ദാമ്പത്യ ജീവിതത്തിന്റെ 20-ാം വാർഷിക വേളയിൽ, വീണ്ടും വിവാഹപ്രതിജ്ഞ ചൊല്ലി വിവാഹവാർഷികം ആഘോഷമാക്കിയിരിക്കുകയാണ് താരദമ്പതിമാരായ സൂര്യയും ജ്യോതികയും. മക്കളായ ദിയയുടെയും ദേവിന്റെയും കുടുംബാംഗങ്ങളുടെയും അടുത്ത സുഹൃത്തുക്കളുടെയും സാന്നിധ്യത്തിൽ നടന്ന ലളിതവും മനോഹരവുമായ ഈ ചടങ്ങിന്റെ വിഡിയോയും ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ വൈറലാണ്.
‘ദ് സീക്വൽ’ എന്ന തലക്കെട്ടോടെ ജ്യോതിക പങ്കുവെച്ച വൈകാരിക നിമിഷങ്ങൾ സോഷ്യൽ മീഡിയ ഏറ്റെടുത്തുകഴിഞ്ഞു. “ദ് സീക്വൽ – 20 വർഷത്തെ സ്നേഹവും പോരാട്ടവും ആഘോഷമാക്കി മാറ്റി വീണ്ടും ഒരു പ്രതിജ്ഞ’ എന്നാണ് വിഡിയോയ്ക്ക് ജ്യോതിക നൽകിയ അടിക്കുറിപ്പ്. വെസ്റ്റേൺ സ്റ്റൈലിൽ ആയിരുന്നു സൂര്യയും ജ്യോതികയും തങ്ങളുടെ 20-ാം വിവാഹവാർഷികം ആഘോഷിച്ചത്.
വിദേശത്ത് വച്ച് നടന്ന ചർച്ച് വെഡ്ഡിങിലൂടെയായിരുന്നു ഈ മനോഹരനിമിഷം അവർ പുനരവതരിപ്പിച്ചത്. മകളുടെ കൈ പിടിച്ചാണ് സൂര്യ ചടങ്ങ് നടക്കുന്ന വേദിയിലേക്ക് എത്തിയത്. ജ്യോതിക എത്തിയത് മകൻ ദേവിന്റെ കൈ പിടിച്ചാണ്. വെളുത്ത ഗൗണിൽ വധുവായി ഒരുങ്ങി എത്തിയ ജ്യോതികയെ കണ്ടതും സൂര്യയുടെ കണ്ണുകളിൽ ആനന്ദ കണ്ണീർ നിറഞ്ഞു. സഹോദരൻ കാർത്തിയും ചടങ്ങിൽ സന്നിഹിതനായിരുന്നു.
ദ് സീക്വൽ: 20 വർഷത്തെ ഞങ്ങളുടെ പ്രണയത്തിന്റെയും പോരാട്ടങ്ങളുടെയും ആഘോഷമായൊരു പ്രതിജ്ഞ പുതുക്കൽ. അല്ല, ഇതൊരു തികഞ്ഞ ദാമ്പത്യത്തിന്റെ ആഘോഷമല്ല. ഇത് അപൂണതകളുടെ, വിട്ടുവീഴ്ചകളുടെ, പരസ്പരം മനസ്സിലാക്കലുകളുടെ, ത്യാഗങ്ങളുടെ, നിസ്വാർഥമായി സ്നേഹിക്കുന്നതിന്റെ ആഘോഷമാണ്. ഇത് ഞങ്ങളുടെ ആഘോഷമാണ്.
ഞങ്ങൾക്ക് വേണ്ടി ഞങ്ങൾ മാറിയതിന്റെയും പരസ്പരം ചേർന്ന് വളർന്ന മനുഷ്യരുടേയും ആഘോഷം. എത്ര വിചിത്രമാണ്… ഒരിക്കൽ യാഥാർഥ്യത്തിൽ നിന്ന് ഏറെ അകലെയാണെന്ന് തോന്നിയ ഒരു സ്വപ്നം. ഇന്ന് എന്റെ ജീവിതകാലം മുഴുവൻ സ്വപ്നം കണ്ടു കൊണ്ടിരിക്കാൻ ഞാൻ ആഗ്രഹിക്കുന്ന ഒരു യാഥാർഥ്യമായി മാറിയിരിക്കുന്നു. അതുകൊണ്ട് ഇതാ എന്റെ വാഗ്ദാനങ്ങൾ… ഞാൻ സന്തോഷവതിയായിരിക്കുമെന്ന് വാഗ്ദാനം ചെയ്യുന്നു.
