കൊൽക്കത്ത: അതിർത്തിക്ക് സമീപത്തെ തേയിലത്തോട്ടത്തിൽ നിന്ന് ബംഗാളി കർഷകനെ ബംഗ്ലാദേശ് സ്വദേശികൾ തട്ടിക്കൊണ്ടുപോയതായി ആരോപണം. പശ്ചിമ ബംഗാളിലെ ജൽപായ്ഗുരി ജില്ലയിൽ 35 വയസ്സുകാരനായ തേയില കർഷകനെ ഒരു സംഘം ബംഗ്ലാദേശ് സ്വദേശികൾ തട്ടിക്കൊണ്ടുപോയതായാണ് ആരോപണം. ഇന്ത്യ–ബംഗ്ലാദേശ് അതിർത്തിക്ക് സമീപമുള്ള തേയിലത്തോട്ടത്തിൽനിന്നാണ് ശനിയാഴ്ച കർഷകനെ തട്ടിക്കൊണ്ടുപോയതെന്നാണ് പരാതി ഉയർന്നിരിക്കുന്നത്.
ചൗൽഹതി അതിർത്തി മേഖലയിലെ തസർപാറ ഗ്രാമവാസിയായ ദീപങ്കർ ഗോപെയാണ് തട്ടിക്കൊണ്ടുപോയതെന്നാണ് റിപ്പോർട്ട്. നേരത്തെ അനധികൃതമായി അതിർത്തി കടക്കാൻ ശ്രമിച്ച ബംഗ്ലാദേശ് സ്വദേശിയെ തടഞ്ഞതിന്റെ പ്രതികാരമായാണ് മകനെ തട്ടിക്കൊണ്ടുപോയതെന്നാണ് കുടുംബത്തിന്റെ ആരോപണം.
ഓഗസ്റ്റ് ആറിന് ചൗൽഹതി അതിർത്തിയിൽ മുള്ളുവേലി മുറിച്ച് ഒരു ബംഗ്ലാദേശ് സ്വദേശി ഇന്ത്യയിലേക്ക് കടക്കാൻ ശ്രമിച്ചിരുന്നുവെന്നാണ് പ്രാദേശിക വൃത്തങ്ങളെ ഉദ്ധരിച്ച് ഇന്ത്യാ ടുഡേ റിപ്പോർട്ട് ചെയ്യുന്നത്. ഗ്രാമവാസികളും അതിർത്തി സുരക്ഷാ സേനയായ ബിഎസ്എഫ് ഉദ്യോഗസ്ഥരും ചേർന്ന് ഇയാളെ പിടികൂടി പൊലീസിന് കൈമാറുകയായിരുന്നു. ഇയാൾ അതിർത്തി കടന്നുള്ള കള്ളക്കടത്ത് സംഘവുമായി ബന്ധമുള്ളയാളാണെന്ന് സംശയിക്കുന്നതായി പ്രദേശവാസികൾ പറഞ്ഞതായാണ് റിപ്പോർട്ട്.ഇതിന് പിന്നാലെയാണ് ശനിയാഴ്ച രാവിലെ കീടനാശിനി തളിക്കുന്നതിനായി ദീപങ്കർ ഗോപെ അതിർത്തിക്ക് സമീപമുള്ള തന്റെ തേയിലത്തോട്ടത്തിൽ എത്തിയപ്പോഴാണ് തട്ടിക്കൊണ്ട് പോയതെന്നാണ് പരാതി. മുള്ളുവേലിക്ക് അപ്പുറത്താണ് ഈ തോട്ടം സ്ഥിതി ചെയ്യുന്നത്. ഒറ്റയ്ക്ക് തോട്ടത്തിൽ ജോലി ചെയ്യുന്നതിനിടെ ഏകദേശം 20 പേരടങ്ങുന്ന ബംഗ്ലാദേശ് സംഘം അതിർത്തി കടന്ന് എത്തി ദീപങ്കർ ഗോപെയെ വളഞ്ഞെന്നാണ് ആരോപണം. രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും സംഘം ഇയാളെ കീഴടക്കുകയായിരുന്നു. തുടർന്ന് സംഘം ദീപങ്കർ ഗോപെയെ അന്താരാഷ്ട്ര അതിർത്തി കടത്തി ബംഗ്ലാദേശിലെ പഞ്ചഗഢ് ജില്ലയിലേക്ക് കൊണ്ടുപോയതായാണ് ആരോപണം. ബിഎസ്എഫ് ചർച്ച നടത്തിയെങ്കിലും മോചനം സാധ്യമായിട്ടില്ലെന്നാണ് റിപ്പോർട്ട്.
തട്ടിക്കൊണ്ടുപോയെന്ന വിവരം ലഭിച്ചതിനെ തുടർന്ന് ബിഎസ്എഫ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി ദീപങ്കർ ഗോപെയെ മോചിപ്പിക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചു. സംഭവവുമായി ബന്ധപ്പെട്ട് ബോർഡർ ഗാർഡ് ബംഗ്ലാദേശ് (ബിജിബി) ഉദ്യോഗസ്ഥരുമായി ബിഎസ്എഫ് ഫ്ലാഗ് മീറ്റിംഗും നടത്തി. എന്നാൽ ശനിയാഴ്ച രാത്രി വരെ കർഷകനെ മോചിപ്പിച്ചിരുന്നില്ല. ഇയാൾ ബിജിബിയുടെ കസ്റ്റഡിയിലാണെന്നാണ് റിപ്പോർട്ട്.
അതേസമയം, ദീപങ്കർ ഗോപെയുടേതെന്ന് കരുതുന്ന ഒരു വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ഇന്ത്യൻ അധികൃതർ പിടികൂടിയ ബംഗ്ലാദേശ് സ്വദേശിയെ വിട്ടയച്ചാൽ മാത്രമേ തന്നെ മോചിപ്പിക്കുകയുള്ളൂവെന്ന് വീഡിയോയിൽ ഗോപെ പറയുന്നതായി കാണാം. എന്നാൽ വീഡിയോയുടെ ആധികാരികത സംബന്ധിച്ച സ്ഥിരീകരണം ലഭിച്ചിട്ടില്ലെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. കർഷകനെ സുരക്ഷിതമായി മോചിപ്പിക്കുന്നതിനായി ബിഎസ്എഫ് ബംഗ്ലാദേശ് അധികൃതരുമായി നിരന്തരം ബന്ധപ്പെടുന്നുണ്ട്. സംഭവത്തിന്റെ സാഹചര്യങ്ങൾ വിശദമായി അന്വേഷിച്ചുവരികയാണ്. അതിർത്തി കടന്നുള്ള സംഘടിത കള്ളക്കടത്ത് സംഘങ്ങൾക്ക് സംഭവത്തിൽ പങ്കുണ്ടോയെന്നും അധികൃതർ പരിശോധിക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്.









