കാസർകോട്: ഹൈക്കോടതി വഴി വിവാഹമോചന നടപടികൾ വേഗത്തിലാക്കാമെന്നും ജീവിതത്തിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ പൂജകൾ നടത്താമെന്നും വിശ്വസിപ്പിച്ച് വീട്ടമ്മയുടെ പക്കൽ നിന്നും ലക്ഷങ്ങൾ തട്ടിയെടുത്ത കേസിൽ പ്രതി പിടിയിൽ.
കോട്ടയം ആനിക്കാട് സ്വദേശിയായ ആന്റണി വിൻസെന്റ് ആണ് കാസർഗോഡ് സൈബർ ക്രൈം പൊലീസിന്റെ പിടിയിലായത്. കാസർകോട് ഉദുമ സ്വദേശിയായ സ്ത്രീയുടെ കയ്യിൽ നിന്ന് ആണ് ഇയാൾ പണം തട്ടിയെടുത്തത്.2025 സെപ്റ്റംബർ 17 മുതൽ 2026 ജനുവരി 2 വരെയുള്ള കാലയളവിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഭർത്താവുമായി പിരിഞ്ഞു കഴിയുകയായിരുന്ന സ്ത്രീയെ ഫെയ്സ്ബുക്ക് വഴി പരിചയപ്പെട്ട പ്രതി, ഫോണിലും വാട്സാപ്പ് വഴിയും നിരന്തരം ബന്ധപ്പെട്ട് വിശ്വാസം പിടിച്ചുപറ്റി.
തുടർന്ന് വിവാഹമോചന നടപടികൾ ഹൈക്കോടതി വഴി എളുപ്പത്തിൽ തീർപ്പാക്കി നൽകാമെന്നും, നിലവിലുള്ള ജീവിതപ്രശ്നങ്ങൾക്ക് പ്രത്യേക പൂജകൾ നടത്തിയാൽ പരിഹാരം കാണാമെന്നും വിശ്വസിപ്പിച്ചു. ഇത് മുഖവിലക്കെടുത്ത യുവതിയുടെ വിവിധ ബാങ്ക് അക്കൗണ്ടുകൾ വഴി പലപ്പോഴായി 13,16,731 രൂപ പ്രതി തട്ടിയെടുക്കുകയായിരുന്നു.പരാതിയെ തുടർന്ന് കാസർഗോഡ് സൈബർ ക്രൈം പോലീസ് നടത്തിയ ശാസ്ത്രീയമായ അന്വേഷണത്തിലാണ് കൊല്ലം തെന്മലയിൽ വെച്ച് പ്രതി കുടുങ്ങിയത്. സമൂഹമാധ്യമങ്ങളിലൂടെ സൗഹൃദം സ്ഥാപിച്ച് നടത്തുന്ന ഇത്തരം സാമ്പത്തിക തട്ടിപ്പുകൾക്കെതിരെ പൊതുജനം അതീവ ജാഗ്രത പാലിക്കണമെന്ന് പൊലീസ് മുന്നറിയിപ്പ് നൽകി.കാസർകോട് സൈബർ ക്രൈം പൊലീസ് ഇൻസ്പെക്ടർ (ഇൻചാർജ്) നളിനാക്ഷൻ പി. യുടെ നേതൃത്വത്തിൽ എസ്.ഐ സവ്യസാചി, എ.എസ്.ഐമാരായ രഞ്ജിത്ത് കുമാർ പി. കെ., ദിലീഷ് എം, പ്രശാന്ത്, സിവിൽ പൊലീസ് ഓഫീസർമാരായ സവാദ് അഷ്റഫ്, വിപിൻ, എന്നിവരടങ്ങുന്ന അന്വേഷണ സംഘമാണ് സൈബർ സെല്ലിന്റെ സഹായത്തോടെ പ്രതിയെ പിടികൂടിയത്.









