‘വോട്ട് മോഷണം, സർക്കാർ മോഷണം, ഇപ്പോൾ പാർട്ടി മോഷണം’; തൃണമൂലിന്റെ പേരും ചിഹ്നവും മരവിപ്പിച്ചതിൽ രാഹുൽ ഗാന്ധി

ന്യൂഡല്‍ഹി: തൃണമൂല്‍ കോണ്‍ഗ്രസിന്റെ പേരും ചിഹ്നവും മരവിപ്പിച്ച തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടിക്ക് എതിരെ ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. ‘വോട്ട് മോഷണം, സര്‍ക്കാര്‍ മോഷണം ഇപ്പോള്‍ പാര്‍ട്ടി മോഷണം’ എന്ന് പറഞ്ഞ് എക്‌സിലൂടെയായിരുന്നു രാഹുല്‍ ഗാന്ധി വിമര്‍ശനം ഉന്നയിച്ചത്. പ്രതിപക്ഷ പാര്‍ട്ടികളെ തകര്‍ക്കാന്‍ ബിജെപിയും തെരഞ്ഞെടുപ്പ് കമ്മീഷനും ഒത്തുകളിക്കുകയാണ്. പോരാട്ടം മമത ബാനര്‍ജിയുടെ മാത്രമല്ല, സ്വതന്ത്രവും നീതിയുക്തവുമായ തെരഞ്ഞെടുപ്പ് ആഗ്രഹിക്കുന്ന എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുടെയും ഓരോ വോട്ടര്‍മാരുടെയും പോരാട്ടമാണിതെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.’ആദ്യം ശിവസേന, പിന്നെ എന്‍സിപി, ഇപ്പോള്‍ തൃണമൂല്‍ കോണ്‍ഗ്രസ്. പ്രതിപക്ഷ പാര്‍ട്ടികളെ തകര്‍ക്കാന്‍ ബിജെപിയും തെരഞ്ഞെടുപ്പ് കമ്മീഷനും. തെരഞ്ഞെടുപ്പ് ചിഹ്നം അവര്‍ എടുത്തുകളയുകയാണ്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഭരണഘടനാപരമായ ഉത്തരവാദിത്വം ജനവിധി സംരക്ഷിക്കുക എന്നതാണ്. എന്നാല്‍ ജനങ്ങളുടെ തീരുമാനങ്ങളെ അട്ടിമറിക്കുന്ന ശക്തികളെ സഹായിക്കുന്ന നിലപാടാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ സ്വീകരിക്കുന്നത്’, രാഹുല്‍ ഗാന്ധി വിമർശിച്ചു.തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടിക്കെതിരെ എഐസിസി ജനറല്‍ സെക്രട്ടറിയും എംപിയുമായ കെ സി വേണുഗോപാലും രംഗത്തെത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഗ്യാനേഷ് കുമാര്‍ നല്‍കിയ ജന്മദിന സമ്മാനമാണ് നടപടിയെന്ന് കെ സി വേണുഗോപാല്‍ പറഞ്ഞു. ബിജെപിയുടെ പാവ എന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വീണ്ടും വീണ്ടും തെളിയിക്കുകയാണ്. ജനാധിപത്യത്തെ നശിപ്പിക്കാനുള്ള ഉപകരണമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ മാറി. പാര്‍ട്ടിയുടെ ചിഹ്നവും പേരും ഉടന്‍ മടക്കി നല്‍കണം എന്നും കെ സി വേണുഗോപാല്‍ ആവശ്യപ്പെട്ടു.

വ്യാഴാഴ്ചയായിരുന്നു തൃണമൂല്‍ കോണ്‍ഗ്രസിനെതിരായ തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടിയുണ്ടായത്. തൃണമൂല്‍ കോണ്‍ഗ്രസിന്റെ പേരും ചിഹ്നവും ഉപയോഗിക്കുന്നതിന് മമത ബാനര്‍ജി നയിക്കുന്ന ഔദ്യോഗിക വിഭാഗത്തിനും ഋതബ്രത ബാനര്‍ജി നയിക്കുന്ന വിമത വിഭാഗത്തിനും വിലക്കേര്‍പ്പെടുത്തുകയായിരുന്നു. പാര്‍ട്ടിയുടെ അവകാശത്തര്‍ക്കത്തിലായിരുന്നു തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇടക്കാല ഉത്തരവിറക്കിയത്. പുതിയ പേരും ചിഹ്നവും തെരഞ്ഞെടുക്കാന്‍ മമത-ഋതബ്രത വിഭാഗങ്ങള്‍ക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശം നല്‍കുകയും ചെയ്തിരുന്നു.

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Verified by MonsterInsights