കല്‍പ്പറ്റ: റിപ്പോര്‍ട്ടര്‍ ടിവി മേധാവി ആന്റോ അഗസ്റ്റിന്റെ വാഴവറ്റയിലുള്ള വീട്ടില്‍ നിന്നും വന്‍ വിദേശമദ്യ ശേഖരം കണ്ടെത്തിയ സംഭവത്തില്‍ അബ്കാരി നിയമ പ്രകാരം ജാമ്യമില്ലാ വകുപ്പ് പ്രകാരം എക്‌സൈസ് കേസെടുത്തു. കേസിലെ ഒന്നാം പ്രതിയാണ് അഗസ്റ്റിന്‍. കേസില്‍ കൂടുതല്‍ പ്രതികളെ ഉള്‍പ്പെടുത്തണമോയെന്നത് വിശദമായ അന്വേഷണത്തിന് ശേഷം തീരുമാനിക്കും.എസ്.ഐ.ടി അന്വേഷണ ഉദ്യോഗസ്ഥന്‍ എ സി പി സി.കെ ബിജോയ് ചന്ദ്രന്റെ നിര്‍ദ്ദേശപ്രകാരം വയനാട് റ്രൈകം ബ്രാഞ്ച് ഡി.വൈ.എസ്.പി പി. ഷൈജുവിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് മദ്യം കണ്ടെത്തിയത്. തുടര്‍ന്ന് കല്‍പ്പറ്റ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ടി. ഷറഫുദ്ദീനും സംഘവും സ്ഥലത്തെത്തിയാണ് മദ്യകുപ്പികള്‍ കസ്റ്റഡിയിലെടുത്ത് തുടര്‍ നടപടികള്‍ സ്വീകരിച്ചത്.44 ലിറ്ററോളം വിദേശ നിര്‍മ്മിത വിദേശ മദ്യവും, 5 ലിറ്ററോളം വിദേശ നിര്‍മ്മിത വൈന്‍, അഞ്ചര ലിറ്റര്‍ കേരള നിര്‍മ്മിത വൈന്‍, 750 മില്ലിയുടെ ഒരു ഇന്ത്യന്‍ മിലിറ്ററി മദ്യം, 13 ലിറ്ററോളം ഗാര്‍ഹിക നിര്‍മ്മിത വൈന്‍ മുതലായവയാണ് കണ്ടെത്തിയിരിക്കുന്നതെന്ന് എക്‌സൈസ് അധികൃതര്‍ പറഞ്ഞു.







