തിരുവനന്തപുരം: നെയ്യാറ്റിന്‍കര ജനറൽ ആശുപത്രിയിൽ ചികിത്സ കിട്ടാതെ രോഗി മരിച്ചതായി ആരോപണം. നെഞ്ചുവേദനയെ തുടര്‍ന്ന് ചികിത്സയ്‌ക്കെത്തിയ നെയ്യാറ്റിന്‍കര സ്വദേശിയായ രാജേഷ് കുമാര്‍(52) ആണ് കുഴഞ്ഞുവീണ് മരിച്ചത്.
നെഞ്ചുവേദനയാണെന്ന് അറിയിച്ചിട്ടും ക്യൂവില്‍ നില്‍ക്കാന്‍ പറഞ്ഞെന്നാണ് കുടുംബത്തിന്റെ ആരോപണം. അരമണിക്കൂറോളം ക്യൂവില്‍ നിന്ന ശേഷമാണ് രാജേഷ് കുമാര്‍ കുഴഞ്ഞുവീണത്. കൃത്യസമയത്ത് ചികിത്സ ലഭിക്കാത്തതാണ് മരണകാരണമെന്നും ബന്ധുക്കൾ ആരോപിച്ചു.സംഭവത്തെ തുടര്‍ന്ന് രാജേഷിൻ്റെ ബന്ധുക്കളും ആശുപത്രി അധികൃതരും തമ്മില്‍ വാക്കേറ്റമുണ്ടായി. നടപടി സ്വീകരിക്കാതെ രാജേഷിൻ്റെ മൃതദേഹം ഏറ്റുവാങ്ങില്ലെന്ന നിലപാടിലാണ് ബന്ധുക്കൾ. സംഭവസ്ഥലത്ത് പൊലീസ് എത്തി സ്ഥിതിഗതികള്‍ പരിശോധിക്കുകയാണ്.









