ഹോർമൂസ് കടലിടുക്കിൻ്റെ നിയന്ത്രണം അമേരിക്ക ഏറ്റെടുക്കും:സുരക്ഷ ഉറപ്പാക്കുന്നതിന് പ്രതിഫലം ആവശ്യപ്പെട്ട് ട്രംപ്

വാഷിങ്ടൺ: ഹോർമൂസ് കടലിടുക്കിൻ്റെ നിയന്ത്രണം അമേരിക്ക ഏറ്റെടുക്കുമെന്ന് പ്രഖ്യാപിച്ച് അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്. ഹോർമൂസ് കടലിടുക്കിന്റെ സുരക്ഷ ഉറപ്പാക്കുന്നതിൽ അമേരിക്ക നേരിട്ട് ഇടപെടുമെന്നും അതിനുള്ള ചെലവ് വഹിക്കാൻ മറ്റ് രാജ്യങ്ങൾ പ്രതിഫലം നൽകണമെന്നും ട്രംപ് ആവശ്യപ്പെട്ടിട്ടുണ്ട്. ‘ഞങ്ങളുടെ സൈനികരുടെ ജീവൻ അപകടത്തിലാക്കിക്കൊണ്ട് ഈ സുരക്ഷ ഉറപ്പാക്കുകയാണ്. അതിനാൽ ഈ ചെലവിന് പ്രതിഫലം ലഭിക്കണമെന്ന് മാത്രമാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്’ എന്നാണ് ട്രംപിൻ്റെ പ്രതികരണം. ഹോർമൂസിൽ ഇറാനിയൻ കപ്പലുകൾക്ക് ഏർപ്പെടുത്തിയിരുന്ന ഉപരോധം പുനഃരാരംഭിക്കുമെന്നും ട്രംപ് വ്യക്തമാക്കി.

‘ഇനി ഹോർമുസ് കടലിടുക്ക് ഞങ്ങളാണ് സംരക്ഷിക്കുക. അതിനായി ഞങ്ങൾക്ക് പ്രതിഫലവും ലഭിക്കും’ എന്നാണ് ട്രംപ് വ്യക്തമാക്കിയിരിക്കുന്നത്. ട്രംപിൻ്റെ പ്രഖ്യാപനം അമേരിക്കയുടെ പ്രഖ്യാപിതമായ മുൻനിലപാടിൽ നിന്ന് വ്യത്യസ്തമാണെന്ന വിമർശനവും ഉയരുന്നുണ്ട്. ഹോർമൂസ് കടലിടുക്കിലൂടെ കടന്നുപോകുന്ന കപ്പലുകൾ ഏതെങ്കിലും രാജ്യത്തിനോ സംഘടനയ്ക്കോ ഫീസ് നൽകേണ്ട സാഹചര്യം അംഗീകരിക്കാനാവില്ലെന്ന നിലപാടാണ് ട്രംപ് ഭരണകൂടം തുടർച്ചയായി സ്വീകരിച്ചിട്ടുള്ളത്. ‘ഫീസായാലും ടോളായാലും രണ്ടും ഒരുപോലെയാണ്. ഇത് ഒരു അന്താരാഷ്ട്ര ജലപാതയാണ്. ഈ കടലിടുക്ക് ഉപയോഗിക്കാൻ പണം നൽകണമെന്ന് ലോകത്തിലെ ഒരു രാജ്യവും പിന്തുണയ്ക്കുന്നില്ല’ എന്നായിരുന്നു നേരത്തെ അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ നേരത്തെ പ്രഖ്യാപിച്ചിരുന്നത്.

