ഏതാനും ദിവസങ്ങൾക്ക് മുമ്പായിരുന്നു മെക്‌സിക്കോയിൽ അന്യഗ്രഹജീവികളുടേതാണെന്ന അവകാശവാദമുയർത്തി ശവശരീരത്തിന്റെ ഫോസിലുകൾ പ്രദർശിപ്പിച്ചത്. ഇത്തരത്തിൽ രണ്ട് ഫോസിലുകളായിരുന്നു മെക്സിക്കൻ കോൺഗ്രസിൽ പ്രദർശിപ്പിച്ചത്. ഇതിന് പിന്നാലെ അന്യഗ്രഹജീവികളുടെ ഫോസിലുകൾ ലഭിച്ചുവെന്ന വാദം ശക്തമാകാൻ തുടങ്ങി. ഇത് ജനങ്ങളെ വിഡ്ഢികളാക്കുന്ന വാദമാണെന്ന വിമർശനവും ഉയർന്നു. ഇതോടെ വാദങ്ങൾക്ക് മറുപടിയെന്നോണം ശാസ്ത്രജ്ഞർ പരിശോധന നടത്താനും ആരംഭിച്ചു.
2017ൽ പെറുവിലെ കുസ്‌ക്കോയിൽ നിന്നും കണ്ടെടുത്ത ഫോസിലുകൾ പ്രദർശിപ്പിച്ചതിൽ ക്രിതൃമ ഇടപെടലുകൾ ഇല്ലെന്നായിരുന്നു ഗവേഷകരുടെ കണ്ടെത്തൽ. അന്യഗ്രഹജീവികളുടേതെന്ന് തോന്നിപ്പിച്ചത് ഫോസിലുകളുടെ തലയോട്ടിയായിരുന്നു. ഈ തലയോട്ടി വെച്ചുപിടിപ്പിച്ചതാണെന്നായിരുന്നു വിമർശനം. എന്നാൽ ഗവേഷകരുടെ കണ്ടെത്തൽ പ്രകാരം ഈ തലയോട്ടി ഫോസിലിൽ കൂട്ടിച്ചേർത്തതല്ലെന്ന് പറയുന്നു. മാത്രവുമല്ല, ഫോസിലിൽ യാതൊരു തരത്തിലുള്ള ക്രിതൃമവും നടത്തിയിട്ടില്ലെന്നാണ് ശാസ്ത്രജ്ഞർ തറപ്പിച്ചു പറയുന്നത്.
അതായത്, മെക്സിക്കൻ കോൺഗ്രസിൽ ഫോസിലുകൾ പ്രദർശിപ്പിച്ചുകൊണ്ട് മാദ്ധ്യമപ്രവർത്തകനായ ജെയിം മൗസൻ നടത്തിയ വാദങ്ങളെ പിന്തുണയ്‌ക്കുന്നതാണ് ഗവേഷകരുടെ റിപ്പോർട്ട്. മെക്‌സിക്കൻ നാവികസേനയുടെ ഹെൽത്ത് സയൻസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടറായ ജോസ് സാൽസെയാണ് ഇതറിയിച്ചത്. ഗർഭാവസ്ഥയിലാകാം പ്രസ്തുത വ്യക്തി/അന്യഗ്രഹജീവി മരിച്ചതെന്നാണ് ഫോസിലിന്റെ ശരീരത്തിലെ മുഴ സൂചിപ്പിക്കുന്നതെന്നും ജോസ് സാൽസെ പറഞ്ഞു. താരതമ്യേന വളരെ കുറഞ്ഞ അളവിൽ മാത്രം ഭൂമിയിലുള്ള കാഡ്മിയം, ഓസ്മിയം എന്നീ ഘടകങ്ങളെയും ഫോസിലിൽ നിന്നും കണ്ടെത്താൻ കഴിഞ്ഞിട്ടുണ്ട്. നീളത്തിലുള്ള തല, ഓരോ കൈകളിലും മൂന്ന് വീതം വിരലുകൾ എന്നിവയും ഈ ഫോസിലിന്റെ പ്രത്യേകതയാണ്. അവയിൽ നിന്നും കണ്ടെത്തിയ ഡിഎൻഎയ്‌ക്ക് മനുഷ്യന്റെ പരിണാമവുമായി യാതൊരു ബന്ധവുമില്ലെന്നും മൂന്നിലൊന്ന് ഡിഎൻഎയും തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ലെന്നും ഗവേഷകർ വ്യക്തമാക്കി. കണ്ടെത്തൽ പുനഃപരിശോധനയ്‌ക്ക് വിധേയമാക്കണമെന്ന വാദവും ചില ശാസ്ത്രജ്ഞർ ഉന്നയിച്ചിട്ടുണ്ട്.