ഏഴ് വയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസ്; പ്രതി പെൺകുട്ടിയുടെയും സഹോദരന്മാരുടെയും അടുത്ത പരിചയക്കാരൻ

ഗാസിയാബാദ്: ഗാസിയാബാദിലെ രാജ് നഗര്‍ എക്സ്റ്റന്‍ഷനില്‍ ഏഴുവയസുകാരിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. പെണ്‍കുട്ടിയെ പീഡിപ്പിച്ച കൊലപ്പെടുത്തിയ പ്രതികളിലൊരാള്‍ ഇരയ്ക്കും സഹോദരന്മാര്‍ക്കും ഒപ്പം സൗഹൃദം സ്ഥാപിച്ചിരുന്നു. മിക്കപ്പോഴും കുട്ടികള്‍ക്ക് ചിപ്സും മിഠായിയും വാങ്ങി നല്‍കുന്ന പതിവും ഇയാള്‍ക്ക് ഉണ്ടായിരുന്നു എന്നാണ് വിവരം. പ്രദേശത്ത് നിര്‍മ്മാണത്തിലിരിക്കുന്ന കെട്ടിടത്തില്‍ നിന്നാണ് ശനിയാഴ്ച പുലര്‍ച്ചെ കുട്ടിയുടെ മൃതദേഹം ലഭിച്ചത്. പോസ്റ്റ്‌മോര്‍ട്ടത്തില്‍ കുട്ടി പീഡനത്തിന് ഇരയായെന്ന് വ്യക്തമായിരുന്നു. തലയ്‌ക്കേറ്റ പരിക്കായിരുന്നു കുട്ടി മരിക്കാന്‍ കാരണം. കുടുംബത്തിന്റെ പരാതിയിലാണ് പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്.കഴിഞ്ഞ രണ്ടരമാസമായി പ്രതി കെട്ടിടനിര്‍മാണ തൊഴിലാളിയായി ഇവിടെ ജോലി ചെയ്യുന്നുണ്ട്. സിസിടിവി ദൃശ്യങ്ങളില്‍ ഇയാള്‍ സ്‌നാക്കുകളും സോഫ്റ്റ് ഡ്രിങ്ക്‌സും വാങ്ങി നല്‍കാമെന്ന് പറഞ്ഞ് കുട്ടിയെയും കൂട്ടി പോകുന്നത് വ്യക്തമാണ്. വെള്ളിയാഴ്ച വൈകിട്ടോടെയാണ് കുട്ടിയെ കാണാതായത്. കുട്ടിയുടെ മാതാപിതാക്കളും ഇതേ കെട്ടിടത്തിന്റെ നിര്‍മാണ സൈറ്റിലാണ് ജോലി ചെയ്യുന്നത്. പ്രതി കുട്ടിയെ മൂന്നാം നിലയിലെത്തിച്ചാണ് ഉപദ്രവിച്ചത്. തുടര്‍ന്ന് ഇരുമ്പ് കമ്പി ഉപയോഗിച്ച് തലയ്ക്കടിച്ചാണ് കൊലപ്പെടുത്തിയത്. സംഭവം നടന്നിടത്ത് രക്തകറകളും ചുമരില്‍ രക്തതുള്ളികളും ദൃശ്യമാണ്.മരണം ഉറപ്പാക്കിയ ശേഷം പ്രതി കുട്ടിയുടെ മൃതദേഹം മൂന്നാം നിലയിലുള്ള ഷാഫ്റ്റിലൂടെ താഴേക്ക് ഇടുകയായിരുന്നു. കെട്ടിടത്തില്‍ വൈദ്യുതി ഇല്ലാത്തതും പ്രതിക്ക് സഹായകരമായി. പുലര്‍ച്ചെ 1.05നാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. സിസിടിവി ദൃശ്യങ്ങളിലൂടെയാണ് കേസില്‍ രണ്ട് പ്രതികളുണ്ടെന്ന് പൊലീസ് തിരിച്ചറിഞ്ഞത്. ഇതിലൊരാള്‍ പ്രായപൂര്‍ത്തിയാകാത്ത വ്യക്തിയാണ്. കുട്ടിയെ കൊല്ലാന്‍ ഉപയോഗിച്ച ഇരുമ്പ് കമ്പി പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Verified by MonsterInsights