രാത്രികാലങ്ങളില്‍ വിയര്‍ക്കുന്നത് അസാധാരണകാര്യമൊന്നുമല്ല, പ്രത്യേകിച്ച് ചൂടുകാലത്ത്. പക്ഷേ ചൂടല്ലാതെ, മറ്റ് പല കാരണങ്ങള്‍ കൊണ്ടും വിയര്‍പ്പുണ്ടാകാം. ഉദാഹരണത്തിന് സ്‌ട്രെസ്സ്, ദേഷ്യം, അല്ലെങ്കില്‍ മറ്റെന്തിലും വികാരങ്ങള്‍ കൊണ്ട് അമിതമായി വിയര്‍ക്കാം. എരിവ് കൂടുതലുള്ള ഭക്ഷണങ്ങള്‍ കഴിക്കുമ്പോഴും മദ്യമോ കഫീന്‍ കൂടുതലുള്ള പാനീയങ്ങളോ കുടിക്കുമ്പോഴുമെല്ലാം ആളുകള്‍ അമിതമായി വിയര്‍ക്കുന്നത് ഒരുപക്ഷേ നിങ്ങള്‍ ശ്രദ്ധിച്ചിട്ടുണ്ടാകും. എന്നാല്‍ ഇക്കാരണങ്ങള്‍ കൊണ്ടൊന്നുമല്ലാതെ, രാത്രിയില്‍ അമിതമായി വിയര്‍ക്കുന്നത് അര്‍ബുദമുള്‍പ്പെടെ ചില രോഗങ്ങളുടെ ലക്ഷണമാകാം. വസ്ത്രങ്ങളും കിടക്കവിരിയും നനഞ്ഞുപോകുന്ന തരത്തിലുള്ള വിയര്‍പ്പ് രാത്രികാലങ്ങളില്‍ അനുഭവപ്പെടുന്നുണ്ടങ്കില്‍ കരുതിയിരിക്കുക, ശരീരത്തില്‍ അര്‍ബുദം വളരുന്നതിന്റെ ഒരു സൂചനയാകാം അതെന്ന് അര്‍ബുദ രോഗ വിദഗ്ധര്‍ പറയുന്നു.
അര്‍ബുദം കാരണമുള്ള രാത്രികാലങ്ങളിലെ അമിത വിയര്‍ക്കലിന്റെ യഥാര്‍ത്ഥ കാരണം ഇപ്പോഴും അജ്ഞാതമാണ്. എങ്കിലും, ശരീരം അര്‍ബുദകോശങ്ങള്‍ക്കെതിരെ പോരാടുന്നതിന്റെയും ഹോര്‍മോണുകളുടെ അളവുകളിലുള്ള ഏറ്റക്കുറച്ചിലിന്റെയും ഫലമാകാം രാത്രികാലങ്ങളിലെ അമിത വിയര്‍ക്കല്‍ എന്ന് വിശ്വസിക്കപ്പെടുന്നു. മാത്രമല്ല, അര്‍ബുദമുള്ളപ്പോള്‍ സാധാരണയായി ശരീരതാപനില വളരെയധികം ഉയരാറുണ്ട് (ഹൈപ്പര്‍തെര്‍മിയ). അതും രാത്രികാല വിയര്‍പ്പിന്റെ കാരണമാകാം. കൂടാതെ, കീമോതെറാപ്പി പോലുള്ള അര്‍ബുദ ചികിത്സകള്‍ കൊണ്ടുണ്ടാകുന്ന പനി മൂലവും രാത്രി ശരീരം അമിതമായി വിയര്‍ക്കാറുണ്ടെന്ന് അര്‍ബുദരോഗവിദഗ്ധര്‍ പറയുന്നു.
രാത്രികാലങ്ങളില്‍ വിയര്‍പ്പ് ഏത് തരം അര്‍ബുദത്തിന്റെ ലക്ഷണമാകാം
രാത്രികാലങ്ങളില്‍ അമിത വിയര്‍പ്പിന് കാരണമാകുന്ന ചില അര്‍ബുദങ്ങള്‍ ഇവയാണ്.
ലിംഫോമ
അസുഖങ്ങള്‍ക്കെതിരെ പോരാടാന്‍ നമ്മളെ സഹായിക്കുന്ന ലിംഫ് വ്യവസ്ഥയില്‍ ഉണ്ടാകുന്ന അര്‍ബുദമാണ് ലിംഫോമ. ഹോഡ്ഗ്കിന്‍ ലിംഫോമ, നോണ്‍-ഹോഡ്ഗ്കിന്‍ ലിംഫോമ എന്നിവയ്ക്ക് സാധാരണയായി കാണുന്ന ലക്ഷണമാണ് അമിത വിയര്‍ക്കല്‍. പനി, ഭാരം കുറയല്‍ എന്നിവയും ഈ അര്‍ബുദത്തിന്റെ ലക്ഷണങ്ങളാണ്. ‘B’ ലക്ഷണങ്ങള്‍ എന്നാണ് ഇവ അറിയപ്പെടുന്നത്.
