ആന്റോയുടെ അറസ്റ്റിന് തടസ്സമില്ല; ഓഫീസില്‍ നിന്ന് 6300 ഡോളറും വിദേശ എടിഎമ്മുകളും പിടിച്ചെടുത്തു

കൊച്ചി: റിപ്പോര്‍ട്ടര്‍ ചാനലിന്റെ ഓഫീസില്‍ എസ്‌ഐടി നടത്തിയ പരിശോധനയില്‍ ഡോളര്‍ കണ്ടെടുത്തതായി റിപ്പോര്‍ട്ട്. കൂടുതല്‍ കാര്യങ്ങള്‍ പരിശോധിച്ചുവരികയാണെന്ന് പൊലീസ് അറിയിച്ചു. വിദേശ ബാങ്കുകളുടെ എടിഎം കാര്‍ഡുകളടക്കം കണ്ടെടുത്തിട്ടുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ആന്റോ അഗസ്റ്റിന്റെ വയനാട്ടിലെ വീട്ടില്‍ 13 മണിക്കൂറോളമാണ് എസ്‌ഐടി പരിശോധന നടത്തിയത്. മൊബൈല്‍ ഫോണ്‍, ലാപ്‌ടോപ്, പെന്‍ഡ്രൈവ്, സി.ഡി. എന്നിവ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.

വീട്ടില്‍ മദ്യം കണ്ടെത്തിയ സംഭവത്തില്‍ ആന്റോയെ അറസ്റ്റു ചെയ്യുന്നതിനു തടസ്സമില്ലെന്ന് എക്‌സൈസിലെ ഉന്നത ഉദ്യോഗസ്ഥര്‍ പറഞ്ഞു. വയനാട് എക്‌സൈസ് ഡപ്യൂട്ടി കമ്മിഷണര്‍ക്ക് ഇതു സംബന്ധിച്ച നിര്‍ദേശം നല്‍കി. റെയ്ഡിനിടെ 67 ലിറ്റര്‍ മദ്യവും കണ്ടെടുത്തിരുന്നു. അതില്‍ 43 ലിറ്റര്‍ വിദേശ നിര്‍മ്മിത മദ്യമാണ്. കൂടാതെ വൈനും കണ്ടെടുത്തിട്ടുണ്ട്.

മുഖ്യമന്ത്രിക്കെതിരായ വ്യാജ വിവാഹ ആരോപണത്തില്‍ റിപ്പോര്‍ട്ടര്‍ ചാനല്‍ ഉടമ ആന്റോ അഗസ്റ്റിനെ ഒന്നാം പ്രതിയാക്കി പൊലീസ് കേസെടുത്തിട്ടുണ്ട്.തിരുവനന്തപുരം സിറ്റി പൊലീസ് കമ്മിഷണറുടെ നിര്‍ദേശപ്രകാരം ആന്റോയ്ക്കും അജ്ഞാതരായ രണ്ടു പേര്‍ക്കുമെതിരെയാണ് സൈബര്‍ പൊലീസ് എഫ്ഐആര്‍ റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കോണ്‍ഗ്രസ് നേതാവ് രാജു പി.നായര്‍ സംസ്ഥാന പൊലീസ് മേധാവിക്കു നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണു നടപടി. കേസ് കളമശേരി പൊലീസിനു കൈമാറി. കേസില്‍ ആന്റോയെ ഉടന്‍ ചോദ്യം ചെയ്യുമെന്നാണ് സൂചന.

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Verified by MonsterInsights