്രശ്‌നം പരിഹരിക്കാനല്ല വഷളാക്കാനാണ് യോഗത്തില്‍ ഇയാള്‍ ശ്രമിച്ചത്. കുട്ടികളെ ഒരു കാരണവശാലും സ്‌കൂളില്‍ തുടര്‍ന്ന് പഠിക്കാന്‍ അനുവദിക്കില്ലെന്ന് എം എല്‍ ഏ നിലപാട് എടുത്തു.മറ്റു കുട്ടികള്‍ക്ക് രോഗം പകരുമത്രേ. ഇതോടെ രക്ഷിതാക്കളും ഒറ്റക്കെട്ടായി. ഇതൊക്കെ ഞങ്ങള്‍ പകര്‍ത്തി. എം എല്‍ ഏ യെ കാര്യം പറഞ്ഞു മനസ്സിലാക്കാന്‍ ഞങ്ങള്‍ ശ്രമിച്ചെങ്കിലും അയാള്‍ വഴങ്ങിയില്ല.ഞങ്ങളോട് കയര്‍ത്തു.പിന്നീട് ഞങ്ങള്‍ ബെന്‍സന്റെയും ബെന്‍സിയുടെയും വീട്ടില്‍ പോയി. ദയനീയമായിരുന്നു അവിടുത്തെ അവസ്ഥ. മരുന്നില്ല, ഭക്ഷണമില്ല…കടക്കാരും നാട്ടുകാരും അടുപ്പിക്കുന്നില്ല. ഒറ്റപ്പെടലിന്റെ തുരുത്തില്‍ ഒരു കുടുംബം.നിസ്സഹായമായ കണ്ണുകളോടെ മരണം മുന്നില്‍ കാണുന്ന രണ്ട് കുരുന്നുകള്‍. അതൊക്കെ ഷൂട്ട് ചെയ്ത് ഞങ്ങള്‍ തിരുവനന്തപുരത്തേക്ക് മടങ്ങി. വാര്‍ത്ത എല്ലാവരും അതാത് ചാനലുകളില്‍ എയര്‍ ചെയ്തു.അത് സമൂഹ മനസാക്ഷിയെ ഉണര്‍ത്തി. അന്ന് ഏ കെ ആന്റണിയായിരുന്നു മുഖ്യമന്ത്രി. ഞാനും അച്ചായനും ( റോയ് മാത്യു) അദ്ദേഹവുമായി ബന്ധപ്പെട്ടു. കുട്ടികള്‍ക്കും കുടുംബത്തിനും മുഖ്യമന്ത്രിയെ ഒന്നു സന്ദര്‍ശിക്കണം എന്ന ആവശ്യം ഉന്നയിച്ചു. മുഖ്യമന്ത്രി സമ്മതിച്ചു.അങ്ങനെ ബെന്‍സനും ബെന്‍സിക്കും ഒപ്പം ഞാനും അച്ചായനും രാജേഷ് ദിവാകറും മുഖ്യമന്ത്രിയുടെ ചേംബറില്‍ എത്തി.കസേരയില്‍ ഇരിക്കുകയായിരുന്നു അദ്ദേഹം.അച്ചായന്‍ കുട്ടികളെ മുഖ്യമന്ത്രിയുടെ കസേരയ്ക്ക് അരികിലേക്ക് നീക്കി നിര്‍ത്തി.പെട്ടെന്നാണ് ആന്റണി ചാടി എഴുനേറ്റത്. അദ്ദേഹം കുട്ടികളില്‍ നിന്ന് അകലം പാലിച്ച് ദൂരേയ്ക്ക് മാറി ഒതുങ്ങി നിന്നു. അങ്ങനെ നിന്നാണ് ആന്റണി അവരോട് സംസാരിച്ചത്. കുട്ടികളെ തൊടാനോ ഒന്നു തലോടി ആശ്വസിപ്പിക്കാന്‍ പോലുമോ അദ്ദേഹം മുതിര്‍ന്നില്ല. കുട്ടികളുടെ ചികിത്സയ്ക്ക് സര്‍ക്കാര്‍ ധനസഹായം ചെയ്യണമെന്ന് ഞങ്ങള്‍ മുഖ്യമന്ത്രിയോട് അഭ്യര്‍ത്ഥിച്ചു. ആന്റണി കേട്ട ഭാവം നടിച്ചില്ല.അന്ന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ 100 കോടിയോളം രൂപ ഉണ്ടായിരുന്നു.ഞങ്ങള്‍ അവിടെ നിന്ന് ഹതാശരായി ഇറങ്ങി. ഒപ്പം നിരാലംബരായ ആ കുഞ്ഞുങ്ങളും.

………………………..

കാലം 2026.

കേരള മുഖ്യമന്ത്രി വി. ഡി.സതീശന്‍.

ഒരു കൊച്ചുകുട്ടിയുടെ സങ്കടം.

