തൊടുപുഴ: ഇടുക്കി ആനച്ചാൽ ചെങ്കുളത്ത് തമിഴ്നാട്ടിൽ നിന്നെത്തിയ വിനോദസഞ്ചാരികളും നാട്ടുകാരും തമ്മിൽ സംഘർഷം. ചെങ്കുളം ഡാമിൽ ബോട്ടിങ്ങിനായി എത്തിയ തമിഴ്നാട്ടിൽ നിന്നുള്ള 45 അംഗ വിനോദസഞ്ചാര സംഘവുമായിട്ടായിരുന്നു തർക്കം. ഹൈഡൽ ടൂറിസത്തിന്റെ ഭാഗമായാണ് ഡാമിൽ ബോട്ടിങ് ഏർപ്പെടുത്തിയത്.
സംഘം ബോട്ടിങിനായി പ്രവേശന ഫീസ് നൽകിയിരുന്നു. എന്നാൽ കനത്ത മഴയെ തുടർന്ന് ബോട്ടിങ് നടത്താൻ സാധിക്കില്ലെന്ന് ജീവനക്കാർ സംഘത്തെ അറിയിച്ചു. തുടർന്ന് പ്രവേശന ഫീസ് തിരികെ ആവശ്യപ്പെട്ടതാണ് തർക്കത്തിന് വഴിവെച്ചത്.
ജീവനക്കാരുമായാണ് തർക്കം തുടങ്ങിയത്. പിന്നീട് വിഷയത്തിൽ നാട്ടുകാരും ഇടപെട്ടതോടെയാണ് സംഘർഷം ഉടലെടുത്തത്. വനിതാ ജീവനക്കാർക്കടക്കം പരിക്കേറ്റതായി പരാതിയുണ്ട്. വിനോദസഞ്ചാരത്തിനു എത്തിയവർ മദ്യ ലഹരിയിലായിരുന്നുവെന്നു നാട്ടുകാരും ആരോപിക്കുന്നു.20 രൂപയാണ് പ്രവേശന ഫീസ്. ഈ പണം തിരികെ നൽകാൻ സാധിക്കില്ലെന്നു ഹൈഡൽ ടൂറിസം അധികൃതർ വ്യക്തമാക്കുന്നു. ബോട്ടിങ് അടക്കമുള്ളവയ്ക്ക് വേറെ പണം നൽകണം.
തെറ്റ് സംഭവിച്ചത് വിനോദസഞ്ചാരികളുടെ ഭാഗത്താണെന്നു നാട്ടുകാർ പറയുന്നു. പ്രവേശന ഫീസ് മാത്രമേ അവർ നൽകിയിട്ടുള്ളു എന്നും മറ്റുള്ളയ്ക്കു പണം ഈടാക്കിയിട്ടില്ലെന്നും നാട്ടുകാർ വ്യക്തമാക്കി.









