കാറുകളെ കുറിച്ച് അറിയാത്തവരായി ആരും തന്നെ കാണില്ല. പക്ഷേ കാറിൻ്റെ എല്ലാ കാര്യങ്ങളും അരച്ച് കലക്കി കുടിച്ചവരാണ് എല്ലാവരും എന്ന് പറയാൻ കഴിയില്ല. ഓരോ ദിവസവും പുതിയ പുതിയ അറിവുകളും കാര്യങ്ങളും നമ്മൾ മനസിലാക്കി കൊണ്ട് ഇരിക്കുകയാണല്ലോ. അത്തരത്തിലൊരു കാര്യം നിങ്ങളുമായി പങ്ക് വയ്ക്കുന്നത്. കാറിൻ്റെ ടയർ എല്ലാവരും കണ്ടിട്ടുണ്ട്. പക്ഷേ ടയറിൻ്റെ സൈഡിൽ കുറച്ച് നമ്പറുകൾ എഴുതിയിരിക്കുന്നത് ശ്രദ്ധിച്ചിട്ടുണ്ടോ. ഇല്ലെങ്കിൽ ഇനിയാണെങ്കിലും ശ്രദ്ധിക്കാം കേട്ടോ.
അപ്പോൾ കാര്യത്തിലേക്ക് വരാം. ടയറിൻ്റെ സ്പെസിഫിക്കേഷനാണ് സൈഡിൽ നൽകിയിരിക്കുന്നത്. അതായത് ടയറിൻ്റെ വ്യത്യസ്തമായ അളവുകളാണ് സൂചിപ്പിക്കുന്നത്. ഉദാഹരത്തിന് 165/80/R14 85T എന്ന അളവ് ഒരു ടയറിൽ കാണുകയാണെങ്കിൽ ആദ്യം നൽകിയിരിക്കുന്ന 165 എന്ന നമ്പർ സൂചിപ്പിക്കുന്നത് ടയറിൻ്റെ സെക്ഷൻ വിഡ്ത്തിനെയാണ് അതായത് ടയറിൻ്റ വീതി. 165 എന്ന അളവ് മില്ലിമീറ്ററിലാണ് കണക്കാക്കുന്നത്. ഇനി അറിയാനുളളത് 80 എന്ന നമ്പർ എന്തിനെയാണ് സൂചിപ്പിക്കുന്നത് എന്നാണ്.
80 എന്ന നമ്പർ സൂചിപ്പിക്കുന്നത് ടയറിൻ്റെ ആസ്പെക്ട് റേഷിയോ(Aspect Ratio) ആണ്. ടയറിൻ്റെ സെക്ഷൻ ഹൈറ്റ്, അതായത് ഉയരത്തെയാണ് അർത്ഥമാക്കുന്നത്. ടയർ പ്രൊഫൈൽ എന്നും ഈ നമ്പറിനെ വിളിക്കാം. ഇതിൽ 80 എന്ന് പറയുന്നത് 80 മില്ലിമീറ്റർ ആണെന്ന് വിചാരിക്കരുത്. 165 എന്നതിൻ്റെ 80 ശതമാനമാണ് ടയറിൻ്റെ സെക്ഷൻ ഹൈറ്റ്. 165 -ൻ്റെ 80 ശതമാനം എന്ന് പറയുന്നത് 132 ആണ്. 132 മില്ലിമീറ്ററാണ് ടയറിൻ്റെ സെക്ഷൻ ഹൈറ്റ്.
അടുത്തതായി R എന്ന അക്ഷരം കൊണ്ട് സൂചിപ്പിക്കുന്നത് ടയറിൻ്റെ നിർമാണത്തെയാണ്. അതായത് റേഡിയൽ ടയറാണോ ബയസ്(Bias) ടയറാണോ എന്നാണ് സൂചിപ്പിക്കുന്നത്. ഏവും കൂടുതൽ റേഡിയൽ ടയറുകളാണ് ഉപയോഗിക്കുന്നത്. അടുത്തത് 14 എന്ന രണ്ടക്കം സൂചിപ്പിക്കുന്നത് വീലിൻ്റെ ഡയമീറ്ററിനെയാണ്. അതായത് 14 ഇഞ്ചുളള വീലിന് യോജിക്കുന്ന ടയറാണ് ഇത് എന്നാണ് അർത്ഥമാക്കുന്നത്. അത് പോലെ തന്നെ അടുത്ത അളവ് എന്ന് പറയുന്നത് 85 എന്നതാണ്. 85 കൊണ്ട് സൂചിപ്പിക്കുന്നത് ലോഡ് ഇൻഡക്സ് ആണ്. അതായത് ടയറിൽ മുഴുവൻ പ്രഷറിൽ കാറ്റ് നിറച്ച് നിൽക്കുമ്പോൾ എത്ര മാത്രം ഭാരം താങ്ങാൻ സാധിക്കും എന്നാണ് സൂചിപ്പിക്കുന്നത്.