രക്താര്‍ബുദം
രക്തകോശങ്ങള്‍ക്കുണ്ടാകുന്ന അര്‍ബുദമാണ് രക്താര്‍ബുദം(ലുക്കൂമിയ). അക്യൂട്ട് ലുക്കീമിയയുടെ ഒരു ലക്ഷണമാണ് രാത്രിയിലെ വിയര്‍ക്കല്‍. വളരെ പെട്ടെന്നുണ്ടാകുന്ന അര്‍ബുദമാണിത്.
മെലനോമ
ത്വക്കിനുണ്ടാകുന്ന ഒരു തരം അര്‍ബുദമാണ് മെലനോമ. ശരീരത്തിലെവിടെയും മെലനോമ ഉണ്ടാകാം. സാധാരണയായി മെലനോമ കാരണം വിയര്‍പ്പനുഭവപ്പെടല്‍ കുറവാണെങ്കിലും, അര്‍ബുദം മറ്റ് ശരീരഭാഗങ്ങളിലേയ്ക്ക് പടര്‍ന്നാല്‍ മെലനോമയും രാത്രികാലങ്ങളിലെ അമിതവിയര്‍ക്കലിന് കാരണമാകും.
സ്തനാര്‍ബുദം, പ്രോസ്‌റ്റേറ്റ്, ശ്വാസകോശാര്‍ബുദം
സ്ത്രീകളില്‍ ഏറ്റവുമധികം കാണപ്പെടുന്ന സ്തനാര്‍ബുദം, പുരുഷന്മാരില്‍ ഏറ്റവുമധികം കാണപ്പെടുന്ന പ്രോസ്‌റ്റേറ്റ് ക്യാന്‍സര്‍, സ്ത്രീകളിലും പുരുഷന്മാരിലും ഒരുപോലെ ഏറ്റവുമധികം മരണങ്ങള്‍ക്കിടയാക്കുന്ന ശ്വാസകോശാര്‍ബുദം എന്നിവ സാധാരണയായി രാത്രികാലങ്ങളില്‍ വിയര്‍പ്പ് ഉണ്ടാക്കില്ലെങ്കിലും ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലേക്ക് പടര്‍ന്നാല്‍ ഇവ മൂലം രാത്രിയില്‍ അമിത വിയര്‍പ്പ് ഉണ്ടാകാം. ചിലപ്പോഴെല്ലാം വൃക്ക, തൈറോയിഡ് എന്നിവയ്ക്കുണ്ടാകുന്ന അര്‍ബുദങ്ങളിലും രാത്രികാലങ്ങളില്‍ അമിത വിയര്‍ക്കല്‍ ഉണ്ടാകാറുണ്ട്.
മള്‍ട്ടിപ്പിള്‍ മൈലോമ
രോഗങ്ങള്‍ക്കെതിരെ പോരാടാന്‍ ശരീരത്തെ സഹായിക്കുന്ന വെളുത്ത രക്താണുക്കളായ പ്ലോസ്മ കോശങ്ങള്‍ക്കുണ്ടാകുന്ന അര്‍ബുദമാണ് മള്‍ട്ടിപ്പിള്‍ മൈലോമ.സാധാരണയായി മള്‍ട്ടിപ്പിള്‍ മൈലോമ രോഗികളില്‍ രാത്രിയില്‍ അമിത വിയര്‍ക്കല്‍ ഉണ്ടാകാറുണ്ട്.
എന്തുകൊണ്ടാണ് ചില അര്‍ബുദങ്ങള്‍ രാത്രിയില്‍ അമിത വിയര്‍ക്കലിന് കാരണമാകുന്നതെന്ന് ഇനിയും വൈദ്യശാസ്ത്രത്തിന് പൂര്‍ണ്ണമായി മനസ്സിലാക്കാന്‍ കഴിയാത്ത ഒരു കാര്യമാണ്. ഒരുപക്ഷേ, അര്‍ബുദ കോശങ്ങള്‍ പുറത്തുവിടുന്ന പദാര്‍ത്ഥങ്ങള്‍ ശരീര താപനില ഉയര്‍ത്തുന്നതാകാം വിയര്‍ക്കലിലേയ്ക്ക് നയിക്കുന്നതെന്ന് കരുതപ്പെടുന്നു.