ട്രക്ക് ഇടിച്ചിട്ടയാൾ ബസിന് മുന്നിലേക്ക്; KSRTC ഡ്രൈവറുടെ ഇടപെടലില്‍ അത്ഭുത രക്ഷപ്പെടൽ

മലപ്പുറം: കെഎസ്ആര്‍ടിസി ഡ്രൈവറുടെ നിര്‍ണായക ഇടപെടലില്‍ രക്ഷപ്പെട്ടത് ഒരു ജീവന്‍. നിലമ്പൂര്‍ ഡിപ്പോയിലെ ഡ്രൈവര്‍ മലപ്പുറം കാവന്നൂര്‍ സ്വദേശി എന്‍ എം നസീഫിന്റെ ജാഗ്രതയും മനസ്സാന്നിധ്യവും കാരണം കര്‍ണാടക ആര്‍ടിസി ഡ്രൈവര്‍ വന്‍ അപകടത്തില്‍ നിന്നാണ് രക്ഷപ്പെട്ടത്. ട്രക്ക് ഇടിക്കാതിരിക്കാന്‍ ദേശീയപാതയുടെ മറുവശത്തേക്ക് ഓടിക്കയറിയ കര്‍ണാടക ബസ് ഡ്രൈവറെ രക്ഷിക്കാന്‍ ബസ് ഡിവൈഡറിലേക്ക് ഇടിച്ചുകയറ്റി നിര്‍ത്തുകയായിരുന്നു കെഎസ്ആര്‍ടിസി ഡ്രൈവര്‍ നസീഫ്.വല്ലാതൊരു രക്ഷപെടല്‍ ആയിരുന്നു അതെന്നാണ് സംഭവത്തിൽ നസീഫ് പ്രതികരിച്ചത്.
താന്‍ ബസിലെ കണ്ടക്ടര്‍ കൂടിയാണ്. മൈസൂരു-ബെംഗളൂരു ദേശീയപാതയിലെ ആദ്യ ടോളില്‍ എത്തിയപ്പോഴാണ് ഡ്രൈവിങ് സീറ്റിലേക്ക് വരുന്നത്. ഇരുപത് മിനിറ്റോളം വണ്ടി ഓടിച്ചപ്പോഴാണ് കൺമുന്നിൽ ആ അപകടം കാണുന്നത്. ട്രക്ക് ആ ഡ്രൈവറെ ബസിന്റെ മുന്നിലേക്ക് ഇടിച്ച് ഇടുകയായിരുന്നു. ജീവന്‍ രക്ഷിക്കാന്‍ വേണ്ടിയാണ് ഞാന്‍ ബസ് വലതുവശത്തേക്ക് വെട്ടിച്ച് കയറ്റിയത്. ജീവിതത്തില്‍ ഇങ്ങനൊന്ന് മുഖാമുഖം കണ്ടിട്ടില്ല, നമ്മള്‍ കാരണം ഒരാളുടെ ജീവന്‍ തിരിച്ച് കിട്ടിയല്ലോ. ബസിന് ചില കേടുപാടുകള്‍ സംഭവിച്ചു. എന്നാലും ആ ഡ്രൈവറുടെ ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞു’; നസീഫ് പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Verified by MonsterInsights