കാരണം ജീവിതത്തിന്റെ നല്ല വശം മാത്രം കാണാനാണ് ഞാൻ തിരഞ്ഞെടുക്കുന്നത്. ഞാൻ ജീവിതത്തെ ആഘോഷിക്കുമെന്ന് വാഗ്ദാനം ചെയ്യുന്നു. കാരണം, നീ സ്നേഹിക്കുന്ന പുരുഷൻ നിന്നെ അവനിലും ഉപരിയായി ബഹുമാനിക്കുമ്പോൾ ജീവിതം ഒരു സമ്മാനം തന്നെയാണ്. ഞാൻ ഒരിക്കലും പരാതിപ്പെടില്ലെന്ന് വാഗ്ദാനം ചെയ്യുന്നു. ഞാൻ എന്തിനാണ് പരാതിപ്പെടുന്നത് ?. ആകാശത്തിന് പോലും ഭൂമിയെ തൊടാൻ കഴിയുന്നില്ലല്ലോ! ചുറ്റും നോക്കൂ, നിലനിൽക്കുന്നതെല്ലാം അപൂർണമാണ്.
നമ്മൾ വിടവുകൾ എങ്ങനെ നികത്തുന്നു എന്നതിലാണ് കാര്യം. ഞാൻ നന്ദിയുള്ളവളായിരിക്കുമെന്ന് വാഗ്ദാനം ചെയ്യുന്നു. എല്ലാ പ്രഭാതങ്ങളിലും എന്നെ സംരക്ഷിക്കുന്ന ഒരു പുരുഷന്റെ കരങ്ങളിൽ ഉണരാൻ കഴിയുന്നു, ഒപ്പം എന്റെ ജീവിതത്തിന് അർഥം നൽകിയ ജീവിക്കാനുള്ള ഒരു കാരണമായി മാറിയ എന്റെ മനോഹരമായ മക്കളാലും ഞാൻ ആരോഗ്യത്തോടെ ജീവിക്കുമെന്ന് വാഗ്ദാനം ചെയ്യുന്നു.
കാരണം ജീവിതത്തിൽ നമ്മൾ യഥാർഥത്തിൽ സമ്പാദിക്കുന്ന ഒരേയൊരു സമ്പത്ത് ആരോഗ്യമാണല്ലോ. എത്ര മനോഹരമായ ഇഷ്ടിക വീടുകളായാലും അവയ്ക്കും ചോർച്ചകളും ചിതലുകളും അറ്റകുറ്റപ്പണികളും എപ്പോഴും ആവശ്യമായി വരും. ഞാൻ ഏറ്റവും നല്ല അമ്മയായിരിക്കുമെന്ന് വാഗ്ദാനം ചെയ്യുന്നു. ഞാൻ പാചകം ചെയ്യുന്നതു കൊണ്ടോ വീട് വൃത്തിയാക്കുന്നതു കൊണ്ടോ കുട്ടികളെ സഹായിക്കുന്നതു കൊണ്ടോ മാത്രമല്ല.
എന്റെ മുഖത്തെ ഒരു പുഞ്ചിരി കണ്ട് ഒരിക്കൽ അവരുടെ അപ്പയും അമ്മയും ജീവിച്ച ആ പ്രണയകഥ വീണ്ടും വീണ്ടും അനുഭവിച്ചറിയാൻ എന്റെ മക്കൾ ആഗ്രഹിക്കുന്ന തരത്തിലുള്ള ഒരു പുഞ്ചിരിയാകണം അത്. എന്റെ സൂര്യാ… ഞാൻ വാഗ്ദാനം ചെയ്യുന്നു. എപ്പോഴും ആ അപൂർണയായ ഭാര്യയായി തന്നെ തുടരുമെന്ന്. നിന്നോട് പിണങ്ങുകയും വഴക്കിടുകയും പിന്നെ ഇണങ്ങുകയും ചെയ്യുന്ന… ഓരോ തവണയും അതിലൂടെ നിന്നോട് കുറച്ചുകൂടി അടുത്തുകൊണ്ടേയിരിക്കുന്ന ആ ഭാര്യയായി.
എല്ലാത്തിനുമുപരി നമ്മുടെ സൗഹൃദത്തെ ഞാൻ എന്നും ചേർത്തുപിടിക്കുമെന്ന് വാഗ്ദാനം ചെയ്യുന്നു. കാരണം ഒരേ ഒരാളിൽ തന്നെ നമുക്ക് തുല്യനായ ഒരാളെയും മനസ് തുറന്ന് സംസാരിക്കാവുന്ന വിശ്വസ്തനെയും നമ്മുടെ എല്ലാ വിശേഷങ്ങളും പങ്കിടുന്ന ഗോസിപ്പ് പങ്കാളിയെയും ഏറ്റവും അടുത്ത സുഹൃത്തിനെയും കണ്ടെത്തുക എന്നത് അത്ര സാധാരണമായ കാര്യമല്ല.അതും ആ ഒരാൾ നിങ്ങളുടെ ഭർത്താവും നിങ്ങളുടെ മക്കളുടെ അച്ഛനും കൂടിയാകുമ്പോൾ അതിലും വലിയൊരു ഭാഗ്യം വേറെയില്ല. അങ്ങനെ ഞങ്ങളുടെ അടുത്ത ഇരുപത് വർഷങ്ങൾക്കായി… അപൂർണതകളുള്ള ഞങ്ങൾ… പക്ഷേ പരസ്പരം പൂർണമായി മനസിലാക്കുന്ന ഞങ്ങൾ”.- ജ്യോതിക കുറിച്ചു.






