മഴക്കെടുതി: ‘പത്തനംതിട്ട ജില്ലയെ കൂടുതൽ ശ്രദ്ധിക്കും, നാശനഷ്ടമുണ്ടായവരുടെ കാര്യത്തിൽ ഉടനടി തീരുമാനം’

പത്തനംതിട്ട: പത്തനംതിട്ടയിലെ ദുരിതാശ്വാസ ക്യാമ്പ് സന്ദര്‍ശിച്ച് മുഖ്യമന്ത്രി വി ഡി സതീശന്‍. മഴക്കെടുതിയില്‍ നാശനഷ്ടമുണ്ടായ കര്‍ഷകരുടെയും കച്ചവടക്കാരുടെയും കാര്യത്തില്‍ ഉടനടി തീരുമാനം എടുക്കുമെന്ന് ക്യാമ്പ് സന്ദര്‍ശിച്ച മുഖ്യമന്ത്രി ഉറപ്പ് നല്‍കി.

കാര്‍ഷിക മേഖലയിലെ നഷ്ടപരിഹാര തുക സര്‍ക്കാര്‍ വര്‍ധിപ്പിക്കുമെന്നും കച്ചവടക്കാരുടെ കാര്യം നാളത്തെ മന്ത്രിസഭായോഗം പ്രത്യേകം ചര്‍ച്ച ചെയ്യുമെന്നും മുഖ്യമന്ത്രി പറഞ്ഞു. വായ്പ നല്‍കുന്ന കാര്യവും നാളെ ചര്‍ച്ച ചെയ്യും. റാന്നിയിലേക്ക് ആവശ്യമുള്ള എല്ലാ കാര്യങ്ങളും സര്‍ക്കാര്‍ ചെയ്തു തരുമെന്നും അദ്ദേഹം പറഞ്ഞു. വീട് ക്ലീന്‍ ചെയ്യാനുള്ള പതിനായിരം രൂപ എത്രയും വേഗം വിതരണം ചെയ്യുമെന്നും മുഖ്യമന്ത്രി ഉറപ്പ് നല്‍കി.

സര്‍ക്കാര്‍ കൂടെയുണ്ടെന്നും ജനപ്രതിനിധികള്‍ വിളിച്ചാല്‍ വിളിപ്പുറത്ത് ഉണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി. സര്‍ക്കാരിനെക്കൊണ്ട് ചെയ്യാന്‍ കഴിയാവുന്ന എല്ലാ കാര്യങ്ങളും റാന്നിയില്‍ ചെയ്യുമെന്ന് അദ്ദേഹം ക്യാമ്പിലെ ജനങ്ങളോട് പറഞ്ഞു. ദുരിതത്തിന്റെ ആഴം എന്താണെന്ന് എല്ലാവരുടെയും മുഖത്തുനിന്ന് വായിച്ചെടുക്കാന്‍ കഴിയുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.’പ്രളയദുരന്തങ്ങള്‍ ഏറ്റുവാങ്ങുന്ന ജനതയാണ് മലയാളികള്‍. ഏത് സമയത്തും മഴ പെയ്യാവുന്ന സാഹചര്യം ഇവിടെയുണ്ട്. പത്തനംതിട്ടയിലെ പല പ്രദേശങ്ങളും ദുരിതബാധിത പ്രദേശങ്ങളാണ്. മഴക്കെടുതിയില്‍ പത്തനംതിട്ട ജില്ലയെ കൂടുതല്‍ ശ്രദ്ധിക്കും. നദികള്‍ എല്ലാം മണല്‍ നിറഞ്ഞ് കിടക്കുന്നുണ്ട്. മണല്‍ അടിയന്തരമായി നീക്കാനുള്ള നടപടി ഉടന്‍ സ്വീകരിക്കും’; മുഖ്യമന്ത്രി വി ഡി സതീശന്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Verified by MonsterInsights