മലപ്പുറം: 23 ദിവസം പ്രായമായ കുഞ്ഞിന്റെ ചേലാകര്‍മ്മത്തില്‍ ഗുരുതരമായ വീഴ്ച വരുത്തിയെന്ന പരാതിയില്‍ നഷ്ടപരിഹാരത്തിന് ഉത്തരവിട്ട് ജില്ലാ ഉപഭോക്തൃ കമ്മീഷൻ. മലപ്പുറത്താണ് സംഭവം നടന്നത്. പെരുമ്പടപ്പിലെ സ്വകാര്യ ആശുപത്രിയും ഡോക്ടറും 50 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്നാണ് ഉപഭോക്തൃ കമ്മീഷൻ്റെ ഉത്തരവ്. കെ മോഹന്‍ദാസ് പ്രസിഡന്റും പ്രീതി ശിവരാമന്‍, മുഹമ്മദ് ഇസ്മായില്‍ സി വി എന്നിവര്‍ അംഗങ്ങളുമായ കമ്മീഷന്റേതാണ് വിധി. 2018 ഏപ്രിലിലാണ് കേസിനാസ്പദമായ സംഭവം നടന്നത്.
ചേലാകര്‍മ്മത്തിന് ശേഷം അണുബാധയേറ്റ് പഴുപ്പ് ബാധിച്ച കുഞ്ഞിനെ തൃശൂര്‍ അമല ആശുപത്രിയിലും തുടര്‍ന്ന് ജൂബിലി മിഷന്‍ ആശുപത്രിയിലും പ്രവേശിപ്പിച്ച് രണ്ടാഴ്ചയോളം തീവ്രപരിചരണത്തിന് വിധേയമാക്കിയിരുന്നു. ഭാവിയില്‍ കൂടുതല്‍ ശസ്ത്രക്രിയകള്‍ ആവശ്യമാണെന്ന് നിര്‍ദ്ദേശിച്ചാണ് കുട്ടിയെ അന്ന് ഡിസ്ചാര്‍ജ് ചെയ്തത്.തുടര്‍ന്ന് ജില്ലാ മെഡിക്കല്‍ ഓഫീസറുടെ നേതൃത്വത്തിലുള്ള വിദഗ്ധ സംഘവും ആരോഗ്യ വിജിലന്‍സും നടത്തിയ അന്വേഷണത്തില്‍, ശസ്ത്രക്രിയയ്ക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ ആശുപത്രിയില്‍ ഇല്ലായിരുന്നുവെന്നും ഡോക്ടറുടെ പരിചയക്കുറവാണ് അണുബാധയ്ക്ക് കാരണമായതെന്നും കണ്ടെത്തിയിരുന്നു. മുന്‍പ് മനുഷ്യാവകാശ കമ്മീഷന്‍ ഇടപെട്ട് താൽക്കാലികാശ്വാസമായി രണ്ട് ലക്ഷം രൂപ നല്‍കാനും സര്‍ക്കാരിനോട് നിര്‍ദ്ദേശിച്ചിരുന്നു.ആശുപത്രിയുടെ ശുചിത്വമില്ലായ്മയും ഉപകരണങ്ങളുടെ അശാസ്ത്രീയമായ ഉപയോഗവും കാരണം കുട്ടിക്ക് ജീവിതകാലം മുഴുവന്‍ അനുഭവിക്കേണ്ടി വരുന്ന ദുരിതം മുന്‍നിര്‍ത്തിയാണ് കമ്മീഷന്റെ കര്‍ശന നടപടി. കുട്ടി അനുഭവിക്കുന്ന ദുരിതത്തിന് നഷ്ടപരിഹാരമായി 25 ലക്ഷം രൂപയും ഭാവിയിലെ ശസ്ത്രക്രിയകള്‍ക്കും ചികിത്സാ ചെലവുകള്‍ക്കുമായി 25 ലക്ഷം രൂപയുമാണ് നല്‍കേണ്ടത്.
കോടതി ചെലവിലേക്ക് 25,000 രൂപയും നല്‍കണം. ഉത്തരവ് കൈപ്പറ്റി ഒരു മാസത്തിനകം ഈ തുക പരാതിക്കാര്‍ക്ക് നല്‍കണമെന്നും നിര്‍ദ്ദേശമുണ്ട്. വീഴ്ച വരുത്തിയാല്‍ പരാതി നല്‍കിയ തീയതി മുതല്‍ ഒന്‍പത് ശതമാനം പലിശ സഹിതം തുക ഈടാക്കുമെന്നും കമ്മീഷന്‍ ഉത്തരവില്‍ വ്യക്തമാക്കുന്നു.