മഴപെയ്താല്‍ ചോര്‍ന്നൊലിക്കുന്ന വീട്ടില്‍ ഭയമില്ലാതെ ഉറങ്ങണമെന്നാണ് വിഴിഞ്ഞം സ്വദേശിനിയായ ആറുവയസുകാരി റുവാനിയുടെ ആഗ്രഹം. തിരുവനന്തപുരം വിഴിഞ്ഞം സ്വദേശിനിയായ ഈ കൊച്ചുമിടുക്കിയുടെ സങ്കടം സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയായിരുന്നു.

നിലവില്‍ വിഴിഞ്ഞത്തെ ഒരു ചെറിയ ചായ്പ്പിലാണ് റുവാനിയും സഹോദരനും അച്ഛനും അമ്മയും താമസിക്കുന്നത്. അടച്ചുറപ്പില്ലാത്ത, ശുചിമുറി പോലുമില്ലാത്ത ഈ പഴയ വീട്ടില്‍ മഴ പെയ്യുമ്പോള്‍ ഉറങ്ങാന്‍ കഴിയുന്നില്ലെന്നായിരുന്നു റുവാനിയുടെ സങ്കടം.

‘മുഖ്യമന്ത്രി ഞങ്ങള്‍ക്ക് ഒരു പുതിയ വീട് വെച്ചുതരണം, അതില്‍ ഞങ്ങള്‍ക്ക് ഉറങ്ങണം. ഞാന്‍ വലുതാകുമ്പോള്‍ ജോലി കിട്ടി പൈസ തിരികെ തരാം’ എന്ന റുവാനിയുടെ നിഷ്‌കളങ്കമായ വാക്കുകള്‍ സമൂഹമാധ്യമങ്ങളില്‍ ഏറെ ശ്രദ്ധിക്കപ്പെട്ടു.

നിലവില്‍ അതീവ കഷ്ടപ്പാടിലാണ് റുവാനിയും കുടുംബവും കഴിയുന്നത്. ഓട്ടോ ഡ്രൈവറായ പിതാവ് റീഗലിന്റെ തുച്ഛമായ വരുമാനം മാത്രമാണ് ഈ കുടുംബത്തിന്റെ ഏക ആശ്രയം. അധ്യാപകര്‍ മുന്‍കൈ എടുത്ത് വാങ്ങി നല്‍കിയ രണ്ടര സെന്റ് സ്ഥലത്ത് ഷീറ്റ് ഇട്ട ഒരു ചെറിയ ചായ്പ്പിലാണ് റുവാനിയും സഹോദരനും മാതാപിതാക്കളും താമസിക്കുന്നത്. ഇതിനുമുന്‍പ് പലതവണ വീടിനായി അപേക്ഷകള്‍ നല്‍കിയിരുന്നെങ്കിലും അധികൃതരുടെ ഭാഗത്തുനിന്ന് അനുകൂലമായ നടപടികളൊന്നും ഉണ്ടായിരുന്നില്ല.

………………………

മാതൃഭുമി ചാനലില്‍ ഇന്ന് ഉച്ചക്ക് ഈ വാര്‍ത്ത പോയി. 4 മണിക്ക് മുഖ്യമന്ത്രിയുടെ മീഡിയ സെക്രട്ടറി റോയ് മാത്യു ( വര്‍ഷങ്ങള്‍ക്ക് മുന്‍പ് ബെന്‍സനെയും ബെന്‍സിയെയും കൊണ്ട് എ കെ ആന്റണി എന്ന മുഖ്യമന്ത്രിയുടെ അടുത്ത് എന്റെ ഒപ്പം വന്ന അതേ ആള്‍ ) ഈ വാര്‍ത്ത സതീശന്റെ ശ്രദ്ധയില്‍പ്പെടുത്തി. അദ്ദേഹം ഉടന്‍ തന്നെ ആ കുഞ്ഞിന്റെ അമ്മയെ വിളിച്ചു. ആശ്വാസവാക്കുകള്‍ക്കൊടുവില്‍ ആ കുടുംബത്തിന്.. കുഞ്ഞിന്… സര്‍ക്കാര്‍ വീട് വച്ചു നല്‍കാമെന്ന് ഉറപ്പുനല്‍കുന്നു.പറയുന്നു.

മുഖ്യമന്ത്രി വാര്‍ത്ത കണ്ട് 5 മിനിറ്റിനുള്ളിലാണ് ആ അമ്മയെ വിളിച്ചത്.

…………………….

അറയ്ക്കപ്പറമ്പില്‍ കുര്യന്‍ ആന്റണിയില്‍ നിന്നും വടശ്ശേരി ദാമോദരമേനോന്‍ സതീശനിലേക്കുള്ള ദൂരം വര്‍ഷങ്ങളുടേതല്ല, മനുഷ്യത്വത്തിന്റേയും സഹജീവി സ്‌നേഹത്തിന്റേതുമാണ്.

……………………….

ആന്റണി ഉപേക്ഷിച്ച ആ രണ്ട് കുരുന്നുകളെ ചേര്‍ത്ത് പിടിച്ചു ചികിത്സാസഹായം നല്‍കിയ കേന്ദ്ര ആരോഗ്യ മന്ത്രിയായിരുന്ന സുഷമ സ്വരാജിനെയും ഞാന്‍ ഹൃദയം കൊണ്ട് സ്മരിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Verified by MonsterInsights