ഇന്ത്യയുടെയും സൗദിയുടെയും വൈദ്യുതി ഗ്രിഡുകൾ കടലിനടിയിലൂടെ കേബിൾ വഴി ബന്ധിപ്പിക്കുന്നത് ‘ഒരു ലോകം, ഒരു ഗ്രിഡ്’ എന്ന ഇന്ത്യയുടെ വിശാല സ്വപ്നത്തിന്റെ ചുവടുവയ്പ്പുകളിൽ ഒന്നാണ്. ഇന്നലെ സൗദിയും ഇന്ത്യയും ഒപ്പിട്ട ധാരണാപത്രങ്ങളിൽ പ്രധാനമാണിത്. സോളർ, വൈദ്യുതി അടക്കമുള്ള പുനരുപയോഗ ഊർജം വിവിധ രാജ്യങ്ങൾ തമ്മിൽ പങ്കുവയ്ക്കാനുള്ള ‘വൺ സൺ, വൺ വേൾഡ്, വൺ ഗ്രിഡ്’ (ഒസോവോഗ്) പദ്ധതിയുടെ ഭാഗമാണിത്. ധാരണാപത്രം യാഥാർഥ്യമാകുന്നതോടെ സൗദിയും ഇന്ത്യയും ഉൽപാദിപ്പിക്കുന്ന പുനരുപയോഗ ഊർജം പരസ്പരം പങ്കുവയ്ക്കാം.
3 ഘട്ടമായാണ് ‘ഒസോവോഗ്’ നടപ്പാക്കുന്നത്. ഗൾഫ്, ദക്ഷിണേഷ്യ, ദക്ഷിണ പൂർവേഷ്യ എന്നിവിടങ്ങളിലെ രാജ്യങ്ങളുമായി ഗ്രിഡ് ബന്ധിപ്പിക്കുകയാണ് ആദ്യഘട്ടം. രണ്ടാം ഘട്ടത്തിൽ ആഫ്രിക്കയിലേക്കും മൂന്നാം ഘട്ടത്തിൽ അവിടെ നിന്ന് മറ്റു രാജ്യങ്ങളിലേക്കുമുള്ള കണക‍്ടിവിറ്റി ലക്ഷ്യം.സൗദിയുമായുള്ള ബന്ധിപ്പിക്കൽ ആദ്യഘട്ടം മാത്രം. കണക്ടിവിറ്റി വർധിക്കുന്നതോടെ പുനരുപയോഗ കൊടുക്കൽ വാങ്ങലുകൾ കൂടുതൽ കാര്യക്ഷമമാകും.
പീക് ലോഡുള്ള രാജ്യത്തേക്ക് ലോഡ് കുറവുള്ള രാജ്യത്തു നിന്നു വൈദ്യുതി എത്തിക്കാം. കേബിൾ ഇടുന്നതിനുള്ള ചെലവ് രാജ്യങ്ങൾ പരസ്പരം വഹിക്കും. പുനരുപയോഗ ഊർജം, ഗ്രീൻ ഹൈഡ്രജൻ, എനർജി സ്റ്റോറേജ്, മേഖലയിലെ ഡിജിറ്റൽ സഹകരണം അടക്കമുള്ളവയിലും സഹകരണത്തിന് സൗദിയുമായി ധാരണയായിട്ടുണ്ട്.