ന്യൂഡല്‍ഹി: ഓടുന്ന ട്രെയിനിനുള്ളില്‍ ഒരു പൂജാരി പൂജ നടത്തുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍. ഇതുമായി ബന്ധപ്പെട്ട് നിരവധി ആക്ഷേപങ്ങള്‍ ഉയര്‍ന്ന പശ്ചാത്തലത്തില്‍ വിശദീകരണവുമായി ഇന്ത്യന്‍ റെയില്‍വേ രംഗത്തെത്തി. ചടങ്ങുകള്‍ നടന്നത് ഒരു സാധാരണ യാത്രാ കോച്ചിലല്ലെന്നും മറിച്ച് സ്വകാര്യമായി ബുക്ക് ചെയ്ത ഒരു ‘സലൂണ്‍ കാറിനുള്ളില്‍’ ആണെന്നുമാണ് റെയില്‍വേയുടെ വിശദീകരണം.
ട്രെയിന്‍ കോച്ചിന്റെ തറയിലിരുന്ന് പൂജാരി പൂജ നടത്തുന്നതും വെള്ള വസ്ത്രം ധരിച്ച നിരവധി ഭക്തര്‍ ചടങ്ങില്‍ പങ്കെടുക്കുന്നതുമായ വിഡിയോ പ്രചരിച്ചതോടെയാണ് സാമൂഹിക മാധ്യമങ്ങളില്‍ വിഷയം ചര്‍ച്ചയായത്. സുരക്ഷയില്‍ അടക്കം ആശങ്ക രേഖപ്പെടുത്തിയും സംശയങ്ങള്‍ ഉന്നയിച്ചും നിരവധി കമന്റുകളാണ് പ്രത്യക്ഷപ്പെട്ടത്. ഇതിന് പിന്നാലെയാണ് വിശദീകരണവുമായി വടക്കന്‍ റെയില്‍വേ എത്തിയത്.3,08,580 രൂപ മുന്‍കൂറായി നല്‍കി ജൂലൈ 8ന് ഐആര്‍സിടിസി (IRCTC) വഴി ഒരു സംഘം ആളുകള്‍ ഈ സലൂണ്‍ കോച്ച് വാണിജ്യാടിസ്ഥാനത്തില്‍ ബുക്ക് ചെയ്തതാണെന്ന് റെയില്‍വേ പ്രസ്താവനയില്‍ പറഞ്ഞു. ജൂലൈ 10ന് ന്യൂഡല്‍ഹിയില്‍ നിന്ന് മുംബൈയിലേക്ക് സര്‍വീസ് നടത്തുന്ന ട്രെയിന്‍ നമ്പര്‍ 12926 പശ്ചിം എക്‌സ്പ്രസിനൊപ്പം ഈ കോച്ച് ഘടിപ്പിച്ചാണ് ഓടിയത്. പ്രവര്‍ത്തനപരമായ സൗകര്യങ്ങള്‍ക്ക് വിധേയമായി, ഈ സലൂണ്‍ കോച്ചിന്റെ വാണിജ്യ ഓട്ടത്തിന് അനുമതി നല്‍കുകയായിരുന്നുവെന്നും വിശദീകരണത്തില്‍ പറയുന്നു.
‘യാത്രക്കാരുടെ സുരക്ഷ, സുരക്ഷിതത്വം, സൗകര്യം എന്നിവ ഉറപ്പാക്കുക എന്നതാണ് റെയില്‍വേയുടെ പ്രാഥമിക ചുമതല, അതില്‍ യാതൊരു വിട്ടുവീഴ്ചയുമില്ല. ഈ സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല. വീഡിയോയില്‍ കാണുന്ന അഭിഷേകം നടത്തുന്നത് പാര്‍ട്ടി ബുക്ക് ചെയ്ത സലൂണ്‍ കാറിലാണ്,’- റെയില്‍വേയുടെ പ്രസ്താവനയില്‍ പറയുന്നു. ഇതോടെ സാധാരണ ട്രെയിന്‍ സര്‍വീസുകളെ തടസ്സപ്പെടുത്തിയെന്നോ സഹയാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കിയെന്നോ ഉള്ള ഊഹാപോഹങ്ങള്‍ക്ക് വിരാമമായി. എന്നിരുന്നാലും, ഇത്തരം ഒരു ആവശ്യത്തിനായി ഒരു സലൂണ്‍ കോച്ച് മുഴുവനായി സ്വകാര്യമായി ബുക്ക് ചെയ്യാന്‍ സാധിക്കുമോ എന്ന് ചിലര്‍ അത്ഭുതപ്പെട്ടു.