85 എന്ന് കണ്ടാൽ അതിന് 515 കിലോഗ്രാം വരെ താങ്ങാൻ സാധിക്കും എന്ന് മനസിലാക്കുക. 100 എന്നാണ് കാണുന്നതെങ്കിൽ 800 കിലോഗ്രാം വരെ താങ്ങാൻ സാധിക്കും. ഇപ്പോഴത്തെ ടയറുകളിലെല്ലാം ടയറിന് താങ്ങാൻ കഴിയുന്ന ഭാരത്തിൻ്റെ അളവ് വളരെ വ്യക്തമായി തന്നെ കൊടുത്തിട്ടുണ്ട്. അത് കൊണ്ട് തന്നെ ഒരു ആശയക്കുഴപ്പം ഉണ്ടാവില്ല. അവസാനമായി T എന്ന അക്ഷരം സൂചിപ്പിക്കുന്നത് ടയറിൻ്റെ സ്പീഡ് ഇൻഡക്സിനെയാണ്. അതായത് എത്രമാത്രം വേഗതയിൽ ഈ ടയർ ഉപയോഗിച്ച് പോകാം എന്നാണ് സൂചിപ്പിക്കുന്നത്. അതിനുമപ്പുറം പോയാൽ ടയർ പെട്ടെന്ന് തേയ്മാനം സംഭവിക്കാൻ സാധ്യതയുണ്ട്. T എന്നാണ് ടയറിൽ കൊടുത്തിരിക്കുന്നതെങ്കിൽ ടയറിൻ്റെ പരമാവധി വേഗം മണിക്കൂറിൽ 190 കിലോമീറ്ററാണ്. അതേ സമയം H എന്നാണ് കൊടുത്തിരിക്കുന്നതെങ്കിൽ ടയറിൻ്റെ പരമാവധി വേഗം മണിക്കൂറിൽ 210 കിലോമീറ്റർ എന്നാണ്. അതേ പൊലെ തന്നെ ഓർക്കേണ്ട മറ്റൊരു കാര്യമാണ് ടയർ പ്രഷർ. എപ്പേആഴും വാഹന നിർമാതാക്കൾ പറയുന്ന അളവിൽ മാത്രം വായു നിറയ്ക്കാൻ ശ്രമിക്കുക. അതാണ് ടയറിൻ്റെ ലൈഫിന് നല്ലത്. വാഹനമോടിക്കുമ്പോൾ പാലിക്കേണ്ട അടിസ്ഥാന കാര്യങ്ങളിൽ ഒന്നാണിത്. അമിതവേഗത കൊണ്ട് ഞങ്ങൾ അർത്ഥമാക്കുന്നത് ടയറിന്റെ റേറ്റുചെയ്ത വേഗത കവിയുക എന്നല്ല, മറിച്ച് ഓരോ റോഡിന്റെയും വേഗത പരിധിയ്ക്ക് ഉള്ളിൽ ഉറച്ചുനിൽക്കുക എന്നതാണ്. പ്രത്യേകിച്ച് കോൺക്രീറ്റ് റോഡുകളിലും ഹൈവേകളിലും.
ഓരോ ടയറിനും കാലാവധിയുമുണ്ട് കേട്ടോ. ടയർ നിർമിച്ച വർഷം മുതൽ 5 അല്ലെങ്കിൽ 6 വരെയാണ് ഒരു നല്ല ടയറിൻ്റെ കാലാവധി. വിദേശരാജ്യങ്ങളിൽ അധികം പഴക്കം ചെന്ന ടയറുകൾ അല്ലെങ്കിൽ നിശ്ചിത കാലാവധി കഴിഞ്ഞ ടയറുകൾ വിൽക്കാൻ പാടില്ല എന്നാണ് നിയമം, പക്ഷേ നമ്മുടെ നാട്ടിൽ അത്തരത്തിലൊരു നിയമം ഇതുവരെ ഇല്ല.