പൃഥ്വിരാജ്- വൈശാഖ്- ജിനു എബ്രഹാം കൂട്ടുകെട്ടിലൊരുങ്ങുന്ന ഖലീഫ ഓഗസ്റ്റ് 20 നാണ് ചിത്രം ആഗോള റിലീസായി തീയേറ്ററുകളിലെത്തുന്നത്. മാമ്പറയ്ക്കൽ ആമിർ അലി എന്ന കഥാപാത്രമായാണ് പൃഥ്വിരാജ് ഈ ചിത്രത്തിൽ വേഷമിടുന്നത്. മാമ്പറയ്ക്കൽ അഹമ്മദ് അലി എന്ന കഥാപാത്രമായി ചിത്രത്തിൽ അതിഥി താരമായി മോഹൻലാലും എത്തുന്നുണ്ട്. ഇപ്പോഴിതാ സിനിമയിലെ നായികയെ അവതരിപ്പിച്ചിരിക്കുകയാണ് അണിയറപ്രവർത്തകർ.മാളവിക ശർമ്മ ആണ് സിനിമയിലെ നായികയായി എത്തുന്നത്. അഭിഭാഷക കൂടിയായ മാളവികയും പൃഥ്വിരാജും ഒന്നിച്ചുള്ള ഗാനത്തിന്റെ ലിറിക് വീഡിയോ നാളെ വൈകുന്നേരം ആറ് മണിക്ക് റിലീസ് ചെയ്യും. 2018ൽ റിലീസ് ചെയ്ത തെലുങ്ക് ചിത്രം നെല ടിക്കറ്റിലൂടെ വെള്ളിത്തിരയിൽ എത്തിയ നടിയാണ് മാളവിക ശർമ. രവി തേജ ആയിരുന്നു നായകൻ. കോഫി വിത്ത് കാവൽ എന്ന തമിഴ് ചിത്രത്തിലും മാളവിക അഭിനയിച്ചിട്ടുണ്ട്. 2024ൽ പുറത്തിറങ്ങിയ ഹരോം ഹര എന്ന തെലുങ്ക് പടം ആണ് മാളവിക ശർമയുടെ ഏറ്റവും ഒടുവിലത്തെ ചിത്രം.രണ്ട് ഭാഗങ്ങളായി ഒരുക്കുന്ന ഖലീഫയുടെ രണ്ടാം ഭാഗത്തിൽ മാമ്പറയ്ക്കൽ അഹമ്മദ് അലിയായി മോഹൻലാൽ നായകനായി എത്തും. ആദ്യ ഭാഗത്തിലെ നായകനായ പൃഥ്വിരാജ് സുകുമാരനും ഈ രണ്ടാം ഭാഗത്തിന്റെ താരനിരയിൽ ഉണ്ടാകും. ജിനു ഇന്നോവേഷൻ്റെ ബാനറിൽ ജിനു എബ്രഹാമും സൂരജ് കുമാറും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. സഹനിർമ്മാതാവ് – സിജോ സെബാസ്റ്റ്യൻ. മാസ്സ് സ്റ്റൈലിഷ് ആക്ഷൻ ത്രില്ലറായി ഒരുക്കുന്ന ചിത്രം, ത്രസിപ്പിക്കുന്ന ചേസ് രംഗങ്ങൾ കൊണ്ടും ആക്ഷൻ രംഗങ്ങൾ കൊണ്ടും സമ്പന്നമാണ് .’പ്രതികാരം സുവർണ്ണ ലിപികളാൽ എഴുതപ്പെടും’ എന്നാണ് സിനിമയുടെ ടാഗ്‌ലൈൻ. ‘പോക്കിരി രാജ’യ്ക്കു ശേഷം വൈശാഖും പൃഥ്വിരാജും ഒന്നിക്കുന്ന ഈ ചിത്രം ലണ്ടൻ, ദുബായ്, കേരളം, നേപ്പാൾ എന്നിവിടങ്ങളിലെ വിവിധ ലൊക്കേഷനുകളിൽ ആയാണ് ഒരുക്കുന്നത്. ആദം ജോൺ, ലണ്ടൻ ബ്രിഡ്ജ്, മാസ്റ്റേഴ്സ്, കടുവ എന്നീ സിനിമകൾക്കു ശേഷം ജിനു എബ്രഹാം – പൃഥ്വിരാജ് ടീം ഒന്നിക്കുന്ന ചിത്രം കൂടിയാണിത്.
സസ്പെൻസ് അവസാനിച്ചു, നായികയെ അവതരിപ്പിച്ച് പൃഥ്വിയുടെ ഖലീഫ; ആരാണ് ആ സുന്ദരി?









