നിപ ഉറവിടത്തിൽ അവ്യക്തത തുടരുന്നു: വവ്വാലുകളുടെ പരിശോധന ഫലം നെഗറ്റീവ്

കോഴിക്കോട് നിപയുടെ ഉറവിടത്തിൽ അവ്യക്തത തുടരുന്നു. നിപ രോഗബാധിതന്റെ വീടിനു സമീപത്ത് നിന്നും പിടിച്ച വവ്വാലുകളുടെ പരിശോധന ഫലം നെഗറ്റീവ്. കാഷ്ഠത്തിലും നിപ വൈറസിന്റെ സാന്നിധ്യമില്ല. ഭോപ്പാലിലെ ലാബിൽ നടത്തിയ പരിശോധന ഫലമാണ് പുറത്തുവന്നത്. ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന നിപ ബാധിതന്റെ ആരോഗ്യനില അതീവഗുരുതരമായി തുടരുകയാണ്. സമ്പർക്കപ്പട്ടികയിൽ നിന്ന് ഇതുവരെ പരിശോധിച്ച 15 പേരുടെയും സാമ്പിൾ ഫലം നെഗറ്റീവ് ആണ്.കോഴിക്കോട് ജില്ലയിൽ നടത്തിയ രോഗപ്രതിരോധ പ്രവർത്തനങ്ങൾ പൂർണ വിജയത്തിലാണെന്ന് ആരോഗ്യ മന്ത്രി കെ മുരളീധരൻ അറിയിച്ചു. സംസ്ഥാനത്ത് പകർച്ചവ്യാധി വ്യാപനം രൂക്ഷമായി തുടരുകയാണ്. ഡെങ്കിപ്പനി ബാധിച്ച് പാലക്കാട് അങ്കണവാടി ജീവനക്കാരി മരിച്ചു. ജില്ലയിൽ ഈ മാസം മാത്രം ഡെങ്കിപ്പനി ബാധിച്ച് മരിച്ചവർ മൂന്നായി. കോഴിക്കോട് നാദാപുരത്ത് ഏഴുവയസുകാരിക്കടക്കം പത്തുപേർക്ക് ഇന്ന് ഷിഗെല്ല സ്ഥിരീകരിച്ചു.കോഴിക്കോട് നാദാപുരത്ത് ഏഴ് വയസുകാരിക്ക് കഴിഞ്ഞ ദിവസം ആശുപത്രിയിൽ നടത്തിയ പരിശോധനയിലാണ് രോഗം കണ്ടെത്തിയത്. വയനാട്, എറണാകുളം, മലപ്പുറം ജില്ലകളിൽ ഒരാൾക്ക് വീതവുമാണ് രോഗബാധ. ഈ മാസം മാത്രം സംസ്ഥാനത്ത് 150 പേർക്കാണ് ഷിഗെല്ല സ്ഥിരീകരിച്ചത്. ആറ് മരണവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇന്നലെ കോഴിക്കോട് മാവൂർ സ്വദേശിനിയായ വീട്ടമ്മയും ഷിഗെല്ല ബാധിച്ച് മരിച്ചിരുന്നു. ഈ വർഷം ഇതുവരെ 226 പേർക്ക് ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Verified by MonsterInsights