റിലയന്‍സ് ജിയോയുടെ പുതിയ വയര്‍ലെസ് ഇന്റര്‍നെറ്റ് സേവനമായ ജിയോ എയര്‍ ഫൈബര്‍ സെപ്റ്റംബര്‍ 19 ന് ആരംഭിക്കും. വീടുകളിലും ഓഫീസുകളിലും ഇന്റര്‍നെറ്റ് കണക്റ്റിവിറ്റിയ്ക്കായി ഉപയോഗിക്കാന്‍ സാധിക്കുന്ന പോര്‍ട്ടബിള്‍ വയര്‍ലെസ് ഇന്റര്‍നെറ്റ് സേവനം ആണിത്. 1.5 ജിബിപിഎസ് വരെ വേഗമാണ് ഇത് വാഗ്ദാനം ചെയ്യുന്നത്. കഴിഞ്ഞ വര്‍ഷത്തെ റിലയന്‍സ് ഇന്‍ഡ്‌സ്ട്രീസിന്റെ വാര്‍ഷിക പൊതു യോഗത്തില്‍ വെച്ചാണ് ജിയോ എയര്‍ഫൈബര്‍ ആദ്യം പ്രഖ്യാപിച്ചത്. ഈ വര്‍ഷത്തെ ഗണേശ ചതുര്‍ത്ഥി ദിനത്തില്‍ സേവനം ആരംഭിക്കുമെന്ന് 2023 ജൂണില്‍ നടന്ന വാര്‍ഷിക പൊതുയോഗത്തില്‍ വെച്ച് മുകേഷ് അംബാനി പ്രഖ്യാപിച്ചിരുന്നു.
പാരന്റല്‍ കണ്‍ട്രോള്‍, വൈഫൈ-6 പിന്തുണ, ഇന്റഗ്രേറ്റഡ് സെക്യൂരിറ്റി ഫയര്‍വാള്‍ ഉള്‍പ്പടെയാണ് പുതിയ സേവനം എത്തുക
സാധാരണ ജിയോ ഫൈബര്‍ ഇന്റര്‍നെറ്റ് സേവനവും ജിയോ എയര്‍ഫൈബറും തമ്മിലുള്ള വ്യത്യാസം എന്ത്?
5ജി സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള അതിവേഗ ഇന്റര്‍നെറ്റ് കണക്റ്റിവിറ്റി വാഗ്ദാനം ചെയ്യുന്ന പുതിയ വയര്‍ലെസ് ഇന്റര്‍നെറ്റ് സേവനമാണ് ജിയോ എയര്‍ ഫൈബര്‍. സാധാരണ ഫൈബര്‍ ഒപ്റ്റിക് സേവനങ്ങള്‍ക്കൊപ്പം നില്‍ക്കുന്ന ഡാറ്റാ വേഗതയാണ് ഇത് വാഗ്ദാനം ചെയ്യുന്നത്. 1.5 ജിബിപിഎസ് വരെ വേഗത ഇതില്‍ ആസ്വദിക്കാനാവും.
ഇത് വളരെ എളുപ്പം ഉപയോഗിച്ച് തുടങ്ങാനാവുമെന്ന് ജിയോ പറയുന്നു. ജിയോ എയര്‍ഫൈബര്‍ ഉപകരണം ഒരു പ്ലഗ്ഗില്‍ കണക്ട് ചെയ്ത് ഓണ്‍ ചെയ്താല്‍ മാത്രം മതി. അപ്പോള്‍ ഒരു വൈഫൈ ഹോട്ട്‌സ്‌പോട്ട് ലഭ്യമാവും. ഇതില്‍ കണക്ട് ചെയ്ത് ജിയോയുടെ ട്രൂ 5ജി ആസ്വദിക്കാം.
ഫൈബര്‍ കേബിളുകള്‍ ഇതിന് വേണ്ട. വയര്‍ലെസ് സിഗ്നലുകള്‍ ഉപയോഗിച്ചാണ് ഇത് ഇന്റര്‍നെറ്റ് കണക്റ്റിവിറ്റി ലഭ്യമാക്കുന്നത്. ജിയോ ടവറുകളില്‍ നിന്നുള്ള സിഗ്നലുകള്‍ ലഭിക്കുന്ന ഇടമായിരിക്കണം എന്ന് മാത്രം. പഴയ ജിയോഫൈ ഹോട്ട്‌സ്‌പോട്ടിന്റെ 5ജി പതിപ്പാണ് ഇതെന്ന് പറയാം.
ജിയോ ഫൈബറിന് സെക്കന്റില്‍ ഒരു ജിബിയാണ് പരമാവധി വേഗമെങ്കില്‍ ജിയോ എയര്‍ഫൈബറില്‍ സെക്കന്റില്‍ 1.5 ജിബി വേഗമാണ് വാഗ്ദാനം ചെയ്യുന്നത്. എന്നാല്‍ ജിയോ ടവറില്‍ നിന്നുള്ള റേഞ്ചിന്റെ അടിസ്ഥാനത്തില്‍ യഥാര്‍ത്ഥ വേഗത്തില്‍ മാറ്റങ്ങള്‍ വരും.
ഫൈബര്‍ കേബിളുകള്‍ വീടുകളിലും ഓഫീസുകളിലും എത്തിച്ചാണ് ജിയോ ഫൈബര്‍ സേവനം ലഭ്യമാവുക. എന്നാല്‍ ജിയോ എയര്‍ ഫൈബര്‍ ഉപകരണം വാങ്ങി ജിയോ ടവര്‍ റേഞ്ചുള്ള എവിടെ വേണമെങ്കിലും പ്ലഗ്ഗില്‍ കണക്റ്റ് ചെയ്ത് ഉപയോഗിച്ച് തുടങ്ങാം.
6000 രൂപയാണ് ഇതിന് വില. ഇത് ജിയോ ഫൈബര്‍ ബ്രോഡ്ബാന്‍ഡ് സേവനത്തേക്കാള്‍ കൂടുതലാണ്. ഇതിന് ഒരു പോര്‍ട്ടബിള്‍ ഉപകരണം ഉള്ളതാണ് അതിനുള്ള പ്രധാനകാരണം.