കഴിഞ്ഞ ജൂൺ 24ന് സമാനമായ ട്രംപും സമാനമായ അഭിപ്രായ പ്രകടനം ട്രംപും നടത്തിയിരുന്നു. ഹോർമൂസ് കടലിടുക്കിലൂടെ സഞ്ചരിക്കുന്ന കപ്പലുകളിൽ നിന്ന് ഏതെങ്കിലും തരത്തിലുള്ള ഫീസ് ഈടാക്കുന്നത് അം​ഗീകരിക്കാനാവാത്തതാണ് എന്നായിരുന്നു ഇറാൻ്റെ നിലപാടിനോടുള്ള ട്രംപിൻ്റെ പ്രതികരണം. എന്നാൽ ഹോർമൂസിൽ തടസ്സരഹിതമായ കപ്പൽഗതാഗതം ഉറപ്പാക്കുന്നതിന് അമേരിക്ക പ്രതിഫലം വാങ്ങാമെന്ന ആശയവും അദ്ദേഹം മുമ്പ് മുന്നോട്ടുവെച്ചിരുന്നു. ’60 ദിവസത്തെ കരാർ കാലയളവിന് മുമ്പോ ശേഷമോ യാതൊരു ടോളും ഉണ്ടാകില്ല. അമേരിക്ക തന്നെ ഏർപ്പെടുത്തുന്നതാണെങ്കിൽ മാത്രമേ അതിന് വ്യത്യാസമുണ്ടാകൂ’ എന്ന് ഇറാനുമായി ധാരണാപത്രം ഒപ്പുവെച്ചതിന് പിന്നാലെ ട്രംപ് പ്രതികരിച്ചിരുന്നു. ‘അവർ ഈടാക്കുന്നതിന് പകരം നമ്മൾ തന്നെ ടോൾ ഈടാക്കുന്നതല്ലേ നല്ലത്? ജയിച്ചത് നമ്മളാണ്. പിന്നെ എന്തുകൊണ്ട് പാടില്ല?’ എന്നായിരുന്നു ഹോർമൂസ് കടലിടുക്ക് ഉപയോഗിക്കുന്ന കപ്പലുകളിൽ നിന്ന് ഇറാൻ ഫീസ് ഈടാക്കാൻ അനുവദിക്കുന്ന തരത്തിലുള്ള കരാർ അംഗീകരിക്കുമോയെന്ന ചോദ്യത്തിന് ട്രംപ് നൽകിയ മറുപടി.ഇറാനെതിരെ കടുത്ത വിമർശനവും ട്രംപ് ഉന്നയിച്ചിരുന്നു. ‘കഴിഞ്ഞ രാത്രി ഞങ്ങൾ അവരെ ശക്തമായി ആക്രമിച്ചു. അവർ ഓരോ തവണ ഡ്രോൺ അയയ്ക്കുമ്പോഴും അതിലും ശക്തമായി തിരിച്ചടിക്കും. ഞങ്ങൾ തമ്മിൽ ഒരു കരാർ പൂർത്തിയായിരുന്നുവെങ്കിലും അത് ലംഘിച്ചത് ഇറാനാണ്. അവർ എല്ലായ്പ്പോഴും കരാറുകൾ ലംഘിക്കുകയാണ്. ഇതുവരെ ഇത്തരത്തിൽ പത്ത് കരാറുകൾ ഉണ്ടായിട്ടുണ്ട്. അതിനാൽ അവർക്കെതിരെ ശക്തമായ നടപടി തുടരും’ എന്നായിരുന്നു ഫോക്സ് ന്യൂസിന് നൽകിയ ടെലിഫോൺ അഭിമുഖത്തിൽ ട്രംപ് പറഞ്ഞത്.

ഞായറാഴ്ച ഇറാനിലെ നൂറുകണക്കിന് സൈനിക ലക്ഷ്യങ്ങൾ ആക്രമിച്ചതിന് പിന്നാലെ അമേരിക്ക തിങ്കളാഴ്ചയും ആക്രമണം തുടർന്നതായി ഇറാനിയൻ സർക്കാർ അനുകൂല മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. തെക്കുപടിഞ്ഞാറൻ ഇറാനിലെ അബദാൻ നഗരത്തിലെ മൂന്ന് സ്ഥലങ്ങളിൽ തിങ്കളാഴ്ച പ്രാദേശിക സമയം ഉച്ചയ്ക്ക് ഏകദേശം 1.45-ഓടെ ആക്രമണം നടന്നതായി തസ്‌നിം വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്യുന്നുണ്ട്. ഈ ആക്രമണത്തിൽ രണ്ടുപേർ കൊല്ലപ്പെടുകയും മൂന്ന് പേർക്ക് പരിക്കേൽക്കുകയും ചെയ്തതായാണ് ഖുസെസ്താൻ പ്രവിശ്യാ ഡെപ്യൂട്ടി ഗവർണറെ ഉദ്ധരിച്ചുള്ള റിപ്പോർട്ട്. തെക്കൻ ഇറാനിലെ ബന്ദർ അബ്ബാസ് നഗരത്തിനും ഖെഷം ദ്വീപിനും സമീപവും ഉച്ചയോടെ സ്‌ഫോടന ശബ്ദങ്ങൾ കേട്ടതായാണ് മെഹർ ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Verified by MonsterInsights