മാനന്തവാടിയിൽ 16 കാരിയെ തട്ടിക്കൊണ്ടുപോയ കേസിൽ പ്രതിയുടെ ബന്ധുക്കൾ പോലീസിനെതിരെ രംഗത്ത്

മാനന്തവാടി : മാനന്തവാടിയിൽ 16 വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി എന്ന പേരിൽ പോലീസ് രജിസ്റ്റർ ചെയ്ത കേസ് പൂർണ്ണമായും അടിസ്ഥാനരഹിതമാണെന്ന ആരോപണവുമായി പ്രതികളുടെ ബന്ധുക്കൾ രംഗത്ത്. പെൺകുട്ടിയുടെ അച്ഛനും മാനന്തവാടി പോലീസും ചേർന്ന് കേസ് കെട്ടിച്ചമച്ചതാണെന്ന് ആരോപിച്ച് പ്രതികളിലൊരാളായ അജിത് കുമാറിന്റെ അമ്മ ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകി.

കഴിഞ്ഞ ജൂലൈ 12-ന് രാത്രിയാണ് കേസിനാസ്പദമായ സംഭവം നടന്നതെന്ന് പോലീസ് പറയുന്നു. പെൺകുട്ടിയെ ഭീഷണിപ്പെടുത്തി തട്ടിക്കൊണ്ടുപോയി എന്ന പിതാവിന്റെ പരാതിയിൽ മാനന്തവാടി പോലീസ് ആറുപേരെ അറസ്റ്റ് ചെയ്യുകയും കോടതി ഇവരെ റിമാൻഡ് ചെയ്യുകയും ചെയ്തിരുന്നു. എന്നാൽ, അന്ന് അത്തരത്തിലുള്ള യാതൊരു കുറ്റകൃത്യങ്ങളും
നടന്നിട്ടില്ലെന്നാണ് പ്രതിഭാഗത്തിന്റെ വാദം. സംഭവദിവസം രാത്രി 9 മണിക്ക് പെൺകുട്ടി
തന്റെ സുഹൃത്തായ ജനിലിയയ്ക്കൊപ്പം രക്ഷിതാക്കളുടെ അറിവോടും സമ്മതത്തോടും കൂടിയാണ് ഭക്ഷണം കഴിക്കാൻ പോയതെന്ന് ബന്ധുക്കൾ പറയുന്നു.

തട്ടിക്കൊണ്ടുപോയതിനോ ഭീഷണിപ്പെടുത്തിയതിനോ ഉള്ള തെളിവുകൾ പ്രതികളുടെ ഫോണുകളിൽ നിന്നോ മറ്റോ ലഭിച്ചിട്ടില്ല. കൂടാതെ പെൺകുട്ടിക്ക് നേരെ ശാരീരികമോ മാനസികമോ ആയ അതിക്രമങ്ങളോ നിർബന്ധിച്ച് മദ്യപിപ്പിക്കലോ ഉണ്ടായിട്ടില്ലെന്നും ഇവർ അവകാശപ്പെടുന്നു. ജൂലൈ 13-ന് വാഹനാപകടം നടന്ന വിവരം അറിഞ്ഞിട്ടും വീട്ടുകാർ ആദ്യം പരാതി നൽകിയിരുന്നില്ല. എന്നാൽ അപകടത്തിന് പിന്നാലെ ലഹരി മാഫിയ ബന്ധം ആരോപിച്ച് വാർത്തകൾ വന്നതോടെ, പെൺകുട്ടിക്കെതിരെ നിയമനടപടി ഉണ്ടാകുമോ എന്ന ഭയത്താലാണ് പിതാവ് പിന്നീട് വ്യാജ പരാതി നൽകിയതെന്നാണ് കുടുംബാംഗങ്ങളുടെ ആരോപണം. സംഭവത്തിൽ നിഷ്പക്ഷമായ അന്വേഷണം വേണമെന്നാണ് പ്രതിഭാഗത്തിന്റെ ആവശ്യം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Verified by MonsterInsights