വീണ്ടും ഷിഗെല്ല: കോഴിക്കോട് പയ്യോളിയില്‍ ഒമ്പതുവയസുകാരന് രോഗം സ്ഥിരീകരിച്ചു

കോഴിക്കോട്: സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു. കോഴിക്കോട് പയ്യോളി സ്വദേശിയായ 9വയസുകാരനാണ് രോഗം സ്ഥിരീകരിച്ചത്. തുറയൂര്‍ പഞ്ചായത്തിലെ പതിമൂന്നാം വാര്‍ഡിലാണ് ഷിഗെല്ല രോഗബാധയുണ്ടായത്.

ഇന്നലെ തൃശൂര്‍ വടക്കാഞ്ചേരി മംഗലത്ത് രണ്ട് കുട്ടികള്‍ക്ക് ഷിഗെല്ല സ്ഥിരീകരിച്ചിരുന്നു. നാല് വയസുള്ള പെണ്‍കുട്ടിക്കും ഏഴ് വയസുള്ള ആണ്‍കുട്ടിക്കുമാണ് രോഗം സ്ഥിരീകരിച്ചത്. രോഗബാധിതരായ കുട്ടികള്‍ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്.അതേസമയം സംസ്ഥാനത്ത് പകർച്ചപ്പനികൾ ദിനം പ്രതി വർധിക്കുകയാണ്. പതിമൂന്ന് ദിവസത്തിനിടെ നാല്‍പത്തിയൊന്ന് പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. ഇന്‍ഫ്ലുവന്‍സ ബാധിച്ച് ഒന്‍പത് പേര്‍ക്ക് ജീവന്‍ നഷ്ടമായിരുന്നു. എലിപ്പനിബാധിച്ച് എട്ടു പേരും, ഡെങ്കിപ്പനി ബാധിച്ച് അഞ്ച് പേരും മരിച്ചു. തൃശൂരിലും ഷിഗല്ല സ്ഥിരീകരിച്ചതോടെ മുന്‍കരുതല്‍ ശക്തമാക്കാനാണ് ആരോഗ്യവകുപ്പിന്റെ നീക്കം. ഇടവിട്ടുള്ള മഴ രോഗവ്യാപനത്തിന് കാരണമാകുന്നു എന്നാണ് ആരോഗ്യ വകുപ്പിന്റെ വിലയിരുത്തല്‍.

കഴിഞ്ഞ ദിവസം കോഴിക്കോട് ജില്ലയിൽ മൂന്നുവയസുകാരന് ഷിഗെല്ല സ്ഥിരീകരിച്ചിരുന്നു. പയ്യോളിയിലാണ് രോഗം സ്ഥിരീകരിച്ചത്. കുഞ്ഞിന്റെ നില നിലവിൽ തൃപ്തികരമാണ്. വയനാട് കോളിയാടി സ്‌കൂളിലെ ഏഴ് പേര്‍ക്കും ഷിഗെല്ല സ്ഥിരീകരിച്ചിരുന്നു. 110ല്‍ അധികം പേര്‍ക്കാണ് ഈ വര്‍ഷം സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ വര്‍ഷം ഇതേ സമയത്ത് 54 പേര്‍ക്കാണ് രോഗം ബാധിച്ചത്.കുടലിനെയാണ് ഷിഗെല്ല രോഗാണു പ്രധാനമായും ബാധിക്കുന്നത്. വയറിളക്കം, പനി, വയറുവേദന, ക്ഷീണം, രക്തം കലര്‍ന്ന മലം എന്നിവയാണ് രോഗലക്ഷണങ്ങള്‍. എന്നാല്‍ എല്ലാ രോഗികള്‍ക്കും രോഗലക്ഷണങ്ങള്‍ കാണണമെന്നില്ല. ബാക്ടീരിയ ശരീരത്തില്‍ പ്രവേശിച്ച് ഏകദേശം മൂന്ന് ദിവസത്തിന് ശേഷമാകും രോഗലക്ഷണങ്ങള്‍ കണ്ടുതുടങ്ങുക.

മലിനജലത്തിലൂടെയും കേടായ ഭക്ഷണത്തിലൂടെയുമാണ് പ്രധാനമായും ഷിഗെല്ല രോഗം പടരുന്നത്. ആഹാരം പാകം ചെയ്യുന്നവരില്‍ നിന്നും രോഗം പകരാന്‍ സാധ്യതയുണ്ട്. തട്ടുകടകള്‍ ഉള്‍പ്പടെയുള്ള ഭക്ഷ്യ വില്‍പ്പനശാലകളില്‍ പരിശോധന കര്‍ശനമാക്കുകയാണ് ആരോഗ്യവകുപ്പ്. സംസ്ഥാന വ്യാപകമായി പരിശോധന നടത്തുമെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്. നിർദേശങ്ങള്‍ പാലിക്കാത്തവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകും. വൃത്തിഹീനമായി പ്രവര്‍ത്തിക്കുന്ന തട്ടുകടകള്‍ ഉള്‍പ്പടെ പൂട്ടാനാണ് നിര്‍ദേശം. കടകളില്‍ സാധാരണ വെള്ളം വിതരണം ചെയ്യരുതെന്നും ക്ലോറിനേഷന്‍ ചെയ്ത് പൂര്‍ണമായും ശുദ്ധീകരിച്ച വെള്ളം മാത്രം നല്‍കണമെന്നും ആരോഗ്യ വിഭാഗം നിര്‍ദേശിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Verified by MonsterInsights