രാജ്യത്ത് എഴുപത്തിയേഴാം സ്വാതന്ത്ര്യദിന ആഘോഷങ്ങൾക്ക് മുന്നോടിയായുള്ള ഒരുക്കങ്ങൾ അവസാന ഘട്ടത്തിൽ. പ്രധാന ചടങ്ങുകൾ നടക്കുന്ന ചെങ്കോട്ടയിൽ ഇന്നും വിവിധ സേനാവിഭാഗങ്ങളുടെ റിഹേഴ്സലുകൾ നടക്കും. ഇന്ത്യ – പാക്കിസ്ഥാൻ വിഭജനത്തിന്‍റെ മുറിവുകളുടെ ഓർമദിനമായി ആചരിക്കാൻ ഇന്ന് കേന്ദ്രസർക്കാർ നിർദേശം നല്കിയിട്ടുണ്ട്. ദില്ലിയിലുൾപ്പടെ വിവിധ സംസ്ഥാനങ്ങളിലായി പ്രദർശനങ്ങളും സെമിനാറുകളും കേന്ദ്രസർക്കാർ സംഘടിപ്പിക്കുന്നുണ്ട്. രാഷ്ട്രപതി ദ്രൗപതി മുർമു വൈകീട്ട് രാജ്യത്തെ അഭിസംബോധന ചെയ്യും. ഈ വർഷത്തെ വിവിധ പൊലീസ് മെഡലുകളും, സേനാ മെഡലുകളും ഇന്ന് പ്രഖ്യാപിക്കും.
സാമൂഹിക മാധ്യമങ്ങളിലെ മുഖചിത്രം ഇന്ത്യൻ പതാക ആക്കാൻ ആഹ്വാനവുമായി പ്രധാനമന്ത്രി
സ്വാതന്ത്ര്യദിനത്തിന് മുന്നോടിയായി രാജ്യത്തെ ജനങ്ങളോട് സാമൂഹിക മാധ്യമങ്ങലിലെ മുഖചിത്രം ഇന്ത്യൻ പതാക ആക്കാൻ ആഹ്വാനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്നലെ രംഗത്തെത്തിയിരുന്നു. എല്ലാത്തരം സാമൂഹിക മാധ്യമങ്ങളിലെ അക്കൗണ്ടുകളിലും മുഖചിത്രം ഇന്ത്യന്‍ പതാകയാക്കി മാറ്റണമെന്നാണ് പ്രധാനമന്ത്രി ആഹ്വാനം ചെയ്തത്. ഹര്‍ ഖര്‍ തിരംഗ ആശയത്തിന് ശക്തി പകരണം. രാജ്യവും നമ്മുളം തമ്മിലുള്ള ബന്ധം ഊട്ടിയുറപ്പിക്കാന്‍ ഈ അവസരം പ്രയോജനപ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സാമൂഹിക മാധ്യമങ്ങളിലെ മുഖചിത്രം ഇന്ത്യൻ പതാക ആക്കാൻ ആഹ്വാനം നൽകിയതിന് പിന്നാലെ സ്വന്തം അക്കൗണ്ടിലെ മുഖചിത്രം പ്രധാനമന്ത്രി മാറ്റിയിട്ടുണ്ട്. ദേശീയ പതാകയുടെ ചിത്രമാണ് മോദി സ്വന്തം അക്കൗണ്ടുകളിലെ മുഖചിത്രമാക്കിയിട്ടുള്ളത്. പ്രധാനമന്ത്രിയുടെ ആഹ്വാനം ഏറ്റെടുത്ത് നിരവധിപേർ സാമൂഹിക മാധ്യമങ്ങളിലെ മുഖചിത്രം ഇന്ത്യൻ പതാക ആക്കിയിട്ടുണ്ട്. ഇന്ന് കൊണ്ട് ഏവരും ഈ ആഹ്വാനം ഏറ്റെടുക്കുമെന്നാണ് കേന്ദ്ര സർക്കാർ വിലയിരുത്തൽ.
രാജ്യ തലസ്ഥാനത്ത് സുരക്ഷ ശക്തം
സ്വാതന്ത്ര്യദിനാഘോഷങ്ങൾക്ക് മുന്നോടിയായി കനത്ത സുരക്ഷയിൽ രാജ്യം. ചെങ്കോട്ടയിൽ മെയ്തെയ് – കുക്കി വിഭാഗക്കാരുടെ പ്രതിഷേധത്തിന് സാധ്യതയുണ്ടെന്ന മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ പരിശാധന ശക്തമാക്കി. പ്രധാന നഗരങ്ങളിലെല്ലാം നിരീക്ഷണം ശക്തമാണ്. വിവിധ അർദ്ധസൈനിക വിഭാഗങ്ങളുടെ നിരീക്ഷണം, നഗരത്തിലെങ്ങും പരിശോധന, തന്ത്രപ്രധാന മേഖലകളിലെല്ലാം ത്രിതല സുരക്ഷാ വിന്യാസം എന്നിവ സജ്ജമാക്കിയിട്ടുണ്ട്.