ചിത്രങ്ങള്‍ ഓര്‍മ്മകളാണ്. ഒരു യാത്രയ്ക്കിടയില്‍ എടുത്ത സെല്‍ഫി ആയാലും, പ്രിയപ്പെട്ടവരുടെ വിവാഹ ഫോട്ടോ ആയാലും അതിനോടെല്ലാം ബന്ധപ്പെട്ട് നിരവധി ഓര്‍മ്മകള്‍ ഉണ്ടായിരിക്കും. ജീവിതത്തില്‍ എപ്പൊഴെങ്കിലും ഒറ്റപ്പെട്ടു എന്ന് തോന്നുന്ന വേളയില്‍ ഊര്‍ജ്ജം പകരാന്‍ ഉതകുന്ന ഓര്‍മ്മകള്‍. ആ ഓര്‍മ്മകളെ ആയിരുന്നു നമ്മള്‍ സൂക്ഷിക്കുവാനായി ഗൂഗിളിനെ ഏല്‍പിച്ചത്.
എന്നാല്‍, വിലപ്പെട്ട പല ചിത്രങ്ങളും, അവ പകര്‍ന്ന് നല്‍കുന്ന സ്മരണകളും അധികം വൈകാതെ നഷ്ടമായേക്കും. ഈയാഴ്ച്ച ഗൂഗിള്‍ പ്രഖ്യാപിച്ച ചില മാറ്റങ്ങള്‍ കാരണമാണത്. നിങ്ങളുടെ ഗൂഗിള്‍ അക്കൗണ്ടിലൂടെ ആക്സസ് ചെയ്യാവുന്ന ആല്‍ബം ആര്‍ക്കൈവ് നിര്‍ത്തലാക്കുകയാണെന്നാണ് ഗൂഗിള്‍ പറഞ്ഞത്. ആല്‍ബം ആര്‍ക്കൈവ് ഒരിക്കലും ഗൂഗിള്‍ ഡ്രൈവിന്റെ ഭാഗമല്ല. അത് തികച്ചും വ്യത്യസ്തമായ ഒരു വിഭാഗമായിരുന്നു. സ്വന്തമായി വെബ്പേജുള്ള അവിടെ നിങ്ങള്‍ക്ക് ഫോട്ടോകള്‍ കാണാനും, ഡൗണ്‍ലോഡ് ചെയ്യാനും, ഡിലീറ്റ് ചെയ്യാനുമൊക്കെ കഴിയുമായിരുന്നു.
ഗൂഗിളിന്റെ പുതിയ തീരുമാനം നിങ്ങളെ ബാധിക്കുമെങ്കില്‍, നിങ്ങളുടെ ഡാറ്റ ജൂലായ് 19 ന് മുന്‍പായി ഡൗണ്‍ലോഡ് ചെയ്യണം എന്നാവശ്യപ്പെട്ട് നിങ്ങള്‍ക്ക് ഈമെയില്‍ സന്ദേശം ലഭിക്കും. അതിനായി, നിങ്ങളുടെ ഡാറ്റ ഒരു സിപ് ഫയലില്‍ ഡൗണ്‍ ലോഡ് ചെയ്യുവാന്‍ സഹായിക്കുന്ന എക്സ്പോര്‍ട്ട് ടൂള്‍ ആയ ഗൂഗിള്‍ ടേക്ക്ഔട്ട് ഉപയോഗിക്കാവുന്നതാണ്.
നിങ്ങള്‍ അടുത്തിടെ ആല്‍ബം ആര്‍ക്കൈവ് സന്ദര്‍ശിച്ചതിനാലോ അല്ലെങ്കില്‍ നിങ്ങളുടെ ഡാറ്റകള്‍ അതില്‍ ശേഖരിച്ചിരിക്കുന്നതിനാലോ ആണ് ഈ സന്ദേശം ലഭിക്കുന്നതെന്ന് ഗൂഗിള്‍ വിശദീകരിക്കുന്നു. ജൂലായ് 19 ന് ശേഷം ആല്‍ബം ആര്‍ക്കൈവ് പേജ് ലഭ്യമല്ലാത്തതിനാല്‍ അതിന് മുന്‍പായി നിങ്ങളുടെ ഫോട്ടോകള്‍ ഡൗണ്‍ലോഡ് ചെയ്ത് സൂക്ഷിക്കുക.
നിങ്ങള്‍ ആല്‍ബം ആര്‍ക്കൈവ് പേജില്‍ പോയാല്‍, ഇക്കാര്യം അറിയിച്ചുകൊണ്ട് ഒരു പോപ് അപ് പ്രത്യക്ഷപ്പെടും. അതിലെ ഗോ ടു ടേക്ക്ഔട്ട് എന്ന ഓപഷനില്‍ ക്ലിക്ക് ചെയ്താല്‍, ക്രിയേറ്റ് എ ന്യു എക്സ്പോര്‍ട്ട് എന്ന ഓപ്ഷന്‍ ലഭിക്കും. പിന്നെ തുടര്‍ച്ചയായി നെക്സ് ബട്ടണ്‍ ക്ലിക്ക് ചെയ്യുക. അപ്പോള്‍ നിങ്ങളുടെ ചിത്രങ്ങള്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ തയ്യാറാണെന്ന ഈമെയില്‍ സന്ദേശം നിങ്ങള്‍ക്ക് ലഭിക്കും. അത് ഡൗണ്‍ ലോഡ് ചെയ്യുവാന്‍ പിന്നീട് കേവലം ഒരാഴ്ച്ച മാത്രമെ നിങ്ങള്‍ക്ക് ലഭിക്കുകയുള്ളു.